ഇന്ത്യയെയും ആപ്പിളിനെയും ഞെട്ടിച്ചുകൊണ്ട് ആപ്പിളിന്റെ ഇന്ത്യയിലെ റീട്ടെയില്‍ സ്റ്റോറുകള്‍ കോടികള്‍ വാരുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഇന്ത്യയില്‍ ആപ്പിളിന് രണ്ട് റീട്ടെയില്‍ സ്റ്റോറുകള്‍ മാത്രമാണ് ഉള്ളത്. ഈ രണ്ട് സ്റ്റോറുകളില്‍ നിന്നുമായി ഏതാണ്ട് 44-50 കോടി രൂപയുടെ പ്രതിമാസ വില്‍പ്പന നടന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയുമായുള്ള ആപ്പിളിന്റെ ബന്ധത്തില്‍ പുതിയൊരു ചരിത്ര ഏട് എഴുതിച്ചേര്‍ത്തുകൊണ്ട് ആളും ആരവങ്ങളുമായി ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോറായ ആപ്പിള്‍ ബികെസി(മുംബൈ) 2023 ഏപ്രില്‍ 18 നാണ് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടാമത്തെ റീട്ടെയില്‍ സ്റ്റോറായ ആപ്പിള്‍ സാകേത് (ഡല്‍ഹി) ഏപ്രില്‍ 20ന് ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആപ്പിള്‍ സിഇഒ ടിം കുക്ക് നേരിട്ടെത്തിയാണ് ഇന്ത്യയിലെ ഈ രണ്ട് റീട്ടെയില്‍ സ്റ്റോറുകളും ഒരു ദിവസത്തെ ഇടവേളയില്‍ ഉദ്ഘാടനം ചെയ്തത്. മികവിന്റെയും പ്രൗഡിയുടെയും പര്യായമായ ജനപ്രിയ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നേരിട്ടെത്തി വാങ്ങാനും പരിചയപ്പെടാനും മുംബൈയിലെയും ഡല്‍ഹിയിലെയും ആപ്പിള്‍ സ്റ്റോറുകള്‍ ഇന്ത്യക്കാര്‍ക്ക് അ‌വസരമൊരുക്കുന്നു.

വിപുലമായ ഉല്‍പ്പന്നങ്ങളുടെ സമ്ബന്നശേഖരവുമായി തങ്ങളുടെ റീട്ടെയില്‍ സ്റ്റോറിന്റെ വാതില്‍ ഇന്ത്യക്കാര്‍ക്കായി തുറന്നുനല്‍കിയ ടിം കുക്കിനെപ്പോലും ഞെട്ടിക്കുന്ന വരുമാനമാണ് ഈ രണ്ട് സ്റ്റോറുകളും ഒരു മാസംകൊണ്ട് നേടിയിരിക്കുന്നത്. ഉദ്ഘാടന ദിവസം തന്നെ ആപ്പിള്‍ ബികെസി 10 കോടി രൂപയുടെ വില്‍പ്പന നടത്തിയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

ഇപ്പോള്‍ പുറത്തുവന്ന വരുമാന കണക്കുകളുടെ അടിസ്ഥാനത്തില്‍ നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക്സ് റീട്ടെയിലര്‍ ആപ്പിള്‍ സ്റ്റോര്‍ ആണ്. ബാന്ദ്രയിലെ കുര്‍ള കോംപ്ലക്സില്‍ മുകേഷ് അ‌ംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേള്‍ഡ് ഡ്രൈവ് മാളില്‍ 22,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ സ്ഥിതിചെയ്യുന്ന ആപ്പിള്‍ ബികെസി സ്റ്റോറിന് 42 ലക്ഷം രൂപയുമാണ് പ്രതിമാസ വാടക.

ഡല്‍ഹിയിലെ സാകേത് സ്റ്റോറിന് 40 ലക്ഷവും വാടകയായി നല്‍കുന്നുണ്ട്. രണ്ട് സ്റ്റോറുകളിലും നൂറിലേറെ ജീവനക്കാരെയും ആപ്പിള്‍ നിയമിച്ചിട്ടുണ്ട്. ഈ ചെലവുകളൊക്കെ മാറ്റി നിര്‍ത്തിയാലും വൻ ലാഭമാണ് രണ്ട് റീട്ടെയില്‍ സ്റ്റോറുകളും ചേര്‍ന്ന് ആപ്പിളിന് നല്‍കുന്നത്. മറ്റ് ബ്രാൻഡുകളെ അപേക്ഷിച്ച്‌ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ ശരാശരി വില്‍പ്പന വില (എഎസ്പി) വളരെ കൂടുതലാണ്.

സ്റ്റോറുകള്‍ തുറന്നതുമുതല്‍ ഇന്ത്യക്കാര്‍ ഇടിച്ചുകയറി ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കൂട്ടിയതോടെ കമ്ബനിയുടെ കണക്കുകളെ മറികടന്നുള്ള വില്‍പ്പനയുമായി ആപ്പിള്‍ വരുമാനം കുതിച്ച്‌ കയറുകയായിരുന്നു. 25 രാജ്യങ്ങളിലായി 500-ലധികം റീട്ടെയില്‍ സ്റ്റോറുകളാണ് ആപ്പിളിനുള്ളത്. ഈ രാജ്യങ്ങളിലെ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന്റെ നിര്‍ണായക കേന്ദ്രങ്ങളാണ് ഈ സ്റ്റോറുകള്‍. അ‌തേസമയം, ഇന്ത്യയില്‍ ആരംഭിച്ച രണ്ട് സ്റ്റോറുകളുടെയും വില്‍പ്പന വരുമാനത്തെക്കുറിച്ച്‌ പ്രതികരിക്കാൻ ആപ്പിള്‍ വിസമ്മതിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക