കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിൻ്റെ (58) കൊലപാതകത്തില്‍ തെളിവെടുപ്പ് തുടരുന്നു. സിദ്ദിഖിനെ കൊലപ്പെടുത്തിയ ലോഡ്ജ് മുറിയില്‍ പ്രതികളുമായി പൊലീസെത്തി. ഫര്‍ഹാനയേയും ഷിബിലിയേയും പ്രത്യേകമായാണ് കൃത്യം നടന്ന മുറിയിലെത്തിച്ച്‌ അന്വേഷണ സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. സിദ്ധിഖിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഇരുവരും പൊലീസിനോട് വിവരിച്ചു.

പ്രതികളെ ലോഡ്ജ് ജീവനക്കാരും തിരിച്ചറിഞ്ഞിട്ടുണ്ട്. തന്റെ മകളാണ് ഫര്‍ഹാന എന്നായിരുന്നു ലോഡ്ജ് ജീവനക്കാരോട് സിദ്ധിഖ് പറഞ്ഞിരുന്നത്. സിദ്ധിഖ് തന്നെയാണ് രണ്ട് മുറികള്‍ ബുക്ക് ചെയ്തതെന്നും അവര്‍ പൊലീസിനോട് വെളിപ്പെടുത്തി. കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫര്‍ഹാനയായിരുന്നു എന്നാണ് വിവരം. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ധിഖിനോട് ഫര്‍ഹാന ആവശ്യപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവര്‍ തമ്മില്‍ നേരത്തെ ഇത്തരത്തില്‍ ഹോട്ടലുകളില്‍ സന്ധിച്ചിരുന്നോ എന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. പലതവണ സിദ്ധിഖ് പറയാതെ പോയിട്ടുണ്ടെന്നും പിറ്റേന്നു മാത്രമേ മടങ്ങിയെത്തുമായിരുന്നുള്ളു എന്നും സിദ്ദിഖിൻ്റെ മകൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ പുറത്തേക്കുള്ള യാത്രകളെല്ലാം ഫര്‍ഹാനയ്ക്കൊപ്പമായിരുന്നോ എന്ന സംശയമാണ് പൊലീസിനുള്ളത്. ഇക്കാര്യത്തിലും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്.

ഫര്‍ഹാനയുടെ പിതാവിൻ്റെ പരിചയക്കാരൻ കൂടിയായിരുന്നു സിദ്ധിഖ്. ഇരുവരും ഗള്‍ഫില്‍ ഒരുമിച്ച്‌ ജോലി ചെയ്തിരുന്നവരാണ്. ഈ അടുപ്പം ഫര്‍ഹാനയ്ക്ക് സിദ്ദിഖുമായി ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. അതുപിന്നെ ലെെംഗിക കാര്യങ്ങളിലേക്കു വഴിമാറുകയായിരുന്നു. ഫര്‍ഹാന ഇത്തരത്തില്‍ സിദ്ധിഖുമായി സംസാരിച്ചത് കാമുകൻകൂടിയായ ഷിബിലി(22)യുടെ നിര്‍ദേശപ്രകാരമായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ഈ അടുപ്പമാണ് ഹണിട്രാപ്പാക്കി മാറ്റിയത്. ഹോട്ടലിലെത്തി അഞ്ചുലക്ഷം രൂപ വാങ്ങി മുങ്ങാനാണു സംഘം പദ്ധതിയിട്ടതെന്നാണ് മൊഴിയിലൂടെ വ്യക്തമാകുന്നത്. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാകുകയാണെങ്കില്‍ സ്വയരക്ഷയ്ക്കായാണ് ഫര്‍ഹാന ചുറ്റിക കെെയില്‍ കരുതിയിരുന്നത്.

ഫര്‍ഹാന ചോദിച്ചതു പ്രകാരം അഞ്ചുലക്ഷം രൂപ നല്‍കാൻ സിദ്ധിഖ് തയ്യാറായിരുന്നു. എന്നാല്‍ പണം നല്‍കുന്നതിനു മുൻപ് താനുമായി ഫര്‍ഹാന ലെെംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് സിദ്ധിഖ് ആവശ്യപ്പെട്ടു. ഈ തര്‍ക്കം മര്‍ദ്ദനത്തിലും ഒടുവില്‍ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഇതിനിടെ ഫര്‍ഹാനയും, ഷിബിലിയും ആശിഖും സ്ഥിരമായി എംഡിഎംഎ എന്ന രാസലഹരി ഉപയോഗിക്കുന്നവരാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ലഹരി ഉപയോഗവും ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ച ഘടകമായി മാറിയെന്നാണ് പൊലീസ് പറയുന്നത്. സിദ്ദിഖിനെ കൊല ചെയ്ത ശേഷം വസ്ത്രങ്ങളും ആയുധങ്ങളും പെരിന്തല്‍മണ്ണ ചിരട്ടാമലയില്‍ രാത്രി കൊണ്ടുപോയി ഉപേക്ഷിച്ചു. അന്നു പുലര്‍ച്ചെവരെ കാറിലിരുന്നു പ്രതികള്‍ എംഡിഎംഎ ഉപയോഗിക്കുകയായിരുന്നു. സിദ്ദിഖിൻ്റെ എടിഎം. കാര്‍ഡ് ഉപയോഗിച്ചു തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് മയക്കുമരുന്ന് വാങ്ങിയതെന്നും പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക