മണമില്ലാത്ത വിദേശനിര്‍മിത സിഗരറ്റ് വില്‍പന സംസ്ഥാനത്ത് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. അനധികൃതമായി വിമാന-കപ്പല്‍ മാര്‍ഗം കടത്തിക്കൊണ്ടുവരുന്ന സിഗരറ്റാണ് സംസ്ഥാനത്ത് വില്‍ക്കുന്നതെന്ന് കേരളകൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനമാര്‍ഗം വിദേശനിര്‍മിത സിഗരറ്റ് കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 123 കേസുകളാണ് കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം രജിസ്റ്റര്‍ ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3.29 കോടി രൂപയുടെ വിദേശ സിഗരറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രത്യേക രുചിക്കൂട്ടുകളും നിറക്കൂട്ടുകളുമാണ് വിദേശ നിര്‍മ്മിത സിഗരറ്റുകളുടെ പ്രത്യേകത. ഇതിന് ആവശ്യക്കാര്‍ കൂടുതലാണ്. പ്രത്യേകിച്ച്‌ സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥികളും ഇത് കൂടുതലായി ഉപയോഗിക്കുന്നതായാണ് സൂചന. വിദേശനിര്‍മിത സിഗരറ്റിന് നാട്ടിലെ സിഗരറ്റിനെ അപേക്ഷിച്ച്‌ വില കൂടുതലാണെങ്കിലും മണം കുറവാണെന്നതാണ് പ്രധാന ആകര്‍ഷം.

എന്നാല്‍ വിദേശത്തുനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവരുന്ന സിഗരറ്റുകള്‍ ഇവിടെ മൂന്നിരട്ടി വിലയ്ക്ക് വില്‍ക്കുന്നതായാണ് വിവരം. ഒരു പെട്ടി നിരോധിത സിഗരറ്റിന് 250 രൂപയ്ക്ക് മുകളിലാണ് വില. വലിയ മുതല്‍ മുടക്ക് ആവശ്യമില്ലെന്നതാണ് കടത്ത് വര്‍ദ്ധിക്കാൻ കാരണം. 100, 200 കാര്‍ട്ടണുകളിലുള്ള വലിയ കെട്ടുകളായാണ് വിദേശനിര്‍മിത സിഗരറ്റ് കടത്തിക്കൊണ്ടുവരുന്നത്. ഇത് ഒരു കെട്ട് കടത്തിക്കൊണ്ടു വരുമ്ബോള്‍ ഒരു ലക്ഷം രൂപ ലാഭം ലഭിക്കും. നിയമപരമായ മുന്നറിയിപ്പുകള്‍ ഈ സിഗരറ്റുകളുടെ പാക്കിന് പുറത്ത് ഇല്ലാത്തതുകൊണ്ട് ഇവയുടെ വില്‍പന ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് പോലെ പിടിക്കപ്പെടാതിരിക്കാൻ പുതിയ തന്ത്രങ്ങളാണ് കടത്തുകാര്‍ പയറ്റുന്നത്. 2016ല്‍ ദുബായില്‍ നിന്ന് കപ്പല്‍ മാര്‍ഗം വല്ലാര്‍പാടത്തെത്തിച്ച എട്ടു കോടിയോളം വിദേശ സിഗരറ്റുകള്‍ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് പിടിച്ചെടുത്തിരുന്നു. ഇരുപത്തിയേഴായിരം കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലായി കണ്ടെയ്‌നറില്‍ കൊണ്ടുവന്ന സിഗരറ്റാണ് അന്ന് പിടികൂടിയത്. 2016 ഡിസംബറില്‍ രണ്ടുതവണ വിദേശനിര്‍മിത സിഗരറ്റ് കടത്ത് പിടികൂടിയിരുന്നു. സോഫയ്ക്കുള്ളില്‍ കടത്തിയ 91 ലക്ഷം രൂപയുടെ സിഗരറ്റും ഫര്‍ണിച്ചറില്‍ ഒളിപ്പിച്ച്‌ കടത്തിയ 68 ലക്ഷം രൂപയുടെ സിഗരറ്റുമാണ് പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക