തിരൂരില്‍ വ്യാപാരിയെ കൊലപ്പെടുത്തി കഷങ്ങങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പടിയില്‍ തള്ളി. തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമ സിദ്ധിക്കാണ് (58) കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് ചെന്നൈയില്‍ നിന്നും പിടികൂടിയിട്ടുണ്ട്. സിദ്ധിഖ് നടത്തുന്ന ഹോട്ടലിലെ തൊഴിലാളിയായ ഷിബിലി (22), ഇയാളുടെ സ്ത്രീ സുഹൃത്ത് ഫര്‍ഹാന (18) എന്നിവരെ ആണ് പോലീസ് പിടികൂടിയത്. ഇവരിപ്പോള്‍ ചെന്നൈയിൽ തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

സിദ്ധിഖിനെ കാണാനില്ലെന്ന് മകൻ പരാതി നല്‍കിയിരുന്നു. കാണാതായ സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ വെച്ച്‌ സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ തള്ളിയത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷിബിലിയും ഫര്‍ഹാനയും ഇന്നലെ മുതല്‍ ഒളിവിലായിരുന്നു. പിന്നീട് ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ നിര്‍ണായകമായത്. മൂവരും ഒരുമിച്ച്‌ ഹോട്ടലിലേക്ക് പോകുന്നത് സിസിടിവിയില്‍ വ്യക്തമാണ്. എന്നാല്‍ തിരിച്ച്‌ പോകുമ്ബോള്‍ പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയില്‍ ട്രോളി ബാഗ് ഉണ്ടായിരുന്നു. ഇത് വ്യാപാരിയുടെ മൃതദേഹം അടങ്ങിയ ബാഗാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ എന്തിനാണ് ഇവര്‍ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തത് എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമ്ബോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.

അതിനിടെ അട്ടപ്പാടി ഒമ്ബതാം വളവില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. ഒരെണ്ണം പാറക്കൂട്ടത്തില്‍ കിടക്കുന്ന നിലയിലും രണ്ടാമത്തെ ബാഗ് വെള്ളത്തിലുമാണ് കണ്ടെത്തിയത്. മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് ട്രോളി ബാഗുകള്‍. എന്നാല്‍ ഇത് വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി അട്ടപ്പാടിയില്‍ കൊക്കയിലേക്ക് തള്ളിയെന്ന് പറയുന്ന ബാഗുകള്‍ തന്നെയാണോ എന്ന് പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്. കേസ് തിരൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്.

അതിനിടെ കോഴിക്കോട് എരഞ്ഞിപ്പാലത്ത് സിദ്ധികിനെ കൊലപ്പെടുത്തിയ ഹോട്ടലില്‍ മുറിയെടുത്തത് സിദ്ധിഖ് തന്നെയാണെന്ന് വിവരം ലഭിച്ചു. ഇവിടെ വെച്ച്‌ സിദ്ധിഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി അഗളിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കൃത്യത്തിന് പ്രതികള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക