കൊച്ചി: ഹണി ട്രാപ്പ് വഴി പണം തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും യുവാവും പിടിയില്‍. കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ ,മലപ്പുറം സ്വദേശി അര്‍ജുൻ എന്നിവരാണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്. ഇടുക്കി അടിമാലി സ്വദേശിയായ ഒരു യുവാവിനെ ആണ് ഇവര്‍ കുരുക്കില്‍ പെടുത്തിയത്.
ഇയാളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും പിന്നീട് സ്ഥിരമായി ചാറ്റിങ് നടത്തി എറണാകുളം പളളിമുക്കില്‍ വച്ച് നേരില്‍ കാണാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു.യുവാവ് എത്തിയതും നേരത്തെ പ്ലാൻ ചെയ്ത പ്രകാരം ശരണ്യയ്ക്കൊപ്പണ്ടായ മറ്റ് നാലുപേര് എത്തി യുവാവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും പണവും എടിഎം കാര്‍ഡും കവര്‍ച്ച ചെയ്യുകയായിരുന്നു.
രണ്ടാഴ്ച മുൻപാണ് യുവാവിന്റെ ഇൻസ്റ്റാഗ്രാം ഐഡിയിലേക്ക് പ്രതിയായ ശരണ്യ ഫ്രണ്ട് റിക്വാസ്റ്റ് അയച്ചത്. ശേഷം ഇരുവരും സുഹൃത്തുക്കളാകുകയും സെക്ഷ്വല്‍ ചാറ്റുകള്‍ അടക്കം നടത്തി വരികയുമായിരുന്നു. തുടര്‍ന്നാണ് യുവാവ് ശരണ്യ വിളിച്ച പ്രകാരം കൊച്ചിയില്‍ എത്തിയത്. കേസിലെ മറ്റ് പ്രതികള്‍ ചേര്‍ന്ന് യുവാവിനെ കൈ കൊണ്ടും ഹെല്‍മറ്റ് കൊണ്ടും അടിച്ച് വേദനിപ്പിക്കുകയും യുവാവിന്റെ പേരിലുള്ള എടിഎം നമ്ബര്‍ ഭീഷണിപ്പെടുത്തി വാങ്ങി സമീപത്തുള്ള എ ടി എമ്മില്‍ നിന്ന് നാലായിരം രൂപയോളം ബലമായി പിൻവലിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നും യുവാവിനെ പ്രതികള്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി. യുവാവിന്റെ കൈവശമുള്ള പതിനായിരം രൂപ വില വരുന്ന ഫോണ്‍ ബലമായി വാങ്ങിയെടുക്കുകയും, തുടര്‍ന്നും എറണാകുളം പത്മ ജംഗ്ഷനില്‍ വിളിച്ച് വരുത്തി പണം കവര്‍ച്ച നടത്തുകയുമായിരുന്നു പ്രതികള്‍ ചെയ്തത്. ശരണ്യയുമായി യുവാവ് നടത്തിയ സെക്സ് ചാറ്റുകള്‍ പരസ്യപ്പെടുത്തും എന്ന് പറഞ്ഞാണ് പ്രതികള്‍ യുവാവിനെ ഭീക്ഷണിപ്പെടുത്തിയിരുന്നത്.
വീണ്ടും യുവാവിനോട് 25,000 രൂപ നല്‍കണമെന്ന് പറഞ്ഞ് പ്രതികള്‍ ഭീക്ഷണിപ്പെടുത്തിയതോടെ ഇയാള്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസറ്റര്‍ ചെയ്യുകയുമായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എസ് ശശിധരൻ ഐപിഎസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ്സ്റ്റേഷൻ ഇൻസ്പെക്ടര്‍ എംഎസ് ഫൈസലിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ അജേഷ് ജെ കെ, വി ഉണ്ണികൃഷ്ണൻ, എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.