യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം പിടിക്കാന്‍ എ-ഐ ഗ്രൂപ്പുകള്‍ ചരടുവലി ആരംഭിച്ചു. തൃശൂരില്‍ നടന്നുവരുന്ന സംസ്ഥാന സമ്മേളനത്തിനു പിന്നാലെ നേതൃസ്ഥാനത്തേക്കു തിരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ ആദ്യം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അംഗത്വ വിതരണത്തിലേക്ക് കടക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്. ഇക്കുറി അധ്യക്ഷന്‍ ഉള്‍പ്പെടെ എല്ലാ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതോടെ കൂടുതല്‍ പേരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്ത് ഭാരവാഹിത്വം പിടിക്കാനാണ് ഗ്രൂപ്പുകളുടെ ശ്രമം.
സമവായത്തിലൂടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതിലെ അതൃപ്തി സംസ്ഥാനത്തെ ഒരു വിഭാഗം കേന്ദ്ര നേത്യത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം. മുഴുവന്‍ പദവികളിലേക്കും തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയത്. നിലവിലെ സംഘടനാ ബലം അനുസരിച്ച് എ ഗ്രൂപ്പ് പ്രതിനിധിയാകും സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുക. എ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഷാഷി പറമ്ബില്‍ സ്വന്തം നോമിനിയായി രാഹുല്‍ മാങ്കുട്ടത്തിലിനെ അധ്യക്ഷ പദവിലെത്തിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ഇതിനു പ്രതിപക്ഷ നേതാവ് വിഡി സതീശന്റ മൗന പിന്തുണയുമുണ്ടെന്നാണ് സൂചന.
എന്നാല്‍ ഗ്രൂപ്പ് സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്ററും കെഎസ്.യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജെ എസ് അഖിലിനെയാണ്. മികച്ച സംഘാടന പാടവവും, സംഘടന പ്രവര്‍ത്തനത്തിലെ പരിചയസമ്ബത്തും, കെഎസ് യു പ്രസിഡന്റ് സ്ഥാനം അവസാന നിമിഷം നഷ്ടപ്പെട്ടതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ജെ എസ് അഖിലിനായി എ ഗ്രൂപ്പിലെ ഒരു വിഭാഗം രംഗത്തുവരുന്നത്. ഉമ്മന്‍ ചാണ്ടി, ബെന്നി ബഹനാന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണയും അഖിലിനുണ്ട്.
ഐ ഗ്രൂപ്പില്‍ നിന്ന് രമേശ് ചെന്നിത്തല വിഭാഗവും കെ.സി. വേണുഗോപാല്‍ വിഭാഗവും വ്യത്യസ്ത സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി രംഗത്തുണ്ട്. നിലവിലെ സംസ്ഥാന സെക്രട്ടറിമാരായ അബിന്‍ വര്‍ക്കി, എംപി പ്രവീണ്‍, തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഒജെ ജനീഷ് എന്നിവരാണ് ചെന്നിത്തല പക്ഷത്തിന്റെ പേരുകാര്‍. ഇവരില്‍ അബിന്‍, ജനിഷ് എന്നിവരില്‍ ഒരാള്‍ ചെന്നിത്തലയുടെ നോമിനിയാകാനാണ് സാധ്യത.കെ എസ് യു പുനഃസംഘടനയില്‍ സതീശന്‍റെ നോമിനിക്ക് അധ്യക്ഷ പദവി ലഭിച്ച സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ബിനു ചുള്ളിയിലിന് വിട്ട് നല്‍കണമെന്ന നിലപാടാണ് കെ.സിക്കുള്ളത്.നിലവിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലിലുടെ സംഘടന പിടിക്കാമെന്നാണ് കെ സിയുടെ പ്രതീക്ഷ. അതേസമയം കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ തന്‍റെ പിന്തുണ ആര്‍ക്കാണെന്ന കാര്യം ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല.