യുഡിഎഫിനൊപ്പം നിൽക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാക്കളെ കുറിച്ച് വ്യാജ പ്രചരണവുമായി ജോസ് കെ മാണി വിഭാഗം. ജോസ് കെ മാണിയുടെ രൂക്ഷ വിമർശകനും, ജോസഫ് വിഭാഗം പ്രതിനിധിയായി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ജോസ്മോൻ മുണ്ടക്കൽ ഇടതുമുന്നണിയിലേക്ക് ചേക്കേറുന്നു എന്ന നിലയിലാണ് ജോസ് കെ മാണി വിഭാഗം സൈബർ പ്രൊഫൈലുകൾ പ്രചരണം നടത്തിയത്. ജോസ് കെ മാണി വിഭാഗത്തിന്റെ പ്രധാന ശത്രുക്കളിൽ ഒരാൾ കൂടിയാണ് ജോസ് മോൻ. ജോസ് വിഭാഗത്തിൻറെ ശക്തികേന്ദ്രങ്ങളായ മുത്തോലി കൊഴുവനാൽ പഞ്ചായത്തുകൾ ഉൾപ്പെടെയുള്ള കിടങ്ങൂർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് ജോസ് കെ മാണിയുടെ വിശ്വസ്തനും, കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റുമായ ടോബിൻ കെ അലക്സിനെ പരാജയപ്പെടുത്തിയാണ് ജോസ്മോൻ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചു കയറിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫിന് വേണ്ടി തന്ത്രങ്ങൾ ഒരുക്കിയ നേതാക്കളിൽ പ്രധാനിയാണ് ജോസ്മോൻ മുണ്ടക്കൽ. കത്തോലിക്കാ സഭയുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തുന്നുണ്ട്. സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായ ജോസ്മോൻറെ നേതൃത്വത്തിൽ നിർധനരായവർക്ക് വീട് വെച്ച് കൊടുക്കുന്ന ബ്രഹ്ത് പദ്ധതി പാലാ നിയോജക മണ്ഡലത്തിൽ നടക്കുന്നുണ്ട്. ഇരുപ്പതിയഞ്ചോളം ഭവനങ്ങൾ ഇതിനകം തന്നെ പൂർത്തിയാക്കിയിട്ടുണ്ട്.
രൂക്ഷ വാക്കുകളിൽ മറുപടിയും, നിയമ നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും

ജോസ് കെ മാണി വിഭാഗം സൈബർ പോരാളികളുടെ വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ രൂക്ഷമായ മറുപടിയാണ് ജോസ്മോൻ മുണ്ടയ്ക്കൽ ഫേസ്ബുക്കിലൂടെ നൽകിയത്. ജോസ് കെ മാണിയുടെ ഉറക്കം കെടുത്തുന്ന ജോസ് മോന്റെ പ്രസംഗങ്ങൾ പോലെ തന്നെ ജോസ് കെ മാണിക്കും പാർട്ടിക്കും ഉത്തരമില്ലാത്ത ന്യായീകരണം നിരത്താനാവാത്ത പല വിഷയങ്ങളും തന്റെ മറുപടിയിൽ ജോസ് മോൻ ഉൾപ്പെടുത്തി. ജോസ് മോൻ മുണ്ടക്കൽ നൽകിയ മറുപടിയുടെ പൂർണ്ണരൂപം ചുവടെ:
പ്രിയ സുഹൃത്തുക്കളെ, പതിനാലാം വയസ്സിൽ കെഎം മാണിയുടെ നേതൃത്വപാടവും രാഷ്ട്രീയവും പിന്തുടർന്നാണ് ഞാൻ വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. അന്നുമുതൽ ഇന്നുവരെ യുഡിഎഫിന്റെ ജനാധിപത്യ മൂല്യങ്ങളിലും, യുഡിഎഫിനോട് ചേർന്ന് നിന്ന് മാണിസാർ രൂപപ്പെടുത്തിയ കർഷകപക്ഷ, ജനപക്ഷ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലും അടിയുറച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്. കെഎം മാണി തന്റെ മരണം വരെയും യുഡിഎഫിന്റെ നേതാവും നായകനുമായിരുന്നു.
അദ്ദേഹത്തെ കള്ളനും, കൊള്ളക്കാരനും ആയി ചിത്രീകരിച്ചതും അഴിമതിക്കാരനായി മുദ്രകുത്തിയതും ഇടതുമുന്നണിയാണ്. അതുകൊണ്ടുതന്നെ മാണി സാറിൻറെ യഥാർത്ഥ ഒരു അനുയായിക്ക് ഒരു ന്യായീകരണത്തിന്റെ പേരിലും ഇടതുമുന്നണിയുടെ ഭാഗമാകുവാനോ, അവരോട് സഹകരിക്കുവാനും സാധിക്കില്ല എന്നതാണ് എന്റെ ഉത്തമമായ ബോധ്യം. ഈ ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജോസ് കെ എം മാണിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് പോയപ്പോൾ, പിജെ ജോസഫ് സാറിന്റെ നേതൃത്വത്തിൽ യുഡിഎഫിൽ ഞാൻ അടിയുറച്ചു നിന്നത്. വാശിയേറിയ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രതിനിധിയായി നിന്നാണ് ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചു കയറിയത്.
രാഷ്ട്രീയ യാഥാർഥ്യങ്ങളെല്ലാം പൊതുജന സമക്ഷം ഉള്ളതാണ്. എന്നിരുന്നാലും വ്യാജ പ്രചരണവും, അപകീർത്തിപ്പെടുത്തലും ആണ് രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഞാൻ യുഡിഎഫിന് വഞ്ചിച്ച് എൽഡിഎഫിലേക്ക് പോകുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചരണം നടത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കുറിപ്പ് ഇടേണ്ടി വരുന്നത്. ഇത് വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയല്ല പൊതുജനത്തിനുള്ള വിശദീകരണമാണ്. ജോസ്മോൻ മുണ്ടക്കൽ എന്നും യുഡിഎഫിനൊപ്പം തന്നെയാണ് അതിനൊരു മാറ്റം ഉണ്ടാകണമെങ്കിൽ യുഡിഎഫ് കെഎം മാണിയെ തള്ളിപ്പറയുന്ന സാഹചര്യം ഉണ്ടാവണം. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ചില വ്യാജ ഐഡികൾ ഉപയോഗിച്ചാണ്. മുഖമില്ലാതെ ഇത്തരം വ്യാജപ്രചരണങ്ങളുമായി നടക്കുന്നവരെ നിയമത്തിന് മുന്നിലെത്തിക്കാൻ എന്നാൽ സാധ്യമാവുന്നതെല്ലാം ചെയ്യുമെന്നും ഈ സന്ദർഭത്തിൽ പറയാൻ ആഗ്രഹിക്കുന്നു.
ജോസ്മോൻ മുണ്ടക്കൽ.