ജോസ് കെ മാണിയെയും അദ്ദേഹം നേതൃത്വം നൽകുന്ന കേരള കോൺഗ്രസിനെയും യുഡിഎഫിലേക്ക് തിരികെ എത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. ആദ്യമായി ഇത്തരത്തിൽ നിലപാടെടുത്തത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആണ്. സുധാകരന് പിന്നാലെ രമേശ് ചെന്നിത്തലയും ജോസ് കെ മാണിയെ സ്വാഗതം ചെയ്യുന്നു എന്ന് ആവർത്തിച്ചു. എന്നാൽ സുധാകരന്റെ പ്രസ്താവനയെ ജോസ് കെ മാണിയും, രമേശിന്റെ പ്രസ്താവനയെ മന്ത്രി റോഷി അഗസ്റ്റിനും പാടെ തള്ളുകയും ചെയ്തു.

ഇന്നിപ്പോൾ കെ മുരളീധരൻ ആണ് കേരള കോൺഗ്രസ് തിരികെ വരണം എന്ന നിലപാട് ആവർത്തിച്ചത്. മുന്നണി വിട്ടവര്‍ തിരിച്ച്‌ വരണം എന്നതാണ് പാര്‍ട്ടിയുടെ പൊതുവികാരമെന്ന് കെ.മുരളീധരന്‍. കേരള കോണ്‍ഗ്രസ് എം തെറ്റിധാരണയുടെ പുറത്താണ് വിട്ടു പോയത്. ലീഗിനെ പുകഴ്ത്തി മുന്നണിയില്‍ പ്രശ്നമുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ മോഹം വിലപ്പോകില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ കോൺഗ്രസ് നേതാക്കളുടെ ഈ നിലപാടിനെതിരെ മധ്യതിരുവിതാംകൂറിൽ പ്രത്യേകിച്ച് ജോസ് കെ മാണിയുടെ തട്ടകമായ പാലായിലെ പ്രവർത്തകർക്കും, കോൺഗ്രസ് അനുഭാവികൾക്കും ശക്തമായ പ്രതിഷേധം ആണുള്ളത്. നേതാക്കൾ സ്വന്തം അണികളെ നാണം കെടുത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്ന രീതിയിൽ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ വിമർശനങ്ങൾ ശക്തമാണ്. ജോസ് മുന്നണി മാറിയിട്ടും അവരുടെ ഏറ്റവും വലിയ ശക്തികേന്ദ്രങ്ങളായ പാലായിലും കടുത്തുരുത്തിയിലും മികച്ച നേട്ടം വിജയം കൈവരിക്കാൻ ആയി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച സാധാരണക്കാരോടുള്ള വെല്ലുവിളിയാണ് ഈ നിലപാടെന്നും പ്രവർത്തകർ തുറന്നടിക്കുന്നു.

ജോസിനെയും കൂട്ടരെയും തിരികെ കൊണ്ട് വരുവാനുള്ള ഒരു ആലോചനയും യുഡിഎഫിൽ നടന്നിട്ടില്ല എന്ന് ഇന്നലെ മോൻസ് ജോസഫ് തുറന്നടിച്ചിരുന്നു. ഇതും, പ്രവർത്തക വികാരവും മനസ്സിലാക്കി തന്നെയാണ് യുഡിഎഫ് ചെയർമാനും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ വിഷയത്തോട് പ്രതികരിച്ചത്. യു.ഡി.എഫിലേക്ക് ഒരു പുതിയ കക്ഷിയെയും കൊണ്ടുവരാന്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ബഹുജന അടിത്തറ വിപുലപ്പെടുത്താനാണ് തീരുമാനം. പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഇല്ലാതാക്കുമെന്ന് പറഞ്ഞിട്ടില്ല. ഗ്രൂപ്പ് അതിപ്രസരം ഇല്ലാതാക്കുമെന്നാണ് പറഞ്ഞതെന്നും വി.ഡി.സതീശന്‍ പറഞ്ഞു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക