ഭോപ്പാല്‍: അനധികൃത സ്വത്ത് സമ്ബാദനവുമായി ബന്ധപ്പെട്ട് വനിതാ അസിസ്റ്റന്റ് എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലോകായുക്ത കണ്ടെടുത്തത് ആഢംബര വസ്തുക്കള്‍. വിലപിടിപ്പുള്ള ടിവി, ആഢംബര കാറുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധനയില്‍ കണ്ടെടുത്തു. പൊലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ കരാറില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജുള്ള ഹേമ മീണ(36)യുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

മധ്യപ്രദേശിലെ ലോകായുക്ത – പൊലീസ് പരിശോധനയിലാണ് ഇത്രയധികം വസ്തുക്കള്‍ കണ്ടെത്തിയത്. പ്രതിമാസം 30,000 രൂപ ശമ്ബളമുള്ള ഹേമയുടെ വീട്ടില്‍ നിന്നും 30 ലക്ഷം രൂപ വിലവരുന്ന ഒരു ടിവി, വിദേശ ഇനത്തിലുള്ള നായ്ക്കള്‍, 10 ആഡംബര കാറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങളാണ് പിടിച്ചെടുത്തത്. ഒറ്റ ദിവസത്തെ പരിശോധനയില്‍ ഏകദേശം ഏഴ് കോടി രൂപയുടെ ആസ്തിയാണ് സംഘം കണ്ടെത്തിയത്. ഇത് മീണയുടെ വരുമാനത്തേക്കാള്‍ 232 ശതമാനം കൂടുതലാണ്. ഇങ്ങനെയാണെങ്കില്‍ നിലവില്‍ മീണയ്ക്ക് 30,000 രൂപയ്ക്ക് പകരം 18 ലക്ഷം രൂപ ശമ്ബളമാണ് ഉണ്ടായിരിക്കേണ്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭോപ്പാലിനടുത്തുള്ള ബില്‍ഖിരിയയില്‍ പിതാവിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 20,000 ചതുരശ്ര അടി സ്ഥലത്ത് നിര്‍മ്മിച്ച 40 മുറികളുള്ള ബംഗ്ലാവിലാണ് ഹേമ മീണ താമസിക്കുന്നത്. പത്ത് കോടിയിലധികം രൂപയാണ് ഇതിന്റെ ചെലവായി കണക്കാക്കുന്നത്. കൂടാതെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇവരുടെ ഫാം ഹൗസില്‍ നിന്ന് പിറ്റ്ബുള്‍, ഡോബര്‍മാന്‍ എന്നിവയുള്‍പ്പെടെ 50ലധികം വിദേശയിനം നായ്ക്കളെ കണ്ടെത്തുകയും ചെയ്തു. വിവിധ ഇനത്തില്‍പ്പെട്ട 60-70 പശുക്കളെയും കണ്ടെടുത്തു. ബംഗ്ലാവില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരോടും മുതിര്‍ന്നവരോടും സംസാരിക്കാന്‍ മീണ ഉപയോഗിച്ചിരുന്ന വാക്കിടോക്കി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വീട്ടില്‍ ഉള്ള ഉപകരണങ്ങളും വലിയ വിലമതിപ്പുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അനധികൃത സ്വത്ത് സമ്ബാദിച്ചെന്നാരോപിച്ച്‌ ഹേമ മീണയ്‌ക്കെതിരെ 2020ല്‍ ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് റെയ്ഡ് നടത്തിയതെന്ന് ലോകായുക്ത ഡിഎസ്പി സഞ്ജയ് ശുക്ല പറഞ്ഞു. 50 പേരെടങ്ങുന്ന സംഘം വേഷം മാറിയാണ് റെയ്ഡ് നടത്തുന്നതിനായി എത്തിയത്. മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ളവരാണെന്നും ബംഗ്ലാവില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ പരിശോധിക്കാനാണ് എത്തിയതെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ മീണയുടെ ബംഗ്ലാവില്‍ പ്രവേശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക