റോഡിലെ ക്യാമറ ക്രമക്കേടില്‍ ആരോപണ വിധേയരായ പ്രസാഡിയോ കമ്ബനിയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കമ്ബനി മാനേജിംഗ് ഡയറക്ടര്‍ സുരേന്ദ്രകുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് 20 ലക്ഷം രൂപ സംഭാവന നല്‍കിയതിന്റെ രേഖകളും പുറത്ത് വന്നു. കമ്ബനിയുടെ 99.5 ശതമാനം ഓഹരികളും എംഡി സുരേന്ദ്രകുമാറിന്റെ പേരിലാണുള്ളത്. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ രാംജിത്തിന്റെ പേരിലുള്ളത് ദശാംശം 5% ഓഹരികള്‍ മാത്രമാണ്. മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യ പിതാവുമായി കമ്ബനി ഒന്നിലേറെ വട്ടം ഇടപാടുകള്‍ നടത്തിയതായും രേഖകള്‍ തെളിയിക്കുന്നു.

ഒമാനില്‍ വ്യവസായിയായ പത്തനംതിട്ട തുമ്ബമണ്‍ സ്വദേശി സുരേന്ദ്രകുമാര്‍ കോഴിക്കോട് ആസ്ഥാനമായി 2018ല്‍ പ്രസാഡിയോ എന്ന പേരില്‍ കമ്ബനി തുടങ്ങിയതിനു പിന്നിലെ താല്‍പര്യം എന്ത് ? കമ്ബനിയുടെ ഡയറക്ടറായി എത്തിയ കോഴിക്കോട് സ്വദേശി രാoഞ്ജിത്തിന് സര്‍ക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ആയത് എങ്ങനെ ?കമ്ബനി പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്താനായത് എങ്ങനെയെല്ലാം ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന വിവരങ്ങളാണ് രേഖകളായി പുറത്തുവരുന്നത്. കമ്ബനി എംഡി സുരേന്ദ്രകുമാറിന് സര്‍ക്കാരുമായും വിശേഷിച്ച്‌ സിപിഎം നേതൃത്വവുമായുള്ള അടുത്ത ബന്ധമാണ് ഇതില്‍ പ്രധാനം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സുരേന്ദ്രകുമാര്‍ സിപിഎമ്മിന് സംഭാവനയായി നല്‍കിയത് 20 ലക്ഷം രൂപയുടെ സംഭാവനയാണ്. സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളില്‍ കേരളത്തില്‍നിന്ന് പാര്‍ട്ടിക്ക് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ 149 മതായി സുരേന്ദ്രകുമാറിന്റെ പേര് കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാര്‍ പദ്ധതികളുടെ നടത്തിപ്പ് വഴി കമ്ബനി ഒന്‍പത് കോടിയോളം രൂപയുടെ വരുമാനം നേടിയ വര്‍ഷം തന്നെയായിരുന്നു ഈ സംഭാവന നല്‍കിയതെന്നതും ശ്രദ്ധേയമാണ്. കമ്ബനി പ്രവര്‍ത്തനം ആരംഭിച്ച്‌ മൂന്നുവര്‍ഷത്തിനകം മുഖ്യമന്ത്രിയുടെ മകന്‍റെ ഭാര്യ പിതാവ് പ്രകാശ് ബാബുവുമായി നടത്തിയ രണ്ട് ഇടപാടുകളാണ് മറ്റൊരു തെളിവ്. 2019 – 20 കാലയളവില്‍ എറണാകുളത്തെ ഗസ്റ്റ് ഹൗസ് ഉപയോഗിച്ച വകയില്‍ 50,000 രൂപ പ്രകാശ് ബാബുവിന് വാടക നല്‍കിയ കമ്ബനി 2020 -21 കാലയളവില്‍ ‘ട്രേഡ് പേയബില്‍’ എന്ന ഹെഡില്‍ ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ നല്‍കിയ കാര്യവും കമ്ബനികാര്യ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അതായത് തുടര്‍ച്ചയായി രണ്ടു വര്‍ഷമാണ് പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മില്‍ ഇടപാട് നടന്നത്. എന്നാല്‍ ഈ ഇടപാട് എന്തെന്ന് കമ്ബനിയോ പ്രകാശ് ബാബുവോ വ്യക്തമാക്കിയിട്ടില്ല. പ്രകാശ് ബാബുവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രസാഡിയോ എംഡിസുരേന്ദ്രകുമാറിന്റെ കൈവശമാണ് കമ്ബനിയുടെ 99 ദശാംശം 5% ഓഹരികളും എന്ന് കമ്ബനി സമര്‍പ്പിച്ച രേഖകള്‍ പറയുന്നു.

ക്യാമറ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കോഴിക്കോട് സ്വദേശിയും കമ്ബനി ഡയറക്റുമായ രാംജിത്തിന്റെ പേരില്‍ ഉള്ളത് ദശാംശം 5% ഓഹരികള്‍ മാത്രം. കോഴിക്കോട്ടെ ഒരു കാര്‍ ഷോറൂമില്‍ ജീവനക്കാരനായിരുന്ന രാഞ്ജിത്ത് കോടികള്‍ വരുമാനം ഉണ്ടാക്കിയ പ്രസാദിയോയുടെ ഡയറക്ടറായി മാറിയത് എങ്ങനെ എന്ന് ചോദ്യവും ബാക്കി. സേഫ് കേരള പദ്ധതിയുടെ തുടക്കം മുതല്‍ പ്രസാദിയോ പങ്കാളി ആയിരുന്നുവെന്നും സ്ഥാപനത്തിന്‍റെ കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയ്ക്ക് കരുത്ത് പകര്‍ന്നത് സര്‍ക്കാര്‍ പദ്ധതികള്‍ ആയിരുന്നു എന്നും കമ്ബനി കാര്യമന്ത്രാലയത്തിന് സമര്‍പ്പിച്ച രേഖകളില്‍ ഉണ്ട്.മിഡിലീസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൈമറ എന്ന കമ്ബനിയില്‍ നിന്നാണ് പ്രസാദിയോ ഏറ്റവുമധികം ഉപകരണങ്ങള്‍ വാങ്ങിച്ചത് എന്നും രേഖകള്‍ വ്യക്തമാക്കുന്നു. ചുരുക്കത്തില്‍ സേഫ് കേരള പദ്ധതി തുടങ്ങുന്നതിന് തൊട്ടുമുന്‍പ് രൂപം കൊണ്ട കമ്ബനികള്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകള്‍ അത്രയും നടന്നത് എന്ന് വ്യക്തം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക