അപ്രതീക്ഷമായ ഒരു എംഡിഎംഎ കേസ് കാരണം മലപ്പുറത്തെ നാല് യുവാക്കള്‍ക്ക് നേരിടേണ്ടി വന്നത് ഇതുവരെയും ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത കടുത്ത ദുരിതങ്ങള്‍. ഒടുവില്‍ കെമിക്കല്‍ ലാബിലെ പരിശോധനയില്‍ പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് കണ്ടെത്തിയതോടെ മേലാറ്റൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ വലിയൊരു വഴിത്തിരിവാണുണ്ടായിരിക്കുന്നത്. ഗള്‍ഫിലെ ജോലിയടക്കം നഷ്ടപ്പെട്ടതിന്റെയും കുടുംബ ബന്ധം തകര്‍ന്നതിന്റെയും വേദനയാണ് യുവാക്കള്‍ക്ക് ഇപ്പോള്‍ പങ്കുവെക്കാനുള്ളത്.

മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ശഫീഖ്, കരുവള്ളി മുബശിര്‍, ഒളകര റിശാദ്, മച്ചിങ്ങല്‍ ഉബൈദുല്ല എന്നിവരാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മണിയാണിരിക്കടവ് പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ‘ഒരു റെസ്റ്റോറന്റിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് പൊലീസ് കൈകാണിച്ചത്. മുബശിറിന് ഗള്‍ഫില്‍ നിന്ന് അറബി സമ്മാനമായി നല്‍കിയ കുന്തിരിക്കം പോലോത്ത വസ്തു കാറില്‍ പുകച്ചിരുന്നു. ഇതാണ് എംഡിഎംഎ എന്ന് പറഞ്ഞ് പിടികൂടിയത്. ഞങ്ങള്‍ മയക്കുമരുന്ന് അല്ലെന്ന് ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ ചെവികൊണ്ടില്ല’, യുവാക്കള്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

88 ദിവസമാണ് ഇവര്‍ ജയിലില്‍ കിടന്നത്. പരിശോധനയക്കായി പിടികൂടിയ വസ്തു കോഴിക്കോട് കെമികല്‍ ലാബിലേക്ക് അയച്ചപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. ശേഷം തിരുവനന്തപുരം കെമികല്‍ ലാബിലേക്ക് അയച്ചു. അതും നെഗറ്റീവായി. ഇതോടെ യുവാക്കള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. മൂന്നാംവട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അതേസമയം, മൂന്ന് മാസത്തോളം നീണ്ട ജയില്‍വാസം വരുത്തിയ നഷ്ടങ്ങളുടെ കണക്കുകള്‍ പറയുകയാണ് യുവാക്കള്‍. നാല് പേര്‍ക്കും ജോലി നഷ്ടമായെന്ന് ഇവര്‍ പറയുന്നു. ശഫീഖിനും മുബശിറിനും ഗള്‍ഫിലെ ജോലി നഷ്ടമായി. കേസില്‍ പ്രതിയായതോടെ തന്റെ ഭാര്യ വിവാഹ ബന്ധം തന്നെ വേര്‍പ്പെടുത്തിയതായി ഉബൈദുല്ലയും പറയുന്നു. യുവാക്കളുടെ ആരോപണങ്ങള്‍ പുറത്തുവന്നതോടെ പൊലീസും പ്രതിക്കൂട്ടിലായിരിക്കുകയാണ് ഇപ്പോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക