ടോക്യോ ഒളിമ്ബിക്സില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി കായിക മന്ത്രിയെ അയയ്ക്കാനുള്ള കേരള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു. പ്രതിനിധികളായി ടോക്യോയിലേക്ക് ആരെയും അയയ്ക്കാന്‍ ഉദ്ദേശമില്ലെന്നും രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അതേപടി അനുസരിക്കുകയാണെന്നും ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്‍ വ്യക്തമാക്കി. ഇക്കാര്യം അറിയിച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ക്കും ഐ.ഒ.എ. വ്യാഴാഴ്ച കത്തയച്ചിരുന്നു.

പ്രതിനിധിയായി ടോക്യോയിലേക്കു പോകാന്‍ പലരും ഉത്സാഹം കാട്ടിവന്നിട്ടുണ്ടെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത്‌ലറ്റുകള്‍ക്കും ഒഫീഷ്യലുകള്‍ക്കും ഒളിമ്ബിക് കമ്മിറ്റി തലവന്മാര്‍ക്കു പുറമേ മത്സരിക്കുന്ന ഇനങ്ങളുടെ സംഘടനകളില്‍ നിന്ന് ഒരു പ്രതിനിധിക്കും മാത്രമേ അനുമതി നല്‍കൂയെന്ന് ഐ.ഒ.എ. കത്തില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പ്രതിനിധിയായി മന്ത്രി അബ്ദുറഹ്മാനെ അയയ്ക്കാന്‍ തീരുമാനിച്ചതായും മന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചതായും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവേശം പകരാന്‍ മന്ത്രി 23 ദിവസം ജപ്പാനില്‍ ഉണ്ടാകുമെന്നും ഇതിനായി 21-ന് മന്ത്രി ടോക്യോയില്‍ എത്തുമെന്നും യാത്രയുടെ ചെലവുകളെല്ലാം മന്ത്രി തന്നെ വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റിയുടെ കീഴില്‍ വരുന്ന കായിക മേളകള്‍ക്ക് രാജ്യങ്ങള്‍ക്കു പോലും പ്രതിനിധിയില്ല എന്ന വസ്തുതയിരിക്കെ ഇന്ത്യയിലെ കൊച്ചു സംസ്ഥാനത്തിന്റെ പ്രതിനിധിയായി പോകാന്‍ മന്ത്രിക്ക് എങ്ങനെ കഴിയുമെന്ന് നേരത്തെ ചോദ്യമുയർന്നിരുന്നു.

ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരമായിരിക്കുകയാണ്. ഒളിമ്ബിക്‌സില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ സംഘത്തിന്റെ പൂര്‍ണ ചുമതലകള്‍ അതത് ദേശീയ ഒളിമ്ബിക് സംഘടനകള്‍ക്കാണ്. രാജ്യങ്ങളുടെ ഒളിമ്ബിക് കമ്മിറ്റി തലവന്മാര്‍ക്കു പുറമേ മത്സരിക്കുന്ന ഇനങ്ങളുടെ സംഘടനകളില്‍ നിന്ന് ഒരു പ്രതിനിധി മാത്രം ടോക്യോയിലേക്ക് എത്തിയാല്‍ മതിയെന്നാണ് രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റിയുടെ നിര്‍ദേശം.

ഇതനുസരിച്ചാണെങ്കില്‍ ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരെക്കൂടാതെ അതത് കായിക ഇനങ്ങളുടെ സംഘടനാ തലപ്പത്ത് നിന്ന് ഒരാള്‍ക്കു വീതം മാത്രമേ ഇന്ത്യന്‍ സംഘത്തെ പ്രതിനിധീകരിച്ച്‌ ടോക്യോയില്‍ എത്താന്‍ കഴിയൂ.ഈ വസ്തുത നിലനിൽക്കെ പോക്കറ്റില്‍ നിന്ന് പണമെടുത്തു ടോക്യോയില്‍ പോകുമെന്ന് സർക്കാർ പ്രഖ്യാപനം നടത്തിയതു വിഷയത്തിൽ വേണ്ടത്ര പഠനം നടത്താതെയാണ്. മത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കുപോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ, റിലേ ടീമുകളില്‍ രണ്ടു റിസര്‍വിനു പകരം ഒരാളെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാകൂ എന്ന് ആഴ്ചകള്‍ക്കു മുമ്ബേ തന്നെ മാര്‍ഗനിര്‍ദേശം ഇറക്കിയ രാജ്യാന്തര ഒളിമ്ബിക് കമ്മിറ്റിയുടെ പത്രക്കുറിപ്പുകള്‍ പോലും കാണാതെയോ പഠിക്കാതെയോ ആണോ സംസ്ഥാന കായിക മന്ത്രി കായിക താരങ്ങളെ പിന്തുണയ്ക്കാന്‍ ജപ്പാനിലേക്ക് പറക്കേണ്ടത്  എന്ന ചോദ്യമാണ് വിമർശകർ ഉയർത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക