ധനപരമായ മൂല്യത്തിനപ്പുറം കറന്‍സി നോട്ടുകള്‍ ഒരു രാജ്യത്തിന്റെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകത്തിലേക്കുള്ള കൗതുകകരമായ കാഴ്ചകള്‍ കൂടിയാണ്. രാജ്യത്തിന്റെ സമ്ബന്നമായ ചരിത്രത്തില്‍ നിന്നുള്ള അടയാളപ്പെടുത്തലുകള്‍ കൂടി കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ കാര്യത്തില്‍ ഇത് വളരെയധികം സത്യമാണ്. ഇത്തരത്തില്‍ കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അടയാളപ്പെടുത്തലുകളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഒരു സോഷ്യല്‍ മീഡിയ ട്രെന്‍ഡ് തന്നെ ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്.

കറന്‍സി നോട്ടുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യത്തെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അവയെ പരിചയപ്പെടുത്തുന്നതാണ് ഈ സോഷ്യല്‍ മീഡിയ ട്രെന്‍ഡ്. ഇതില്‍ ഒഡീഷയിലെ കൊണാര്‍ക്ക് ക്ഷേത്രവും കര്‍ണാടകയിലെ ഹംപി ശിലാ രഥവും മധ്യപ്രദേശിലെ സാഞ്ചി സ്തൂപവും ഡെല്‍ഹിയിലെ ചെങ്കോട്ട എന്നറിയപ്പെടുന്ന ലാല്‍ കിലയും ഒക്കെ ഉള്‍പ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടില്‍ ഒഡീഷയില്‍ ഹിന്ദു സൂര്യദേവന് സമര്‍പ്പിച്ചു കൊണ്ട് പണികഴിപ്പിച്ച ഒരു ക്ഷേത്രമാണ് കൊണാര്‍ക്ക് സൂര്യക്ഷേത്രം. 10 രൂപ നോട്ടിലാണ് സ്മാരകം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാസ്തുവിദ്യാപരമായ പ്രത്യേകതകള്‍ കൊണ്ട് ഏറെ പ്രശസ്തമായ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഗുഹാക്ഷേത്രങ്ങളിലൊന്നാണ് എല്ലോറയിലെ കൈലാസ ക്ഷേത്രം. 20 രൂപയുടെ ഇന്ത്യന്‍ കറന്‍സി നോട്ടില്‍ ആണ് ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 50 രൂപ നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹംപി ശിലാ രഥം ഒറ്റപ്പാറയില്‍ കൊത്തിയെടുത്തതാണ്. ഇന്ത്യയുടെ സമ്ബന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണ് ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന റാണി കി വാവ്. ഇന്ത്യയുടെ 100 രൂപ കറന്‍സി നോട്ടില്‍ ആണ് ഈ പൈതൃക സ്ഥലം ഉള്‍പ്പെടുത്തിയിട്ടുള്ളത്. 200 രൂപ നോട്ടില്‍ ചിത്രീകരിച്ചിട്ടുള്ള പൈതൃക അടയാളപ്പെടുത്തലാണ് സാഞ്ചി സ്തൂപം. മധ്യപ്രദേശിലെ സാഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന ഇതും യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

500 രൂപ നോട്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ ഒരു പ്രമുഖ ചരിത്ര സ്ഥലമാണ് ന്യൂഡല്‍ഹിയിലെ ചെങ്കോട്ട അഥവാ ലാല്‍ കില. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ക്ക് പുറമേ ഇന്ത്യയുടെ ഒരു അഭിമാനം നേട്ടവും ഇന്ത്യന്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ആണ് അത്. 2000 രൂപ കറന്‍സി നോട്ടില്‍ ആണ് ഈ അഭിമാനനേട്ടം അടയാളപ്പെടുത്തിയിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക