തിരുവനന്തപുരം: ബാര്‍കോഴ കേസ് കേരളത്തില്‍ വീണ്ടും സജീവമാക്കി ചര്‍ച്ചയാക്കുന്ന വിധത്തിലാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായത്. കോടതി ഉത്തരവിട്ടാല്‍ ബാര്‍കോഴ കേസ് അന്വേഷിക്കാമെന്ന് സിബിഐ അറിയിച്ചതോടെ ഇനി കോടതിയിലേക്കാണ് ഉറ്റുനോക്കുന്നത്. കൊച്ചി സിബിഐ യൂണിറ്റിലെ എസ്‌പി എ ഷിയാസാണ് സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.

രമേശ് ചെന്നിത്തല, വി എസ്. ശിവകുമാര്‍, കെ. ബാബു, ജോസ് കെ മാണി എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സിബിഐ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്. ഇതോടെ കേരളത്തിലെ യുഡിഎഫ് എൽഡിഎഫ് നേതാക്കൾക്കെതിരെ കേന്ദ്രസര്‍ക്കാറിന് വീണ്ടുമൊരു വടി കിട്ടുമോ എന്ന ആശങ്കയും ശക്തമായിരിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ബാര്‍ കോഴക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന സിബിഐ നിലപാടിലെ സ്വാഗതം ചെയ്ത് ബാറുടമ ബിജു രമേശ് രംഗത്തു വന്നു. താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. സിബിഐ അന്വേഷിക്കട്ടെ. യാഥാര്‍ത്ഥ്യം എല്ലാവരും അറിയണം.ആരെയും ബലിയാടാക്കാനൊന്നും താല്‍പര്യം ഇല്ല. മരണം വരെ ഉറച്ചു നില്‍ക്കും.കൂടെ നിന്ന പല ബാര്‍ ഉടമകളും പിന്നീട് പിന്മാറി. പല ബിസിനസ് ഉള്ള ആളുകളും ഉണ്ട്.ശക്തരായ ഉദ്യോഗസ്ഥര്‍ ഒതുക്കപ്പെട്ടു. ഉദ്യോഗസ്ഥന് സ്ഥാനം വാഗ്ദാനം ചെയ്തു കേസ് ഒതുക്കിയെന്നും ബിജു രമേശ് പറഞ്ഞു. രണ്ടായിരത്തി പതിനാലില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുൾപ്പെടയുള്ള നേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശിന്റെ വെളിപ്പെടുത്തലായിരുന്നു പരാതിക്കാധാരം.

ഇടത് വലതുമുന്നണികൾക്ക് പ്രതിസന്ധി

ബാർകോഴ കേസിൽ സിബിഐ അന്വേഷണം നടന്നാൽ കേരളത്തിലെ ഇടതു വലതു മുന്നണികൾക്ക് അത് ഒരുപോലെ പ്രതിസന്ധി ഉണ്ടാക്കും. കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ ബാബുവും വിഎസ് ശിവകുമാറും അന്വേഷണം നേരിടേണ്ടി വരും. സമാനമായി ഇടതുമുന്നണിയുടെ ഭാഗമായ കെ മാണിയുടെ മകൻ ജോസ് കെ മാണിയും അന്വേഷണ പരിധിയിൽ ഉൾപ്പെടും. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന് താഴെയിറക്കാൻ ബാർകോഴ വിഷയത്തിൽ സമരം ചെയ്ത സിപിഎമ്മിന് ഉൾപ്പെടെ അന്വേഷണത്തെ തള്ളിപ്പറയാനും സാധിക്കില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക