മുന്‍ വിജിലന്‍സ് ഡിവൈ.എസ്.പി വി. മധുസൂദനന് എതിരെ, നടിയുടെ പരാതിയില്‍ കേസ്. കൊല്ലം സ്വദേശിനിയായ നടിയുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് ആണ് തൃക്കരിപ്പൂര്‍ സ്വദേശിയായ മധുസൂദനന് എതിരെ കേസെടുത്തത്. സിനിമ താരവും സിനിമ നിര്‍മ്മാതാവും ആണ് ഇദ്ദേഹം.
ഹോംസ്റ്റേയിലെ മുറിയില്‍ വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ച് മോശമായി പെരുമാറി എന്നാണ് യുവതി പരാതി നല്‍കിയത്. പെരിയയിലുള്ള ഹോംസ്റ്റേയില്‍ വച്ച് ശനിയാഴ്ച രാത്രിയോടെയാണ് സംഭവമെന്നാണ് പറയുന്നത്. ആല്‍ബം ഷൂട്ടിംഗില്‍ അഭിനയിക്കാന്‍ ബേക്കല്‍ കോട്ടയില്‍ എത്തിയ കൊല്ലം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. പെരിയ കല്ല്യോട്ടെ ഹോംസ്റ്റെയിലാണ് യുവതി താമസിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ബേക്കല്‍ പൊലീസ് പറഞ്ഞു.
ആല്‍ബത്തില്‍ അഭിനയിക്കാന്‍ എത്തിയ യുവതി തനിക്കെതിരെ നല്‍കിയത് വ്യാജ പരാതിയാണെന്ന് മുന്‍ ഡിവൈ.എസ്.പി വി മധുസൂദനന്‍ പറഞ്ഞു. കാഞ്ഞങ്ങാട് സ്വദേശിയാണ് താമസിക്കാന്‍ മുറി വേണമെന്ന് ആവശ്യപ്പെട്ട് കല്ല്യോട്ടെ വീട്ടില്‍ എത്തിയത്. നടി ഒറ്റക്ക് ആണെന്ന് അറിയില്ലായിരുന്നു. കുടുംബസമേതം ആണെന്ന് കരുതിയാണ് ഹോംസ്റ്റേ കൊടുത്തത്.
ഏഴര മണിയോടെ ഭക്ഷണം വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണം എത്തിച്ചു നല്‍കി. ഒറ്റക്കാണെങ്കില്‍ അവിടെ എ.സി മുറിയുണ്ട് അവിടെ കിടന്നോ എന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്നെ മുറിയിലേക്ക് ക്ഷണിച്ചു എന്ന് തെറ്റിദ്ധരിച്ച്,ഇവര്‍ എന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചു പരാതി നല്‍കി. തന്റെ ശത്രുക്കളാണ് കേസെടുത്തതിന് ശ്രമിച്ചതിന് പിന്നിലെന്ന് സംശയിക്കുന്നതായി മധുസൂദനന്‍ പറഞ്ഞു.