ഭിന്നശേഷിക്കാരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനെന്ന് അവകാശപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും കായിക മന്ത്രി ഉദയനിധിയെയും കബളിപ്പിച്ച യുവാവിനെതിരെ കേസെടുത്തു. രാമനാഥപുരം സ്വദേശി വിനോദ് ബാബുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. പാകിസ്ഥാനില്‍ നടന്ന വീല്‍ ചെയര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ വിജയിച്ചുവെന്ന് പറഞ്ഞ് വ്യാജ ട്രോഫിയുമായി എത്തിയ ഇയാളെ മുഖ്യമന്ത്രിയും കായിക മന്ത്രിയും ഹാര്‍ദ്ദവമായി സ്വീകരിച്ചു. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

യുവാവ് കുറച്ച്‌ നാളായി നാട്ടിലുണ്ടായിരുന്നില്ല. ഒരു വലിയ ട്രോഫിയുമായാണ് ഇയാള്‍ മടങ്ങിയെത്തിയത്. പാകിസ്ഥാനില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉണ്ടായിരുന്നു. അതില്‍ ടീം വിജയിച്ചെന്നും ടീമിനെ നയിച്ചത് താനാണെന്നും വിനോദ് നാട്ടില്‍ പ്രചരിപ്പിച്ചു. നാട്ടുകാര്‍ ഇയാള്‍ക്ക് വേണ്ടി പൗരസ്വീകരണം നല്‍കി. വഴിയോരത്തെല്ലാം ഫ്ലെക്സുകള്‍ സ്ഥാപിച്ചു. ഇതിന് പിന്നാലെ വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനും അഭിനന്ദവുമായി രംഗത്തെത്തി. തുടര്‍ന്ന് യുവാവിനെ മന്ത്രി മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ വക അഭിനന്ദനവും പൊന്നാടയും ഈ തട്ടിപ്പകാരന് ലഭിച്ചു. കായിക മന്ത്രി ഉദയനിധിയും സ്റ്റാലിനും വിനോദിനെ അഭിനന്ദിച്ചു. വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ യുവാവ് പെട്ടു. ഇയാള്‍ക്കെതിരെ രാമനാഥപുരം പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു.പാസ്‌പോര്‍ട്ട് പോലുമില്ലാത്ത ഇയാള്‍ ഇന്ത്യവിട്ടെങ്ങും പോയിട്ടില്ലെന്ന് കണ്ടെത്തി. കൂടാതെ ഇത് പറഞ്ഞ് നിരവധി ആളുകളുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ തമിഴ്നാട് പൊലീസിനും ഇന്‍സ്റ്റലിജന്‍സ് വകുപ്പിനുമെതിരെ വലിയ രീതിയിലുള്ള വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക