തിരുവനന്തപുരം: സിനിമാമേഖലയില്‍ രാസലഹരി ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കുന്ന പ്രമുഖ നടീനടന്‍മാരടക്കം പത്തോളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചതായി എക്‌സൈസ്. സിനിമാ മേഖലയില്‍നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാല്‍ പരിശോധന നടത്താനാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ലഹരിക്കടത്ത് കേസില്‍ പിടിയിലാകുന്നവരില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലും അവരുടെ ഫോണ്‍ നമ്ബരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് സിനിമാപ്രവര്‍ത്തകരിലേക്ക് അന്വേഷണ സംഘം എത്തുന്നത്.

സൈറ്റുകളില്‍ പരിശോധന നടത്തുന്നതിന് പൊലീസിനും എക്സൈസിനും പരിമിതികളുണ്ട്. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയാലും ലഹരിമരുന്ന് കണ്ടെടുക്കാനായില്ലെങ്കില്‍ പ്രതിഷേധം ഉയരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. റെയ്ഡ് നടത്തുമ്ബോള്‍ ഷൂട്ടിങ് തടസ്സപ്പെടാം. കോടികള്‍ മുടക്കുന്ന വ്യവസായമായതിനാല്‍ ഷൂട്ടിങ് തടസപ്പെടുന്നത് പ്രതിഷേധത്തിന് ഇടയാക്കും. കേസെടുത്താല്‍ സിനിമാ സെറ്റുകളില്‍ ഉള്ളവര്‍ കോടതിയില്‍ സാക്ഷിപറയാനെത്താത്ത സാഹചര്യം ഉണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയിലുള്ളവര്‍ തന്നെ മുന്‍കൈ എടുത്ത് സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കണമെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് ഉടന്‍ വിവരം കൈമാറി സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എറണാകുളം ജില്ലയിലുള്ളവരാണ് രാസലഹരി ഉപയോഗത്തില്‍ മുന്നിലെന്നാണ് എക്സൈസ് കണ്ടെത്തല്‍. സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. സിനിമയുടെ വിവിധ മേഖലകളില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണികളെന്നും ഇവര്‍ പറയുന്നു.

ഇവരെ ചോദ്യം ചെയ്തപ്പോഴും ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും അഭിനേതാക്കളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ ലഭിച്ചു. സെറ്റുകളില്‍ രാസലഹരി ഉപയോഗിക്കുന്നവരെക്കുറിച്ചുള്ള വിവരം പൊലീസും ശേഖരിച്ചു. എന്നാല്‍, സിനിമാ സംഘടനകളില്‍നിന്നും സഹകരണം ലഭിക്കാത്തതിനാല്‍ തുടരന്വേഷണം നടത്താനായില്ലെന്ന് അധികൃതര്‍ പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക