ഇന്ത്യയില്‍ ടൊയോട്ടയുടെ അഡ്രസായി മാറിയ വാഹനമാണ് ഇന്നോവ. എംപിവി വിപണിയിലെ പ്രമാണിയെന്ന് അറിയപ്പെടുന്ന ഈ തട്ടുപൊളിപ്പന്‍ വാഹനം മൂന്ന് ആവര്‍ത്തനങ്ങളിലാണ് നിരത്തിലോടുന്നത്. മൂന്നും ഒന്നിനൊന്ന് ഹിറ്റടിച്ച്‌ ചരിത്രം തന്നെ കുറിച്ചുവെന്നു വേണം പറയാന്‍. വലിയ ഫാമിലിക്കായാലും ടാക്‌സിയായി ഓടാനായാലും ഏവരുടേയും ആദ്യ ചോയ്‌സ് ഇന്നോവ തന്നെയാവും.

ഇപ്പോള്‍ പുതുതായി എത്തിയ ഇന്നോവ ഹൈക്രോസിനെ മാരുതിയുടെ അഡ്രസിലേക്ക് മാറ്റാന്‍ ഒരുങ്ങുകയാണ് കമ്ബനി എന്നതാണ് വാര്‍ത്ത. ഇതിനോടകം ഇക്കാര്യം പലരും അറിയാനിടയായെങ്കിലും ഇത് എന്ന് യാഥാര്‍ഥ്യമാവുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു മാരുതിയുടെ ആരാധകര്‍. ബലേനോ ഗ്ലാന്‍സയായത് പോലെ, ബ്രെസ അര്‍ബന്‍ ക്രൂയിസര്‍ ആയതുപോലെയും അര്‍ബണ്‍ ക്രൂസിയറും ഗ്രാന്റ് വിറ്റാരയും ഒരുക്കിയതു പോലെ തന്നെയാവും ഈ രൂപമാറ്റവും. എന്നാല്‍ ഇതാദ്യമായാണ് ടൊയോട്ടയുടെ ഒരു മോഡല്‍ മാരുതി നിരയിലേക്ക് മാറുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതില്‍ ടൊയോട്ട ആരാധകര്‍ നിരാശരാണെങ്കിലും മാരുതിയും ഡീലര്‍മാരും ഹാപ്പിയാണ്. വാഹനത്തിനായി ഇനി അധികകാലം കാത്തിരിക്കേണ്ടെന്നാണ് ബ്രാന്‍ഡില്‍ നിന്നും ലഭിക്കുന്ന സൂചന. ഏറെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന ജിംനിയുടെ ലോഞ്ചിന് ശേഷം എംപിവി യാഥാര്‍ഥ്യമാവുമെന്നാണ് വിവരം. അതായത് രണ്ട് മാസത്തിനുള്ളില്‍ ഇന്നോവയുടെ സുസുക്കി പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനാണ് പദ്ധതിയെന്ന് സാരം. അവതരണം ഉടനുണ്ടാവുമെങ്കിലും 2023 ഉത്സവ സീസണോടെ വില്‍പ്പന ആരംഭിക്കാനാണ് നീക്കം. ഡിസൈനില്‍ ചെറിയ പരിഷ്ക്കാരങ്ങളുമായാവും അഡ്രസ് മാറ്റുക.

ടൊയോട്ടയുടെ കര്‍ണാടകയിലെ ബിദാദിയിലുള്ള പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ഇന്നോവ ഹൈക്രോസിന്റെ മാരുതിയുടെ പതിപ്പിന് ഒരു പുതിയ മുന്‍വശം ഒരുക്കാനാണ് സാധ്യത. മാരുതിയില്‍ നിന്നുള്ള പ്രീമിയം പാക്കേജ് ആയിരിക്കും എംപിവി. പ്ലാറ്റ്ഫോമും ടെക്കും മറ്റ് മെക്കാനിക്കല്‍ ഭാഗങ്ങളും ടൊയോട്ട ഇന്നോവ ഹൈക്രോസില്‍ നിന്നും മുന്നോട്ടുകൊണ്ടുപോവും. NEXTre എന്നു വിശേഷിപ്പിക്കുന്ന ഡിആര്‍എല്ലുകള്‍, വ്യത്യസ്‌ത ശൈലിയിലുള്ള അലോയ് വീലുകള്‍ തുടങ്ങിയ ചിന്ന മാറ്റങ്ങളാവും എംപിവിക്കുണ്ടാവുക.വലിപ്പത്തിന്റെ കാര്യമനുസരിച്ച്‌ ഇന്നോവ ഹൈക്രോസിന് സമാനമായിരിക്കും മാരുതിയുടെ വണ്ടിയും. 4.7 മീറ്റര്‍ നീളവും 1.84 മീറ്റര്‍ വീതിയും 1.79 മീറ്റര്‍ ഉയരവും വീല്‍ബേസില്‍ 2850 മില്ലീമീറ്ററുമാണ് എംപിവിക്കുള്ളത്. G, GX, VX, ZX, ZX (O) വേരിയന്റില്‍ ഹൈക്രോസ് എത്തുമ്ബോള്‍ നെക്‌സ വാഹനങ്ങള്‍ക്കൊപ്പം നല്‍കുന്ന സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ, ആല്‍ഫ പ്ലസ് ട്രിമ്മുകള്‍ക്ക് തുല്യമായിരിക്കും മാരുതി ഹൈക്രോസ്.

ഇപ്പറഞ്ഞ കാര്യങ്ങളൊഴികെ മറ്റെല്ലാം ടൊയോട്ടക്ക് സമാനമായിരിക്കും. മാരുതി സുസുക്കി ഹൈക്രോസ് എംപിവി ടൊയോട്ടയുടെ ഗ്ലോബല്‍ ടിഎന്‍ജിഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക. ഭാരം കുറഞ്ഞ, കടുപ്പമുള്ള ഷാസി, ഡൈനാമിക് ഹാന്‍ഡ്‌ലിംഗ്, കിടിലന്‍ യാത്രാ സുഖം എന്നിവ നല്‍കുന്ന മോണോകോക്ക് നിര്‍മാണമാണിത്. ഇതോടൊപ്പം ഹൈബ്രിഡ് എഞ്ചിന്‍ കൂടി ചേരുന്നതോടെ സംഭവം കളറാവും. ടൊയോട്ടയുടെ TNGA 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ നോണ്‍-ഹൈബ്രിഡ്, ഹൈബ്രിഡ് സജ്ജീകരണങ്ങളിലാവും വരിക.

നോണ്‍-ഹൈബ്രിഡ് എഞ്ചിന്‍ 171 bhp കരുത്തില്‍ പരമാവധി 205 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും. ഒരു സിവിടിയുമായി ഗിയര്‍ബോക്‌സുമായി മാത്രമാവും ഇത് വരിക. ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള രണ്ടാമത്തെ ഓപ്ഷന്‍ 183.8 bhp പവറില്‍ 206 Nm torque വരെ നല്‍കാന്‍ പ്രാപ്‌തമാണ്. ഒരു e-CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ഇത് ജോടിയാക്കുക.അതായത് ഓട്ടോമാറ്റിക് ഓപ്ഷന്‍ മാത്രമേ വാഹനത്തിലുണ്ടാവൂ എന്ന് സാരം. ADAS സേഫ്റ്റി ഫീച്ചര്‍ ലഭിക്കുന്ന മാരുതിയുടെ ആദ്യ കാറും ഇതായിരിക്കും. ടൊയോട്ട സേഫ്റ്റി സെന്‍സ് ADAS സ്യൂട്ട് മാരുതി ഹൈക്രോസിലേക്ക് എത്തും. പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, 3-വരി ഇരിപ്പിടങ്ങള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, രണ്ടാം നിര യാത്രക്കാര്‍ക്കുള്ള പവര്‍ഡ് ഓട്ടോമന്‍ ഫംഗ്‌ഷന്‍ എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളാലും എംപിവി സമ്ബന്നമായിരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക