ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ബില്യണയറും മഹീന്ദ്ര&മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിററ്റിസുമായ കേശുബ് മഹീന്ദ്ര അന്തരിച്ചു. 48 വര്‍ഷക്കാലം മഹീന്ദ്ര ഗ്രൂപ്പിനെ നയിച്ച അദ്ദേഹം 99-ാം വയസിലാണ് വിട വാങ്ങിയത്. അദ്ദേഹത്തിന്റെ ചെയര്‍മാന്‍ഷിപ്പിലാണ് ഓട്ടോമൊബീല്‍ മാനുഫാക്ചര്‍ എന്നതില്‍ നിന്നും ഐടി, റിയല്‍ എസ്‌റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലേക്കും ഗ്രൂപ്പ് വളര്‍ന്നത്. ഫോബ്സ് പട്ടികയില്‍ ഇടം നേടിയ 169 ഇന്ത്യന്‍ ശതകോടീശ്വരന്മാരിലെ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു അദ്ദേഹം. 120 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി കണക്കാക്കിയിരുന്നത്.

യു.എസിലെ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ അദ്ദേഹം പിതാവിന്റെ വഴിയെ 1947ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ എത്തി. 1963ല്‍ കമ്ബനിയുടെ ചെയര്‍മാനായി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സഹസ്ഥാപകനാണ് കേശുബിന്റെ പിതാവ് ജെ.സി മഹീന്ദ്ര. അനന്തിരവന്‍ ആനന്ദ് മഹീന്ദ്രയ്ക്ക് സ്ഥാനം നല്‍കിക്കൊണ്ട് കേശുബ് 2012ല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങി. 2004 മുതല്‍ 2010 വരെ കേശുബ് മഹീന്ദ്ര പ്രധാനമന്ത്രിയുടെ വ്യാപാര വ്യവസായ കൗണ്‍സില്‍ അംഗമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ടാറ്റ സ്റ്റീല്‍, ടാറ്റ കെമിക്കല്‍സ്, ഇന്ത്യന്‍ ഹോട്ടല്‍സ്, ഐ.എഫ്.സി, ഐ.സി.ഐ.സി.ഐ എന്നിവയുള്‍പ്പെടെ സ്വകാര്യ, പൊതു മേഖലയിലെ നിരവധി ബോര്‍ഡുകളിലും കൗണ്‍സിലുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(ഹഡ്കോ) സ്ഥാപകനും ചെയര്‍മാനുമായിരുന്നു കേശുബ് മഹീന്ദ്ര.

ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ വൈസ് ചെയര്‍മാന്‍, മഹീന്ദ്ര യുജിന്‍ സ്റ്റീല്‍ കമ്ബനി ലിമിറ്റഡ് ചെയര്‍മാന്‍, ബോംബെ ഡൈയിംഗ് & മാനുഫാക്ചറിംഗ് കമ്ബനി ലിമിറ്റഡ്, ബോംബെ ബര്‍മ ട്രേഡിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍ എന്ന നിലയിലും പ്രവര്‍ത്തിച്ചു. കമ്ബനി നിയമവും എംആര്‍ടിപിയും സംബന്ധിച്ച സച്ചാര്‍ കമ്മീഷന്‍, സെന്‍ട്രല്‍ അഡൈ്വസറി കൗണ്‍സില്‍ ഓഫ് ഇന്‍ഡസ്ട്രീസ് എന്നിവയുള്‍പ്പെടെ നിരവധി കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 1987ല്‍ ഫ്രഞ്ച് ഗവണ്‍മെന്റ് അദ്ദേഹത്തിന് ഷെവലിയര്‍ ഡി എല്‍ ഓര്‍ഡ്രെ നാഷണല്‍ ഡി ലാ ലെജിയന്‍ ഡി ഹോണര്‍ നല്‍കി ആദരിച്ചു. 2004 മുതല്‍ 2010 വരെ, മഹീന്ദ്ര, ന്യൂഡല്‍ഹിയിലെ പ്രൈം മിനിസ്റ്റേഴ്സ് ഓണ്‍ ട്രേഡ് & ഇന്‍ഡസ്ട്രിയിലെ അംഗമായിരുന്നു.

അസോചമിന്റെ അപെക്സ് ഉപദേശക സമിതിയിലെ അംഗവും എംപ്ലോയേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് എമറിറ്റസും കൂടിയായിരുന്നു. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ ഓണററി ഫെലോയും യുണൈറ്റഡ് കിംഗ്ഡത്തിലെ കൗണ്‍സില്‍ ഓഫ് യുണൈറ്റഡ് വേള്‍ഡ് കോളേജുകളിലെ (ഇന്റര്‍നാഷണല്‍) അംഗവുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക