മുംബൈയിലെ ഒരു പ്ലേ സ്കൂളില്‍ അധ്യാപകര്‍ കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. അധ്യാപകര്‍ കുട്ടികളെ തറയിലൂടെ വലിച്ചിഴക്കുന്നതിന്‍റെയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വലിയ രോഷത്തിന് ഇടയാക്കിയത്. ദൃശ്യങ്ങളില്‍ രണ്ട് വനിതാ അധ്യാപകരാണ് കുട്ടികളോട് അതിക്രൂരമായി പെരുമാറുന്നതായുള്ളത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തെന്ന് റിപ്പോര്‍ട്ടുകള്‍.

മുംബൈയിലെ കാന്തിവില്ലിയിലെ പ്ലേ സ്‌കൂളിലെ രണ്ട് വനിതാ അധ്യാപകരാണ് കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ വലിച്ചിഴയ്ക്കുന്നതും മര്‍ദിക്കുന്നതും തല്ലുന്നതും കാണാം. രണ്ട് അധ്യാപികമാര്‍ക്കെതിരെയും മുംബൈ പോലീസ് കേസെടുത്തു. കുറ്റാരോപിതരായ അധ്യാപകര്‍ കുട്ടികളുടെ കവിളില്‍ നുള്ളുകയും ആവര്‍ത്തിച്ച്‌ അടിക്കുകയും പുസ്തകം കൊണ്ട് തലയില്‍ അടിക്കുകയും ചെയ്യാറുണ്ടെന്ന് രക്ഷിതാക്കള്‍ മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധ്യാപകരുടെ ആക്രമം കാണിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ രണ്ട് ക്ലിപ്പുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടത്. ആദ്യ ദൃശ്യത്തില്‍ ഒരു അധ്യാപിക കുട്ടികളുടെ കയ്യില്‍ പിടിച്ച്‌ പൊക്കിയെടുത്ത് വട്ടം കറക്കി മുറിയുടെ മൂലയിലേക്ക് എറിയുന്നത് കാണാം. കൂടാതെ കുട്ടികളെ നിലത്തിട്ട് മര്‍ദ്ദിക്കുന്നതിന്‍റെയും തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്‍റെയും കവിളില്‍ നുള്ളുന്നതിന്‍റെയും ഒക്കെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം. ഒട്ടേറെ കരുതലോടെയും സ്നേഹ വാത്സല്യങ്ങളോടെയും ചെയ്യേണ്ട ഒരു ജോലി ഇത്രമാത്രം ക്രൂരമായി ചെയ്യുന്ന അധ്യാപകര്‍ക്കെതിരെ വലിയ രോഷമാണ് നെറ്റിസണ്‍സിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.

അധ്യാപകര്‍ക്കെതിരെ കേസെടുത്ത പോലീസ് സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ജനുവരി മുതല്‍ മാര്‍ച്ച്‌ മാസം വരെയുള്ള കാലയളവില്‍ നിരവധി തവണ കുട്ടികള്‍ അധ്യാപകരുടെ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്നതിന് തെളിവ് ലഭിച്ചെന്നാണ് പോലീസ് പറയുന്നത്. സ്ഥാപനത്തിന്‍റെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വീഡിയോ കണ്ട ഭൂരിഭാഗം സാമൂഹിക മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക