അടൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജാഥയ്ക്കുള്ള സ്വീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോകാതിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ പേര് മസ്റ്റര്‍ റോളില്‍ ഉള്‍പ്പെടുത്താതിരുന്നുവെന്ന പരാതിയില്‍ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാന്റെ ഇടപെടല്‍. തൊഴിലാളിക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കണമെന്നും അനാവശ്യ തടസങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരേ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഓംബുഡ്സ്മാന്‍ ഉത്തരവിട്ടു. കടമ്ബനാട് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളി ഡി. സിന്ധു അടക്കമാണ് പരാതിക്കാര്‍. പഞ്ചായത്ത് സെക്രട്ടറി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് എതിര്‍ കക്ഷികള്‍.

കഴിഞ്ഞ എല്ലാ വര്‍ഷങ്ങളിലും 100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളവരാണ് പരാതിക്കാര്‍. ഈ വര്‍ഷം ഇതു വരെ 97 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍, അച്ചടിച്ചു വന്ന മസ്റ്റര്‍ റോളില്‍ പരാതിക്കാരിയുടെ പേര് ഇട്ടിട്ടില്ലായെന്നും അടൂരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാത്തതിലുള്ള വിരോധം കാരണം പേര് ഉള്‍പ്പെടുത്താതിരുന്നതുമെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് മാര്‍ച്ച്‌ 25 മുതല്‍ 28 വരെ മസ്റ്റര്‍ റോള്‍ അടിച്ചു കിട്ടി. 25 ന് വര്‍ക്ക് സൈറ്റില്‍ ചെന്നപ്പോള്‍ അവിടെ ആരും ഇല്ല. അന്വേഷിച്ചപ്പോള്‍ 10-ാം വാര്‍ഡില്‍ ആരോ മരിച്ചുവെന്നും അതു കാരണമാണ് പ്രവൃത്തി നടക്കാത്തതെന്നും വിവരം കിട്ടി. അതേ സമയം, തൊഴിലുറപ്പ് പണി അവിടെ നടക്കുന്നുമുണ്ടായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ സാമ്ബത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ഇവര്‍ക്ക് കിട്ടുന്നത് ഒഴിവാക്കാന്‍ വേണ്ടി വാര്‍ഡ് മെമ്ബറും മേറ്റും കൂടി മനഃപൂര്‍വം ആറാം വാര്‍ഡില്‍ ജോലി നിര്‍ത്തി വച്ചിട്ടുള്ളതാണെന്നായിരുന്നു സിന്ധുവിന്റെ പരാതി. ഇത് ശരി വച്ചു കൊണ്ടാണ് ഓംബുഡ്സ്മാന്‍ അന്ന് തന്നെ ഉത്തരവ് പുറപ്പെടുവിച്ചത്. തൊഴിലാളികള്‍ക്ക് ഒരു സാമ്ബത്തിക വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്ന് ഓംബുഡ്സ്മാന്‍ ഉത്തരവില്‍ പറയുന്നു. പരാതിക്കാര്‍ക്ക് ഈ സാമ്ബത്തിക വര്‍ഷം തന്നെ അവര്‍ സന്നദ്ധരാകുന്ന പക്ഷം 100 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഓംബുഡ്സ്മാന്‍ നിര്‍ദേശിച്ചു. 100 തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നതിന് അനാവശ്യ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരേ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഉത്തരവില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ വേണ്ട നടപടി സ്വീകരിക്കുന്നതിന് പറക്കോട് ബ്ലോക്ക് പ്രോഗ്രാം ഓഫീസറോടും നിര്‍ദേശിച്ചു.

സിപിഎം നേതാവാണ് ആറാം വാര്‍ഡ് മെമ്ബര്‍ ലിന്റോ. തങ്ങളുടെ വരുതിക്ക് നില്‍ക്കാത്തവരെ ദ്രോഹിക്കുന്നത് സിപിഎമ്മിന്റെ പതിവ് പരിപാടിയാണ്. ഒരു മാസം മുന്‍പാണ് ഫണ്ട് അനുവദിക്കുന്നതിലെ വിവേചനത്തിനെതിരേ ഓംബുഡ്സ്മാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കര്‍ശന താക്കീത് നല്‍കിയിരുന്നു. യു.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡില്‍ ഫണ്ട് അനുവദിക്കുന്നതില്‍ വിവേചനം കാട്ടരുതെന്നും നിര്‍ദേശിച്ചിരുന്നു.

ജനാധിപത്യ സംവിധാനത്തില്‍ ഒരു ജന പ്രതിനിധി എങ്ങനെ പെരുമാണമെന്നതില്‍ യാതൊരു ധാരണയുമില്ലാതെ തന്നിഷ്ടം കാണിക്കുന്ന പഞ്ചായത്ത് മെമ്ബര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ല. നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അക്രമം കാണിച്ചതിനും പഞ്ചായത്ത് ഓഫീസില്‍ വച്ച്‌ പരസ്യമായി സ്ത്രീകെള അപമാനിച്ചതിലും തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതു സംബന്ധിച്ചും മുന്‍പും ഈ പഞ്ചായത്തംഗത്തിനെതിരെ പരാതികള്‍ ഉയരുകയും പൊലീസ് കേസെടുത്തരുന്നു. ഹൈക്കോടതിയില്‍ കേസുകള്‍ നടന്നുവരികയുമാണ്.ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മണ്ണടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക