കണ്ണൂർ: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിർത്തി വളരെ വലിയ പദ്ധതികളാണ് സംസ്ഥാനത്ത് ബി ജെ പി നടത്തി വരുന്നത്. കേന്ദ്ര നേതൃത്വം തന്നെ നേരിട്ട് കേരളത്തില്‍ എത്തി വിവിധ തരത്തിലുള്ള ചർച്ചകള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. രാജ്യത്ത് തന്നെ ബി ജെ പിക്ക് ഇതുവരെ ഒരു ലോക്സഭ സീറ്റ് നേടാന്‍ കഴിയാത്ത ചുരുക്കും സംസ്ഥാനത്തിലൊന്നായ കേരളത്തില്‍ നിന്നും ഇത്തവണ ഏത് വിധേനയും ഒരു സീറ്റ് വിജയിക്കുകയെന്ന് ഉറപ്പിച്ചാണ് ബി ജെ പി മുന്നോട്ട് പോവുന്നത്.

ഇതിനായി ക്രിസ്ത്യന്‍ വോട്ടുബാങ്കുകളിലേക്ക് കടന്ന കയറാനുള്ള ശക്തമായ നീക്കങ്ങളും പാർട്ടി ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് സംസ്ഥാനത്ത് നിന്നും ഒരു എംപി പോലും ഇല്ലെന്ന ബി ജെ പിയുടെ വിഷമം മാറ്റിത്തരാമെന്ന വാഗ്ദാനവുമായി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്ത് വന്നിരിക്കുന്നത്. ഇതിനായി ഒരു ഉപാധിയും അദ്ദേഹം മുന്നോട്ട് വെക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂര്‍ ആലക്കോട് നടന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രതിഷേധ റാലിയില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് കേരളത്തില്‍ നിന്ന് ബി ജെ പിക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്ന ആർച്ച് ബിഷപ്പിന്റെ വാഗ്ദാനം. എന്നാല്‍ റബ്ബറിന്റെ അടിസ്ഥാന വില 300 രൂപയാക്കി മാറ്റണമെന്ന നിബന്ധനയാണ് ഇതിന് അദ്ദേഹം ബി ജെപിക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

‘ കർഷകർ വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. റബ്ബറിന് വിലയില്ല, വലിയ വിലത്തകര്‍ച്ചയാണ് അടുത്തിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആരാ ഉത്തരവാദി, ആരും ഉത്തരവാദികളല്ല. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ വിചാരിച്ചാല്‍ റബ്ബറിന്റെ വില 250 രൂപയാക്കാന്‍ കഴിയും. തിരഞ്ഞെടുപ്പില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധത്തിനും ജനാധിപത്യത്തില്‍ വിലയില്ല എന്ന സത്യം എല്ലാവരും ഓർക്കണം’- പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

‘കർഷകർക്ക് കേന്ദ്രസര്‍ക്കാരിനോട് പറയാനുള്ളത് നിങ്ങളുടെ പാര്‍ട്ടി ഏതുമായിക്കൊള്ളട്ടെ, ഞങ്ങള്‍ നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിക്കാം, നിങ്ങള്‍ വില 300 രൂപയായി പ്രഖ്യാപിച്ച് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ എടുക്കുക. സംസ്ഥാനത്ത് നിങ്ങള്‍ക്ക് ഒരു എം.പി. പോലുമില്ലെന്ന വിഷമം ഈ കുടിയേറ്റ ജനത മാറ്റിത്തരാം.’, ബിഷപ്പ് പറഞ്ഞു.

യു ഡി എഫ് മന്ത്രിസഭയില്‍ കെ എം മാണി ധനകാര്യമന്ത്രിയായപ്പോള്‍ റബ്ബറിന്റെ താങ്ങുവില 150 രൂപയാക്കി. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത് 250 ആക്കി ഉയർത്തുമെന്നായിരുന്നു എല്‍ ഡി എഫിന്റെ വാഗ്ദാനം. എന്നാല്‍ ഇന്ന് കർകഷകർക്ക് ലഭിക്കുന്നത് 120 രൂപ മാത്രമാണ്. എന്നാല്‍ ഉത്പാദനത്തിന് ഇതിലേറെ ചിലവ് വരുന്നുണ്ട്. റബ്ബറിനെ ആശ്രയിച്ച് കഴിയുന്ന മലയോര ജനതയുടെ നട്ടെല്ല് ഒടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളുമായി അടുക്കാന്‍ ശ്രമിക്കുന്ന ബി ജെ പി ബിഷപ്പിന്റെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുമെന്നാണ് നോക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക