കൊച്ചി: കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നു എന്ന വാര്‍ത്ത വൈകിട്ടോടെയാണ് പുറത്തുവന്നത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കടുത്ത ഉപാധികളോടെയാണ് ഹൈക്കോടതിയുടെ അനുമതി നല്‍കിയിത്. മാര്‍ച്ച്‌ 22 ന് തൃശ്ശൂരില്‍ നടക്കുന്ന വിവാഹത്തില്‍ പങ്കെടുക്കാനും വിവാഹത്തലേന്ന് വീട് സന്ദര്‍ശിക്കാനുമാണ് കോടതി അനുമതി നല്‍കിയത്. മാനുഷിക പരിഗണന നല്‍കിയാണ് നടപടിയെന്നും കോടതി വിശദീകരിച്ചിരുന്നു.

റിപ്പര്‍ ജയാനന്ദന്‍റെ അഭിഭാഷകയായ മകളുടെ വാദത്തിനൊടുവിലാണ് കോടതി മാനുഷിക പരിഗണന നല്‍കി റിപ്പറിന് തത്കാലം പുറത്തിറങ്ങാന്‍ അനുമതി നല്‍കിയതെന്നതാണ് മറ്റൊരു കാര്യം. ജയാനന്ദന്‍റെ ഭാര്യ ഇന്ദിര സമര്‍പ്പിച്ച ഹര്‍ജിയില്‍ അഭിഭാഷകയായ മകള്‍ കീര്‍ത്തിയാണ് കോടതിയില്‍ ഹാജരായത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ 15 ദിവസത്തെ പരോളിനാണ് അപേക്ഷിച്ചതെങ്കിലും സര്‍ക്കാര്‍ എതിര്‍ത്തു. പിന്നീട് വിവാഹത്തില്‍ പങ്കെടുക്കാന്‍ മാത്രം അനുമതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ഇതിനെല്ലാം ഒടുവിലാണ് മകള്‍ കീര്‍ത്തി മാനുഷിക പരിഗണന എന്നതിലേക്ക് വാദം ഉന്നയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്‍റെ വിവാഹമാണ് നടക്കുന്നതെന്നും അച്ഛന്‍ വിവാഹത്തിന് എത്തണമെന്ന് വലിയ ആഗ്രഹമാണെന്നും കീര്‍ത്തി പറഞ്ഞു. മകളെന്ന നിലയില്‍ കനിവ് നല്‍കണമെന്നും കീര്‍ത്തി അഭ്യര്‍ത്ഥിച്ചു. മകളെന്ന നിലയിലുള്ള മാനുഷിക പരിഗണനയും കനിവും കീര്‍ത്തി ചോദിച്ചത് മാനിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ റിപ്പര്‍ ജയാനനന്ദന് കടുത്ത ഉപാധികളോടെയാണെങ്കിലും അനുവാദം നല്‍കിയത്.ജയാനന്ദന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാം. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ പങ്കെടുക്കാം. വിവാഹത്തലേന്നും വീട്ടിലെത്താം. ജയാനന്ദന്‍ തിരിച്ച്‌ ജയിലേക്ക് മടങ്ങുമെന്ന് ഭാര്യയും മകളും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക സുരക്ഷ ഒരുക്കാനും കോടതി പൊലീസിനോട് നിര്‍ദേശിച്ചു.

അതായത് 21ാം തീയതി വിവാഹത്തില്‍ തലേദിവസം പൊലീസ് സംരക്ഷണത്തില്‍ റിപ്പര്‍ ജയാനന്ദന് വീട്ടിലേക്കെത്താം. 22ാം തീയതി 9 മണി മുതല്‍ 5 മണി വരെ വിവാഹത്തില്‍ പങ്കെടുക്കാം. രണ്ട് ദിവസത്തെ അനുമതിയാണ് നല്‍കിയിരിക്കുന്നത്. വിവാഹ ചടങ്ങിലടക്കം പൊലീസുകാര്‍ സാധാരണ വസ്ത്രം ധരിക്കണമെന്നും അടിയന്തിര സാഹചര്യത്തിലല്ലാതെ വിവാഹ ചടങ്ങുകളില്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശത്തിലുണ്ട്. ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജയാനന്ദന്‍ ഇപ്പോള്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക