പാലാ, കോട്ടയം കെ എസ് ആർ ടിസി ഡിപ്പോകളിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. പാലാ സ്വദേശി ജെയിംസ് പാമ്പയ്ക്കലിനെ ആണ് പാലാ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ശനിയാഴ്ചയാണ് പാലാ, കോട്ടയം കെ എസ്‌ ആർ ടി സി ഡിപ്പോകളിൽ ബോംബ് വയ്ക്കുമെന്ന ഭീഷണി ഉയർത്തിയ കത്ത് കോട്ടയം ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിൽ നിന്നും ലഭിക്കുന്നത്. തുടർന്ന് അധികൃതർ ഈ കത്ത് കോട്ടയം വെസ്റ്റ് പൊലീസിനു കൈമാറുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി കടലാസ് സംഘടനകളുടെ നേതാവ്; വീക്ക്നെസ്സ് ബിരിയാണി കിറ്റ് വിതരണം

ജെയിംസ് പാമ്പക്കൽ എന്ന പേര് പാലായിൽ പലർക്കും സുപരിചിതമാണ്. നിരവധി കടലാസും സംഘടനകൾ രൂപീകരിച്ച് അവയുടെ അധ്യക്ഷ സ്ഥാനം അലങ്കരിക്കലാണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രവർത്തന മേഖല. പ്രമുഖ സംഘടനകളുടെ പേരിനോട് സാദൃശ്യം തോന്നുന്ന രീതിയിലാണ് ഇദ്ദേഹം കടലാസ് സംഘടനകൾക്ക് രൂപം കൊടുക്കുന്നത്. സെന്റ് തോമസ് കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ, സെന്റ് തോമസ് സിവിൽ സർവീസ് പ്ലസ് അക്കാദമി എന്നിങ്ങനെ എന്നിങ്ങനെ നിരവധി സംഘടനകൾക്കാണ് ഇയാൾ രൂപം നൽകിയിട്ടുള്ളത്.

ഈ സംഘടനകളുടെ ബാനറിൽ ആതുരസേവനം എന്ന പേരിൽ ഇദ്ദേഹം ബിരിയാണി കിറ്റുകൾ വിതരണം ചെയ്യാറുണ്ട്. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ഭരണ പ്രതിപക്ഷ നേതാക്കളെ ഈ ചടങ്ങുകൾക്ക് മുഖ്യാതിഥികളായി ക്ഷണിച്ച് പറ്റിക്കാറുമുണ്ട്. യുഡിഎഫ് കൺവീനർ സജി മഞ്ഞക്കടമ്പലിൽ, യൂത്ത് കോൺഗ്രസ് നേതാവ് സഞ്ജയ് സക്കറിയാസ് എന്നിവർക്കെതിരെ അപകീർത്തി പ്രചരണം നടത്തിയതിന് ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. ഇയാളുടെ തട്ടിപ്പുകൾ തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതിനായിരുന്നു അപകീർത്തി പ്രചരണം.

യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ സജി മഞ്ഞകടമ്പിലിനെ അപകീർത്തിപ്പെടുത്തുന്നതിനായി ഇയാൾ തയ്യാറാക്കിയ കത്ത് സജിക്കെതിരെ രാഷ്ട്രീയ പ്രചാരണ ആയുധമായി കേരള കോൺഗ്രസ് ജോസ് കെ മാണി സൈബർ വിഭാഗം വ്യാപകമായി ഉപയോഗിച്ചിരുന്നു. കൂടാതെ അന്നത്തെ നഗരസഭ ചെയർമാന്റെ നിർദ്ദേശം അനുസരിച്ച് ഈ കത്ത് കൗൺസിലർമാർക്കിടയിൽ മുനിസിപ്പൽ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിതരണം ചെയ്തു എന്ന് ആക്ഷേപവും ഉയർന്നുവന്നിരുന്നു.

മുന്നണി ബന്ധങ്ങളിൽ പോലും കരിനീഴൽ വീഴ്ത്തിയ ഇടപെടലുകൾ

മുനിസിപ്പൽ ബസ്റ്റാൻഡ് സിപിഎം പാർട്ടി പരിപാടിക്ക് വിട്ടുകൊടുത്തതിന് പിന്നിൽ കോടികളുടെ അഴിമതി ഉണ്ട് എന്ന് ആരോപിച്ച് ഇയാൾ നഗരസഭ കൗൺസിലർമാർക്ക് കത്തയച്ചിരുന്നു. ഈ കത്തിന് വ്യാപക പ്രചരണം നൽകിയതിന് പിന്നിൽ ഇടതുമുന്നണിയിൽ തന്നെയുള്ള ചില കേരള കോൺഗ്രസ് സൈബർ വിഭാഗങ്ങളുടെ കൈയുണ്ടെന്ന് സിപിഎം സംശയിക്കുകയും ചെയ്തിരുന്നു എന്നാണ് അന്ന് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ. ഇയാളെ പല കേസുകളിലും അറസ്റ്റ് ചെയ്യാതിരുന്നതിനു പിന്നിലും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടപെടലും പലപ്പോഴും ആരോപണങ്ങളായി ഉയർന്നിരുന്നു.

പാലായിൽ ബോംബ് സ്ക്വാഡിനെ എത്തിച്ച ഭീഷണി

ജനകീയ പ്രതിരോധ ജാഥയുടെ പാലാ നിയോജകമണ്ഡലം പര്യടനവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്ഥലത്തെത്തിയ ദിവസമാണ് ബോംബ് ഭീഷണി ഉയർന്നത്. അതുകൊണ്ടുതന്നെ പോലീസ് കടുത്ത മുൻകരുതലുകൾ സ്വീകരിക്കുവാൻ നിർബന്ധിതരായിരുന്നു. ബോംബ് സ്ക്വാഡിനെ അടക്കം എത്തിച്ചു പരിശോധന നടത്തിയതിനുശേഷം ആണ് ഭീഷണി വ്യാജമാണെന്ന് ഉറപ്പാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക