തിരുവനന്തപുരം: നിയമസഭയിലേത് സ്പീക്കറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജൻഡയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എത്ര പിആർ വർക്ക് നടത്തിയിട്ടും മരുമകൻ, സ്പീക്കർക്ക് ഒപ്പമെത്തുന്നില്ല. ഈ ആധികൊണ്ടാണ് സ്പീക്കറെ പരിഹാസ്യനാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടി എന്ന് പറയാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് എന്താണ് അവകാശം. മാനേജ്മെന്റ് ക്വോട്ടയിൽ മന്ത്രിയായ ആൾക്ക് ആരാണ് അധികാരം നൽകിയതെന്നും അദ്ദേഹം ചോദിച്ചു.

“സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 47 സ്ത്രീകളാണ് അതിക്രമത്തിന് ഇരയാകുന്നത്. ഇത് നിയമസഭയിലല്ലാതെ ഞങ്ങൾ എവിടെ പോയി പറയും. ഇത് കൗരവ സഭയാണോ, നിയമസഭയാണോ?. ഇതുപോലൊരു വിഷയം നിയമസഭയില്‍ പറ്റില്ലെങ്കിൽ എന്തിനാണ് നിയമസഭ കൂടുന്നത്. അതിന് മറുപടി പറയാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് സൗകര്യമില്ലെങ്കിൽ അദ്ദേഹം എന്തിന് ആ കസേരയിൽ ഇരിക്കുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയണ്ടേ?’’– അദ്ദേഹം ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സഭയിൽ ഭരണപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും നടത്തിയ അക്രമത്തിൽ 4 പ്രതിപക്ഷ എംഎൽഎമാർക്ക് പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളായ സനീഷ് കുമാർ, എ.കെ.എം.അഷ്റഫ്, ടി.വി.ഇബ്രാഹിം, കെ.കെ.രമ എന്നിവർക്കാണ് പരുക്കേറ്റത്. സനീഷ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രതിപക്ഷ അംഗങ്ങളെ മർദിച്ച ഭരണപക്ഷ അംഗങ്ങൾക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

6 വാച്ച് ആൻഡ് വാർഡുകളാണ് കെ.കെ.രമയെ വലിച്ചിഴച്ചതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കെ.കെ.രമയുടെ കൈപിടിച്ച് തിരിച്ചു. ഭരണപക്ഷ എംഎൽഎമാരായ സലാം, സച്ചിന്‍ദേവ് എന്നിവരാണ് പ്രതിപക്ഷ അംഗങ്ങളെ ചവിട്ടിയത്. ഇത് കൗരവസഭയാണോ നിയമസഭായാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ‘പെൺകുട്ടി അക്രമത്തിനിരയായ വിഷയത്തിൽ ഉത്തരം പറയാൻ കഴിയില്ലെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്. പട്ടാപ്പകൽ പെൺകുട്ടി ആക്രമിക്കപ്പെട്ടിട്ടും ഗൗരവമുള്ള കാര്യമല്ലെന്നാണ് സ്പീക്കർ പറയുന്നത്. പ്രതിപക്ഷം ഇല്ലെങ്കിലും സഭ നടക്കുമെന്നാണ് പറയുന്നത്. മോദി സർക്കാർ പാർലമെന്റിൽ ചെയ്യുന്നതുപോലെയാണ് ഇവിടെയും. മുഖ്യമന്ത്രിയുടെ അഹങ്കാരം അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിരിക്കുകയാണ്’–വി.ഡി.സതീശൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക