കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ എഐസിസിസി നേതൃത്വത്തോട് കടുത്ത അതൃപ്തി അറിയിച്ച്‌ ഏഴ് എംപിമാര്‍. കെ മുരളീധരന്‍, എംകെ രാഘവന്‍, ബെന്നി ബഹന്നാന്‍, ആന്റോ അന്റണി, ഹൈബി ഈഡന്‍ തുടങ്ങിയ ഏഴ് എംപിമാരാണ് കെസി വേണുഗോപാലിനെ വസതിയിലെത്തി സന്ദര്‍ശിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ രണ്ട് എംപിമാര്‍ക്ക് കെ സുധാകരന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയ നടപടി പാര്‍ട്ടിക്കകത്ത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഇല്ലാത്ത അധികാരം ഉപയോഗിച്ച്‌ കത്തുനല്‍കിയെന്നാണ് എംപിമാര്‍ പറയുന്നത്. എംപിമാര്‍ നിലവില്‍ എഐസിസി അംഗങ്ങളാണ്. എഐസിസി അംഗങ്ങളായ ഇവര്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാറില്ല. ഈ സാഹചര്യത്തില്‍ നോട്ടീസിന് മറുപടി നല്‍കില്ലെന്ന് കെ മുരളീധരനും എംകെ രാഘവനും കെസി വേണുഗോപാലിനെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ കെ സുധാകരന്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും എല്ലാവരെയും യോജിപ്പിച്ച്‌ കൊണ്ടുപോകുന്നില്ലെന്നും എംപിമാര്‍ വേണുഗോപാലിനെ അറിയിച്ചു. നിലവിലെ പുനഃസംഘടന ഏകപക്ഷീയമാണെന്നും അത് നിര്‍ത്തിവെക്കണമെന്നും എംപിമാര്‍ അറിയിച്ചു. രാവിലെ കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ രംഗത്തുവന്നിരുന്നു.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് തന്നെ അപമാനിക്കാൻ; ഇനി മത്സരിക്കാന്‍ ഇല്ല: കെ മുരളീധരന്‍

ഇനി ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പാര്‍ട്ടിക്കു തന്റെ സേവനം വേണ്ടെങ്കില്‍ പിന്നെ വിലങ്ങുതടിയായി നില്‍ക്കാനില്ലെന്ന് മുരളീധരന്‍ പറഞ്ഞു. അച്ചടക്ക ലംഘനത്തിനു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

പുനസംഘടനയുമായി ബന്ധപ്പെട്ട് എംകെ രാഘവന്റെ പ്രസ്താവനയെ അനുകൂലിച്ചതിനാണ് തനിക്കു നോട്ടീസ് നല്‍കിയത്. തനിക്കു നോട്ടീസ് നല്‍കിയതില്‍ കെപിസിസി പ്രസിഡന്റിനു സംതൃപ്തിയുണ്ടെങ്കില്‍ പിന്നെ ഒന്നും പറയാനില്ല. പുനസ്സംഘടനാ ചര്‍ച്ചയില്‍ മുന്‍ പ്രസിഡന്റുമാരെ പങ്കെടുപ്പിച്ചില്ല. പങ്കെടുപ്പിച്ചിരുന്നെങ്കില്‍ തനിക്കു പറയാനുള്ളത് അവിടെ പറയാമായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് തന്നെ അപമാനിക്കാനാണ്. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്ബോള്‍ രണ്ട് എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതു പാര്‍ട്ടിക്കു ഗുണമോ എന്ന് നേതൃത്വം ആലോചിക്കട്ടെ. പറയുന്ന കാര്യങ്ങള്‍ നല്ല സെന്‍സില്‍ അല്ല നേതൃത്വം എടുക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു. വായ് മൂടിക്കെട്ടുന്നവര്‍ ഗുണദോഷങ്ങള്‍ അനുഭവിക്കട്ടെ. ഐഐസിസി നേതൃത്വം വിശദീകരണം ചോദിച്ചാല്‍ നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക