കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം. ഈ നഗരത്തിന്റെ ചവറ്റുകുട്ടയാണ് ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രം. കൊച്ചിയുടെ സൗന്ദര്യം സംരക്ഷിക്കുവാൻ ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരമാക്കുകയായിരുന്നു. എന്നാൽ ആ മാലിന്യത്തിന് തീപിടിച്ചപ്പോൾ അത് ആധുനിക കൊച്ചിയിൽ എമ്പാടും വിഷപ്പുക പടർത്തിക്കഴിഞ്ഞു. എറണാകുളത്തിന്റെ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന ഈ വിഷപ്പുക ഗുരുതരമായ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ എറണാകുളം നഗരത്തിന്മേൽ ഏൽപ്പിക്കും എന്നതിൽ സംശയമില്ല.

കേരളം പോലൊരു സംസ്ഥാനത്ത് ഏറ്റവും മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടക്കുന്നത് എറണാകുളത്തും കൊച്ചിയിലുമാണ്. സംസ്ഥാനത്തിന്റെ വാണിജ്യ തലസ്ഥാനം കൂടിയാണ് കൊച്ചി. കേരളത്തിൻറെ ഐടി, ഹോസ്പിറ്റാലിറ്റി ബിസിനസുകളുടെ കേന്ദ്രവും മറ്റൊന്നല്ല. എന്നാൽ ബ്രഹ്മപുരത്ത് പടർന്ന തീയും അത് ഉയർത്തിയ പുകയും ഈ മേഖലകൾക്കെല്ലാം കനത്ത തിരിച്ചടി നൽകും. വിഷപ്പുക തിങ്ങി നിറഞ്ഞ പ്രദേശങ്ങൾ ആരോഗ്യകരമായ ജനവാസത്തിന് യോഗ്യമല്ലാതാകും. എന്നാൽ ഈ യാഥാർത്ഥ്യങ്ങൾ മറച്ചുപിടിച്ച് അപകടത്തിന്റെ വ്യാപ്തി കുറച്ചു കാണിക്കുന്ന ഭരണകൂടവും സർക്കാരും ലക്ഷ്യമെടുന്നത് സാമ്പത്തിക തകർച്ച ഒഴിവാക്കലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടികൾ മൂല്യമുള്ള അമ്പരചുംബികളായ ഫ്ലാറ്റുകൾ എത്രമാത്രം വാസയോഗ്യമാണെന്ന ആധികാരികമായ പഠനങ്ങൾ പോലും ഇവിടെ നടക്കാൻ ഇടയില്ല. കൊച്ചിയിലെ അന്തരീക്ഷത്തിൽ കലർന്ന ഡയോക്സിൻ ഉൾപ്പെടെയുള്ള വിഷ വാതകങ്ങൾ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും ഇവിടെ സർക്കാർ പഠനം നടത്താൻ സാധ്യതയില്ല. ആസിഡ് കലർന്ന മാലിന്യ പുക കെട്ടിടങ്ങൾക്കും, ഫർണിച്ചറുകൾക്കും, ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മേൽ പ്രത്യക്ഷമായ ആഘാതം ഏൽപ്പിക്കുവാൻ വെറും ദിവസങ്ങൾ മതി.

11 ദിവസത്തിലേറെയായി 30 ഏക്കറിൽ കുന്നു കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് കത്തി അമരുന്നത്. അങ്ങനെ കണക്കുകൂട്ടുമ്ബോള്‍ കുറഞ്ഞത് 400 മില്ലി. ഗ്രാമിലധികം ഡയോക്സിന്‍ അന്തരീക്ഷത്തില്‍ വ്യാപിച്ചിട്ടുണ്ടാകും. ഏതാണ്ട് ഒരു കോടി ആളുകൾക്ക് ഗുരുതരമായ ആരോഗ്യപ്രത്യാഘാതം ഉണ്ടാക്കാൻ മാത്രം പര്യാപ്തമാണ് ഈ അളവ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ കേരളത്തിന്റെ ആകെ ജനസംഖ്യയിൽ മൂന്നിലൊന്നിനെയും രോഗികൾ ആക്കാൻ മാത്രം പര്യാപ്തമായ വിഷമാണ് അന്തരീക്ഷത്തിൽ കലർന്നത്.

ഈ യാഥാർത്ഥ്യങ്ങളോട് കണ്ണടച്ചാൽ ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളുടെ പ്രഭവ കേന്ദ്രമായി എറണാകുളം മാറും. കൃത്യമായ ദുരന്ത നിവാരണ ഇടപെടൽ ഈ പ്രദേശത്ത് നടത്തേണ്ടിയിരിക്കുന്നു. എറണാകുളത്തിന് ഇന്നത്തെ തോതിലുള്ള വളർച്ച ഇനി ഉൾക്കൊള്ളാൻ കഴിയില്ല. ഇപ്പോൾ ഉണ്ടായിരിക്കുന്ന അപകടം അത്രമാത്രം മലീമസമാക്കിയിരിക്കുന്നു ഇവിടുത്തെ അന്തരീക്ഷത്തെ. ബ്രഹ്മപുരത്തോട് ചെയ്ത നീതികേടിന് ഇന്ന് വില കൊടുക്കേണ്ടി വന്നിരിക്കുന്നത് ആ നീതികേട് ചെയ്ത നഗരം തന്നെയാണ്. ഇത് കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമാണ്. അവിടുത്തെ അന്തരീക്ഷ വായു ശ്വസിക്കുന്നവരുടെ അനന്തര തലമുറകൾ പോലും രോഗികളായി മാറും.

ഒരു പിടി മണ്ണിന് പതിനായിരങ്ങൾ വില വരുന്ന കാക്കനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഭൂമിയുടെ വില എത്രമാത്രം താഴും എന്ന് ഊഹിക്കാൻ പോലും കഴിയില്ല. ഇവിടെ ഭൂമിയിൽ നിക്ഷേപിച്ചവർക്ക് എത്രമാത്രം തിരിച്ചടിയാണ് ഉണ്ടാകാനിരിക്കുന്നതെന്നും കണ്ടറിയേണ്ടിയിരിക്കുന്നു. കാരണം ഈ ഭൂപ്രകൃതിയെ അനാവരണം ചെയ്തിരിക്കുന്ന അന്തരീക്ഷം വിഷലിപ്തമാണ്. ബ്രഹ്മപുരത്തു നിന്നും എത്രയോ കിലോമീറ്റർ അകലെ എറണാകുളം നഗര ഹൃദയത്തിലെ പനമ്പള്ളി നഗറിൽ താമസിക്കുന്ന സിനിമാതാരം മമ്മൂട്ടിക്ക് തൻറെ ആഡംബര സൗദത്തിൽ ഇരിക്കുമ്പോൾ ശ്വാസം മുട്ടുന്നുണ്ടെങ്കിൽ സാധാരണക്കാരുടെ സ്ഥിതി എന്താവും.

മഴപെയ്താൽ വൻ ദുരന്തം

ബ്രഹ്മപുരത്തെ തീ അണഞ്ഞതിന് ശേഷം വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ച് ആരും പറഞ്ഞു കേൾക്കുന്നില്ല. കത്തിയമർന്ന അവശിഷ്ടങ്ങളിൽ ഉള്ള Dioxins, Furans, Heavy metals, PAHS തുടങ്ങിയ മാരക കെമിക്കലുകൾ മണ്ണിൽ അലിയുമ്പോൾ ആ പ്രദേശത്തെ മണ്ണും ജലവും ഒരുപോലെ വിഷമയം ആകും. മഴക്കാലം എത്തും മുൻപേ ഈ അവശിഷ്ടങ്ങൾ യഥാവിധം കൈകാര്യം ചെയ്തില്ലെങ്കിൽ മഴവെള്ളത്തോടൊപ്പം ഈ വിഷം പുഴയിലും കായലിലും ബന്ധപ്പെട്ട പ്രദേശങ്ങളിൽ മുഴുവൻ വ്യാപിക്കും. പിന്നീട് തിരുത്താൻ സാധിക്കാത്ത വിധം സമീപ പ്രദേശങ്ങളിലെ മണ്ണും ജലവും നശിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക