// keralaspeaks.news_GGINT //

കേരള കോൺഗ്രസ് യുഡിഎഫിൽ ആയിരുന്നപ്പോൾ, കൃത്യമായി പറഞ്ഞാൽ കെഎം മാണി ജീവിച്ചിരുന്ന കാലത്ത് കെപിസിസി പ്രസിഡണ്ട്മാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഒരു റാലിയോ പര്യടനമോ ആയി പാലായിൽ എത്തിയാൽ വേദിയിലേക്ക് കൈപിടിച്ച് കേറ്റിയിരുന്നത് കെഎം മാണി തന്നെയാണ്. ഘടകകക്ഷി നേതാവ് ആയിരുന്നെങ്കിൽ പോലും ആദ്യ പ്രസംഗവും മാണി വക ആയിരുന്നു. യുഡിഎഫിനെ നയിക്കുന്ന കക്ഷി കോൺഗ്രസ് ആയിരുന്നുവെങ്കിലും പാലായിലെ കോൺഗ്രസിന് മേലെയും മാണിക്ക് അപ്രമാദിത്യമുണ്ടായിരുന്നു എന്നത് ഒരു പരസ്യമായ രഹസ്യമാണ്.

യുഡിഎഫിൽ തുടർന്ന അതേ ശൈലി തന്നെ എൽഡിഎഫിൽ അനുവർത്തിക്കാനാണ് പാലായിലെ കേരള കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്. എന്നാൽ കോൺഗ്രസ് അല്ലല്ലോ സിപിഎം. അവിടെ ഈ കളികളൊന്നും ചിലവായില്ല എന്ന് വേണം ധരിക്കാൻ. സിപിഎമ്മിന്റെ പ്രധാന പരിപാടികൾ എല്ലാം ഇപ്പോൾ പാലായിലൂടെ കടന്നുപോകുന്നുണ്ട്. സംഘടനാ ശക്തിയുടെ കരുത്ത് ഉപയോഗിച്ച് ആളെയും കൂട്ടുന്നുണ്ട്. എങ്കിലും ഈ വേദികളിൽ ഒന്നും കെഎം മാണിക്ക് യുഡിഎഫിൽ ആയിരിക്കെ കോൺഗ്രസ് വേദികളിൽ ലഭിച്ച സ്വീകാര്യതയോ നിയന്ത്രണമോ ജോസ് കെ മാണിക്ക് ലഭിക്കുന്നില്ല എന്ന് മാത്രമല്ല വേണ്ടത്ര പരിഗണന പോലും കിട്ടുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധ യാത്രയ്ക്ക് പാലായിൽ ഉണ്ടായ സ്വീകരണം. പാലാ നഗരത്തെ മുഴുവൻ ചുവപ്പ് പുതപ്പിച്ച് അലങ്കാരങ്ങളും, കമാനങ്ങളും, ബോർഡും, ബാനറും റെഡ് വോളണ്ടിയർ മാർച്ചും എല്ലാം ഒരുക്കിയാണ് സംസ്ഥാന സെക്രട്ടറിയെ സിപിഎം പാലാ ഏരിയ കമ്മിറ്റി സ്വീകരിച്ചത്. സിപിഎമ്മിന്റെ പാലായിലെ ഏറ്റവും കരുത്തനായ നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ലാലിച്ചൻ ജോർജ് ആണ് പരിപാടിയുടെ സംഘാടനത്തിന് മേൽനോട്ടം വഹിച്ചത്. ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ ഷോളയിക്കാൻ മാത്രമാണ് ജോസ് കെ മാണിയെ ഈ പരിപാടിക്കിടയിൽ അനുവദിച്ചത്. ജോസ് കെ എം മാണിയെ കൊണ്ട് പ്രസംഗിപ്പിക്കും എന്ന് കരുതി പ്രകടനമായി എത്തിയ കേരള കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പാടെ നിരാശരാകുകയായിരുന്നു. ജയ്ക്ക് സി തോമസും കെ ടി ജലീലും ഉൾപ്പെടെയുള്ളവർ വേദിയിൽ പ്രസംഗിച്ചു തകർത്തപ്പോൾ ജോസ് കെ മാണിക്ക് കാഴ്ചക്കാരനായി ഇരിക്കാൻ മാത്രമായിരുന്നു യോഗം. കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ലോപ്പസ് മാത്യുവിന് വേദിയിൽ ഇരിപ്പിടം പോലും ലഭിച്ചില്ല എന്നതും ശ്രദ്ധേയമായി.

ജോസിന് അവസരം നിഷേധിച്ചത് സ്വന്തം അണികളെ തൃപ്തിപ്പെടുത്താനുള്ള സിപിഎം നീക്കം?

പാലാ നഗരസഭയിൽ കേരള കോൺഗ്രസും സിപിഎമ്മും പ്രത്യക്ഷത്തിൽ തന്നെ രണ്ട് ധ്രുവങ്ങളിലാണ് നീങ്ങുന്നത്. നഗരസഭ അധ്യക്ഷനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം നേതാക്കൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഇപ്പോഴും നഗരസഭ അധ്യക്ഷയോട് നിസ്സഹകരണ മനോഭാവമാണ് കേരള കോൺഗ്രസ് പുലർത്തുന്നത്. ഇതിന് സമാനമായി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട പഞ്ചായത്തുകളിൽ ഒന്നായ കടനാട്ടിലും സിപിഎം പ്രസിഡണ്ടും, കേരള കോൺഗ്രസ് പ്രതിനിധിയും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജേഷ് വാളിപ്ലാനും തമ്മിലും നേരിട്ടുള്ള ഏറ്റുമുട്ടൽ കഴിഞ്ഞദിവസം ഉണ്ടായി. പഞ്ചായത്തിലെ ക്ഷീര സംഘം സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടന വേദിയിൽ നിന്ന് സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡണ്ടിന് ബോധപൂർവ്വം ഒഴിവാക്കിയത് ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ നടത്തിയ ഇടപെടൽ മൂലമാണ്. ഇതിനെതിരെ സദസ്സിൽ വന്നിരുന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിക്കുകയും ചെയ്തിരുന്നു.

പരസ്യപോരിലേക്ക് കാര്യങ്ങൾ എത്തിയില്ലെങ്കിലും മറ്റു പഞ്ചായത്തുകളിലും കേരള കോൺഗ്രസ് സിപിഎം ബന്ധം അത്ര സുഗമമായി അല്ല പോകുന്നത്. ഈ പശ്ചാത്തലത്തിൽ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ തനിക്കുള്ള സ്വാധീനം വ്യക്തമാകുന്ന തരത്തിൽ ജനകീയ പ്രതിരോധ യാത്രയുടെ സ്വീകരണ വേദിയിൽ പ്രാധാന്യം ലഭിക്കുമെന്നും ഒരു പ്രസംഗത്തിലൂടെ തന്റെ നിലപാടുകൾ സിപിഎം അണികൾക്ക് ബോധ്യപ്പെടുത്താൻ ആവുമെന്നുമാണ് ജോസ് കെ മാണി കരുതിയിരുന്നത്. എന്നാൽ സ്വന്തം അണികളുടെ വികാരം കണക്കിലെടുത്ത് ജോസ് കെ മാണിക്ക് സിപിഎം അവസരം നിഷേധിക്കുകയായിരുന്നു എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക