
മദ്യത്തിനൊപ്പം വയാഗ്ര ഗുളികകള്‍ കഴിച്ച യുവാവിന് ദാരുണാന്ത്യം. നാഗ്പൂരിലാണ് സംഭവം. news.au.com എന്ന വെബ്സൈറ്റ് ആണ് ജനൽ ഓഫ് ഫോറൻസിക് ആൻഡ് ലീഗൽ മെഡിസിന്റെ പഠന റിപ്പോർട്ടിനെ ഉദ്ധരിച്ച് സംഭവം വാർത്തയാക്കിയത്. പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് ചുവടെ വായിക്കാം.
തന്റെ വനിതാ സുഹൃത്തുമായി ഹോട്ടലിലെത്തിയ യുവാവ് 50 എംജിയുടെ രണ്ട് വയാഗ്ര ഗുളികകള്‍ കഴിച്ചു. കൂടെ മദ്യവും കുടിച്ചു. അടുത്ത ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവ് ഛര്‍ദിക്കുകയും ചെയ്തു. ഇതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വൈദ്യ സഹായം തേടാമെന്ന് പറഞ്ഞെങ്കിലും തനിക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടെന്ന് പറഞ്ഞ് യുവാവ് പോകാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സ്ഥിതി ഗുരുതരമായതോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു.
തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറയുന്ന സെറിബ്രോവാസ്‌കുലര്‍ രക്തസ്രാവം മൂലമാണ് മരണമെന്നാണ് പഠനത്തില്‍ പറയുന്നത്. പോസ്റ്റ്മോര്‍ടം പരിശോധനയില്‍ 300 ഗ്രാം രക്തം കട്ടപിടിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.മദ്യത്തിന്റെയും മരുന്നുകളുടെയും മിശ്രിതവും നേരത്തെയുണ്ടായിരുന്ന ഉയര്‍ന്ന രക്തസമ്മര്‍ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. വൈദ്യോപദേശം കൂടാതെ ഉദ്ധാരണക്കുറവിനുള്ള മരുന്ന് കഴിക്കരുതെന്ന സന്ദേശമെന്ന് ഇതിലൂടെ നല്‍കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.