യുവാവിനെ ഹണിട്രാപ്പില്‍ കുരുക്കി കൊള്ളയടിച്ചശേഷം അതിദാരുണമായി കൊലപ്പെടുത്തിയ രണ്ട് യുവതികള്‍ ഉള്‍പ്പെടെ നാലുപ്രതികള്‍ക്കും ജയില്‍ശിക്ഷ. ബ്രിട്ടനിലെ ലൂട്ടണിലെ സോള്‍ മുറേ കൊലക്കേസിലാണ് കോടതിയുടെ ശിക്ഷാവിധി. 33കാരനായ സോള്‍ മുറേ എന്ന യുവാവിനെ മദ്യംനല്‍കി മയക്കിയ ശേഷം സുപ്രീത് ദില്ലണ്‍, തെമിദായോ ആവേ എന്നീ യുവതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് രണ്ട് സുഹൃത്തുക്കളെ വിളിച്ചുവരുത്തി കുത്തികൊലപ്പെടുത്തുകയുമായിരുന്നു.

2022 ഫെബ്രുവരി 27-ന് പുലര്‍ച്ചെയാണ് സോള്‍ മുറേയെ ലൂട്ടണിലെ ഫ്‌ലാറ്റിലെ പ്രവേശനകവാടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഐക്കേം അഫിയ(31) ക്ലിയോണ്‍ ബ്രൗണ്‍(29) തെമിദായോ ആവേ(21) ഇന്ത്യന്‍വംശജയായ സുപ്രീത് ദില്ലണ്‍(36) എന്നിവരായിരുന്നു കൊലക്കേസിലെ പ്രതികള്‍. ചോരയില്‍ കുളിച്ച്‌ നഗ്നമായനിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും യുവാവിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളും കേന്ദ്രീകരിച്ച്‌ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍സ്റ്റഗ്രാമിലൂടെ യുവാക്കളെ ഹണിട്രാപ്പില്‍ കുരുക്കി കൊള്ളയടിക്കുന്നതാണ് പ്രതികളുടെ രീതി. വിലകൂടിയ റോളക്‌സ് വാച്ച്‌ ധരിച്ചുള്ള സോള്‍ മുറേയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെയാണ് പ്രതികള്‍ ഇയാളെ ലക്ഷ്യമിട്ടത്. തുടര്‍ന്ന് സുപ്രീത് യുവാവിനെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. ഇതിനുശേഷമാണ് ലൂട്ടണിലെ ഫ്‌ലാറ്റിലേക്ക് വരാനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.

ഫെബ്രുവരി 26-ന് പ്രതികളായ നാലുപേരും വാടകയ്‌ക്കെടുത്ത കാറിലാണ് ലൂട്ടണിലെത്തിയത്. യുവതികളായ സുപ്രീതിനെയും ആവേയെയും സോള്‍ മുറേയുടെ ഫ്‌ലാറ്റിന് മുന്‍പില്‍ ഇറക്കിവിട്ടശേഷം മറ്റുരണ്ടുപേരും കാറോടിച്ച്‌ സമീപത്തെ മക്‌ഡൊണാള്‍ഡ്‌സിലേക്ക് പോയി. ഫ്‌ലാറ്റിലെത്തിയ യുവതികള്‍ യുവാവിനൊപ്പം മദ്യപിച്ചു. ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ പ്രതികളായ രണ്ടുപേരും നേരത്തെ കൈയില്‍ കരുതിയിരുന്ന മയക്കുമരുന്ന് മദ്യത്തില്‍ കലര്‍ത്തി യുവാവിന് നല്‍കിയിരുന്നു. എന്നാല്‍ അളവ് കുറഞ്ഞതിനാല്‍ യുവാവ് ബോധരഹിതനായില്ല. ഇതോടെയാണ് യുവതികള്‍ തങ്ങളുടെ കൂട്ടാളികളെ വിളിച്ചുവരുത്തിയത്. തൊട്ടുപിന്നാലെ വലിയ കത്തിയുമായി യുവാക്കളും ഇവിടേക്കെത്തി. തുടര്‍ന്ന് ഐക്കേം അഫിയ യുവാവിനെ കുത്തിവീഴ്ത്തുകയും കൊള്ളയടിച്ചശേഷം ഇവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് സുപ്രീത് പോലീസിന്റെ വലയിലായത്. സിസിടിവി ദൃശ്യങ്ങളും പ്രതികളിലൊരാള്‍ ധരിച്ച കോട്ടും അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതികള്‍ സഞ്ചരിച്ച കാറില്‍ രക്തക്കറയും കണ്ടെത്തി. കൊല്ലപ്പെട്ട യുവാവിന്റെ ശരീരത്തില്‍നിന്ന് ശേഖരിച്ച സ്രവങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. ഇതില്‍ പ്രതികളായ യുവതികളുടെ ഡി.എന്‍.എ. കണ്ടെത്തിയതും നിര്‍ണായകമായെന്നാണ് വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അതേസമയം, കൊല്ലപ്പെട്ട യുവാവ് ധരിച്ചിരുന്ന റോളക്‌സ് വാച്ചുകളെല്ലാം വ്യാജമായിരുന്നുവെന്നുവാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആറുകുട്ടികളുടെ പിതാവായ സോള്‍ മുറേയുടെ ഫ്‌ലാറ്റില്‍ വിലപ്പിടിപ്പുള്ള ഒന്നുമുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ഇതില്‍ ഐക്കേം അഫിയക്കെതിരേ മാത്രമാണ് കൊലക്കുറ്റം തെളിഞ്ഞത്. ഇയാളെ 25 വര്‍ഷത്തില്‍ കുറയാത്ത ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. സോള്‍ മുറേയെ കത്തി കൊണ്ട് കുത്തിയത് ഐക്കേം അഫിയയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസിലെ മറ്റുപ്രതികളായ ബ്രൗണിനെ 11 വര്‍ഷത്തെ തടവിനും സുപ്രീതിനെ പത്തുവര്‍ഷത്തെ തടവിനും ആവേയെ ഏഴുവര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക