മാരുതി സുസുക്കിയുടെ ലൈഫ്‌സ്റ്റൈല്‍ ഓഫ്റോഡ് എസ്‌യുവി മോഡലായ ജിംനി ഇന്ത്യയിലേക്ക് ദേ എത്തുന്നതേയുള്ളൂ, എന്നാല്‍ 1970 -കള്‍ മുതല്‍ പതിറ്റാണ്ടുകളായി ആഗോള വിപണിയില്‍ ഒരു സ്ഥിര സാനിധ്യമാണ് ഈ വാഹനം. 1981 -ലും 1998 -ലും യഥാക്രമം രണ്ടും മൂന്നും തലമുറകള്‍ അവതരിപ്പിച്ചതിന് ശേഷം 2018 -ലാണ് നാം ഇപ്പോള്‍ കാണുന്ന നാലാം തലമുറ ജിംനിയെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ എത്തിച്ചത്. ഇതേ ഫോര്‍ത്ത് ജെന്‍ ജിംനിയുടെ ഫൈവ് ഡോര്‍ പതിപ്പാണ് നിലവില്‍ ഇന്ത്യയിലേക്ക് എത്തുന്നതും.

നാളിതുവരെ 22,000 -ലധികം പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ മാരുതി സുസുക്കി ഇവിടെ ആഘോഷിക്കുമ്ബോള്‍, സുസുക്കി ഓസ്‌ട്രേലിയന്‍ വിപണിയില്‍ അടുത്തിടെ ജിംനി സ്‌പെഷ്യല്‍ ഹെറിറ്റേജ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. 33,490 ഓസിസ് ഡോളര്‍ അതായത് ഏകദേശം 18 ലക്ഷം രൂപയാണ് ഈ സ്‌പെഷ്യല്‍ ഹെറിറ്റേജ് എഡിഷന്റെ വില.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുകളില്‍ സൂചിപ്പിച്ചതു പോലെ സുസുക്കി ജിംനി ആദ്യമായി ലോഞ്ച് ചെയ്തത് 1970 -ലാണ്, അതിനുശേഷം ലോകമെമ്ബാടുമുള്ള ആയിരക്കണക്കിന് ഉപഭോക്താക്കളുടെ പ്രിയ വാഹനമായി ഇത് മാറുകയും ചെയ്തു. കുഞ്ഞന്‍ എസ്‌യുവിയുടെ സമ്ബന്നമായ പാരമ്ബര്യം ആഘോഷിക്കുന്നതിനായി, വാഹനത്തിന്റെ ത്രീ ഡോര്‍ പതിപ്പില്‍ വരുന്ന ജിംനി സ്പെഷ്യല്‍ ഹെറിറ്റേജ് എഡിഷന്‍ സുസുക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ഗ്ലോബല്‍ സ്‌പെക് ജിംനി അതിന്റെ സ്പെഷ്യല്‍ എഡിഷനില്‍, മുന്നിലും പിന്നിലും സ്‌പോര്‍ട്‌സ് റെഡ് മഡ്‌ഫ്ലാപ്പുകള്‍, റെട്രോ തീമോടുകൂടിയ കളര്‍ഡ് ഡീക്കലുകളുമായി വരുന്നു. അതോടൊപ്പം ബ്ലാക്ക് പേള്‍, ജംഗിള്‍ ഗ്രീന്‍, വൈറ്റ്, മീഡിയം ഗ്രേ എന്നിവ ഉള്‍പ്പെടുന്ന തനതായ ബോഡി കളര്‍ ഓപ്ഷനുകളും നിര്‍മ്മാതാക്കള്‍ ഈ സ്പെഷ്യല്‍ എഡിഷനില്‍ വാഗ്ദാനം ചെയ്യുന്നു. സുസുക്കി ജിംനി സ്പെഷ്യല്‍ ഹെറിറ്റേജ് എഡിഷന്‍ അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ചോയിസിലും 4×4 പതിപ്പിലും മാത്രമേ ലഭ്യമാകൂ എന്നതാണ് ശ്രദ്ധേയം. കൂടാതെ, പിന്‍ഭാഗത്തെ മഡ്‌ഫ്‌ലാപ്പുകളില്‍ ‘സുസുക്കി’ എംബോസിംഗ്, ഒരു കാര്‍ഗോ ട്രേ, എഡിഷന്റെ പ്രത്യേകതയെ കൂടുതല്‍ എടുത്തുകാട്ടുന്ന ഒരു സ്പെഷ്യല്‍ ബാഡ്ജ് എന്നിവയുമുണ്ട്.

സുസുക്കി മോഡല്‍ നിരയില്‍ ജിംനി ഏറെ പ്രിയപ്പെട്ടതാണ്, അതിന് പ്രധാന കാരണം വാഹനത്തിന്റെ ഒതുക്കമുള്ള അനുപാതങ്ങളും മികവുറ്റ ഡ്രൈവ് സവിശേഷതകളുമാണ്. ജാപ്പനീസ് കമ്ബനിയുടെ ഏറ്റവും വലിയ വിപണിയില്‍ ഒന്ന് ഇന്ത്യയാണെന്നിരിക്കെ, ജിംനിയെ ഇവിടെ ഓഫര്‍ ചെയ്യുന്നതിന് ബ്രാന്‍ഡ് കുറച്ച്‌ സമയമെടുത്തത് പലരെയും അത്ഭുതപ്പെടുത്തിയ വിഷയമാണ്.2023 ജനുവരിയില്‍ ഓട്ടോ എക്‌സ്‌പോയില്‍ വാഹനത്തിന്റെ ബുക്കിംഗ് കമ്ബനി ആരംഭിച്ചിരുന്നു, ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ലൈഫ്‌സ്റ്റൈല്‍ ഓഫ്റോഡ് എസ്‌യുവിയുടെ ലോഞ്ചും ഔദ്യോഗിക വില വെളിപ്പെടുത്തലും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. മാരുതി ജിംനി എസ്‌യുവി മഹീന്ദ്ര ഥാറിന് നേരിട്ടുള്ള ഒരു എതിരാളിയായിരിക്കും എന്ന് നിസംശയം പറയാം.

ഫൈവ് ഡോര്‍ മോഡലായതിനാല്‍, വളരെ ജനപ്രിയമായ മഹീന്ദ്ര എസ്‌യുവിയെ മാരുതി മോഡല്‍ പിന്‍തള്ളാനും സാധ്യതയുണ്ട്. എന്നിരുന്നാലും, ഇത് പ്രധാനമായി വിലനിര്‍ണ്ണയത്തെ ആശ്രയിച്ചിരിക്കും. നിലവില്‍ 10 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ ബ്രാക്കറ്റിലാവും എക്സ്-ഷോറൂം വില എന്നാണ് വിശ്വസിക്കുന്നത്. മത്സരം കൂടുതല്‍ കടുപ്പിക്കാന്‍ ഥാറിന്റെ ഫൈവ് ഡോര്‍ പതിപ്പില്‍ മഹീന്ദ്രയും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അതിനാല്‍ ജിംനിയുടെ ലോഞ്ചിന് ശേഷം സെഗ്മെന്റില്‍ ആകെ പൊടി പൂരമായിരിക്കും എന്ന് പ്രതീക്ഷിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക