മനുഷ്യന്റെ സാന്നിധ്യമുള്ള ഇടങ്ങളിൽ അവരുടെ കണ്ണിൽ പെടാത്ത വിധം പതുങ്ങിയിരിക്കുന്നത് പാമ്പുകളുടെ സ്വഭാവമാണ്. പൊതുവെ എല്ലാ പാമ്പിനങ്ങളും ഇത്തരത്തിൽ സുരക്ഷിതമെന്ന് തോന്നുന്ന ഇടങ്ങളിൽ കയറുകയും ചെയ്യും. എന്നാൽ അവ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിയാതെ അബദ്ധത്തിൽ അരികിലേക്കെത്തുന്നവരെ പ്രാണഭയം മൂലം പാമ്പുകൾ ആക്രമിക്കാറുമുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും അപകടകരമായ സാഹചര്യമാണ് കാറുകൾക്കുള്ളിൽ പാമ്പ് കയറി ഒളിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഭീതിജനകമായ ഒരു സംഭവമാണ് കഴിഞ്ഞദിവസം തായ്‌ലൻഡിൽ ഉണ്ടായത്.

തായ്‌ലൻഡിലെ സോങ്ഖ്‌ല പ്രവിശ്യയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ എൻജിനുള്ളിൽ ഒരു മൂർഖൻ പാമ്പിനെയാണ് കണ്ടെത്തിയത്. ഒന്നും രണ്ടുമല്ല ഒൻപത് അടി നീളമുള്ള മൂർഖനാണ് കാർ ഒളിത്താവളമാക്കിയത്. കാറിനുള്ളിൽ ചുരുണ്ടു കൂടിയിരിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാമ്പിനെ കണ്ടെത്തിയ കാറിന്റെ ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും അതിന്റെ വലുപ്പം കണ്ട് ഏറെ പരിഭ്രാന്തരായി. വിഷമുള്ള ഇനമാണെന്ന് മനസ്സിലാക്കിയതിനാൽ ഉടൻതന്നെ പാമ്പുപിടുത്ത വിദഗ്ധരെ വിളിച്ചു വരുത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചുറ്റും കൂടിയവർ പാമ്പ് ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് കരുതി അകലം പാലിച്ചില്ലെങ്കിലും അക്രമാസക്തനായ നിലയിലായിരുന്നില്ല മൂർഖൻ. കിടന്ന സ്ഥലത്ത് നിന്നും അനങ്ങാൻ പോലും കൂട്ടാക്കാതെ അതേ നിലയിൽ പാമ്പ് തുടരുന്നത് വിഡിയോയിൽ കാണാം. പാമ്പുപിടുത്ത വിധഗ്‌ധർ എത്തിയശേഷവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. സാധാരണഗതിയിൽ പിടികൂടാൻ ശ്രമിച്ചാൽ പാമ്പുകൾ പ്രത്യാക്രമണത്തിന് തയാറെടുക്കുകയോ അല്പം കൂടി സുരക്ഷിതമായ സ്ഥലം തേടി ഇഴഞ്ഞു നീങ്ങുകയോ ചെയ്യും. എന്നാൽ ഇവിടെ എൻജിനിൽ നിന്നും വലിച്ചു പുറത്തെടുത്തപ്പോഴും ശാന്തമായായിരുന്നു പാമ്പിന്റെ പെരുമാറ്റം.

രാത്രി സമയത്ത് തണുപ്പുള്ള ഇടം തേടിയാവാം പാമ്പ് എൻജിനുള്ളിൽ കയറിയത് എന്നാണ് പാമ്പുപിടുത്ത വിധഗ്ധരുടെ നിഗമനം. പാമ്പുണ്ട് എന്നത് അറിയാതെ വാഹനം സ്റ്റാർട്ട് ചെയ്തിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകാനും സാധ്യതയുണ്ടായിരുന്നു. എന്തായാലും പാമ്പിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ യാത്ര ആരംഭിക്കും മുൻപ് വാഹനങ്ങൾ പരിശോധനയ്ക്കണമെന്ന് ഓർമിപ്പിക്കുകയാണ് വിദഗ്ധർ. ഇന്ത്യയിൽ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ സ്കൂട്ടറിനുള്ളിൽ പതുങ്ങിയിരുന്ന മൂർഖനെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങളും ഏതാനും ആഴ്ചകൾക്കു മുൻപ് പുറത്തു വന്നിരുന്നു. ചൂടുകാലം അടുത്തു വരുന്നതോടെ പാമ്പുകൾ ഇത്തരത്തിൽ സുരക്ഷിത സ്ഥാനം തേടി വാഹനങ്ങളിൽ കയറാനുള്ള സാധ്യത ഏറെയാണെന്നാണ് ഈ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക