കേരള രാഷ്ട്രീയ ചരിത്രത്തിൽ അര നൂറ്റാണ്ട് കാലം കെഎം മാണിയും, പാലാ നിയോജക മണ്ഡലവും ഒരിക്കലും വേർതിരിച്ചു കാണേണ്ടി വന്നിട്ടില്ല. മണ്ഡലം രൂപീകൃതമായി നടന്ന ആദ്യ തെരഞ്ഞെടുപ്പ് മുതൽ കെഎം മാണിയുടെ മരണം വരെ കേരള നിയമസഭയിൽ പാലായുടെ പ്രതിനിധിയായി നിലകൊണ്ടത് കെഎം മാണി തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മകൻ ജോസ് കെ മാണി നയിക്കുന്ന പാർട്ടിക്ക് ഇടതുപക്ഷത്തു നിന്നപ്പോഴും വലതുപക്ഷത്ത് നിന്നപ്പോഴും പാലാ കൈവിട്ടുപോയി. എങ്കിലും ഓരോ മുക്കിലും മൂലയിലും കെഎം മാണിയുടെ പേര് എഴുതിവെച്ചും, ബോർഡ് വെച്ചും നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് കേരള കോൺഗ്രസ്.

പലപ്പോഴും ഇത് കുറച്ച് ‘ഓവർ’ ആകുന്നില്ലേ എന്ന ചോദ്യം നിഷ്പക്ഷമതികളിൽ നിന്ന് പോലും ഉയരുന്നുണ്ട്. ഇത്തരം ഓവറാക്കലിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് പാലാ ജനറൽ ആശുപത്രിയിലെ പുതിയ ബോർഡ്. കെഎം മാണി സ്മാരകമായി പാലാ ജനറൽ ആശുപത്രിയെ നാമകരണം ചെയ്തിരുന്നു. ഇത് സൂചിപ്പിക്കുന്ന പുതിയ ബോർഡ് ആണ് ഈ ചർച്ചകൾക്ക് ആധാരം. ആശുപത്രിയുടെ ബഹുനില മന്ദിരത്തിനു മുകളിൽ കെ മാണി സ്മാരക ആശുപത്രി എന്ന ലൈറ്റഡ് ബോർഡ് നിലനിൽക്കേയാണ് പുതിയ ബോർഡ് സ്ഥാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രസ്തുത ബോർഡ് കണ്ടാൽ ആശുപത്രിയുടെതാണെന്ന് മനസ്സിലാക്കാൻ തന്നെ ബുദ്ധിമുട്ടാണ്. കാരണം കെഎം മാണിയുടെ പേര് വലിയ അക്ഷരങ്ങളിലും, പാലാ ജനറൽ ആശുപത്രി എന്നുള്ളത് താരതമ്യേനെ തീരെ ചെറിയ അക്ഷരങ്ങളിലുമാണ് ഒരേ ബോർഡിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്. ആശുപത്രിയാണെന്ന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിലെങ്കിലും ആശുപത്രിയുടെ പേര് ഈ ബോർഡിൽ ഉൾക്കൊള്ളിക്കേണ്ടത് ആയിരുന്നു എന്നാണ് പൊതു വിലയിരുത്തൽ. കെഎം മാണിയുടെ പേരിലുള്ള സ്വകാര്യ ഫൗണ്ടേഷന് ഈ ബഡ്ജറ്റിൽ പൊതു ഖജനാവിൽ നിന്ന് അഞ്ചു കോടി രൂപ നൽകിയിട്ടുണ്ട്. അതിനു പുറമെയാണ് പൊതു ഖജനാവിലെ പണം വീണ്ടും ദുരുപയോഗം ചെയ്ത് പാലായുടെ പ്രിയപ്പെട്ട മാണി സാറിനെ അവഹേളിക്കുന്ന തരത്തിൽ ഇത്തരം പ്രാഞ്ചിയേട്ടൻ ബോർഡുകൾ സ്ഥാപിക്കുന്നത്.

ഈ ബോർഡിന് പിന്നിലും പതിവുപോലെ ആശുപത്രി ഭരണസമിതിയിലെ ചില കേരള കോൺഗ്രസ് നോമിനികളാണ് എന്ന സംശയവും ഉയർന്നു വരുന്നുണ്ട്. ഈ നോമിനികൾ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചാൽ മാത്രമേ ജോസ് കെ മാണിക്ക് രാഷ്ട്രീയ ഭാവി ഉണ്ടാകൂ എന്ന പരിഹാസം പോലും പാലായിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പലപ്പോഴും ഉയരാറുണ്ട്. കാരണം അത്രമാത്രം സേവനങ്ങൾ ആണ് കൂടെ നിന്നുകൊണ്ട് ഇവർ അദ്ദേഹത്തിന് ചെയ്യുന്നത്. ആശുപത്രിക്ക് പുറമേ കെഎം മാണി സ്മാരകങ്ങളായ മുനിസിപ്പൽ സ്റ്റേഡിയം പവലിയനിലും, സ്കൂളിലും, ബൈപ്പാസ് റോഡിലും എല്ലാം ഇനി ഇത്തരം ബോർഡുകൾ വരുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക