ബംഗളൂരുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ കാമുകന്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുരുഗേഷ്പാല്യയിലെ ഒമേഗ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് സര്‍വീസസിന് സമീപമാണ് സംഭവം. ഇവിടുത്തെ ജീവനക്കാരിയായ ലീല പവിത്ര നളമതിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകനായ ദിനകര്‍ ബനാല (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും കമിതാക്കള്‍ ആയിരുന്നു.

ലീലയെ കൊല്ലാന്‍ ഉദ്ദേശിച്ച്‌ തന്നെയായിരുന്നു ദിനകര്‍ സ്ഥലത്തെത്തിയിരുന്നത്. ഇതിനായി കൈയ്യില്‍ കത്തിയും കരുതിയിരുന്നു. തര്‍ക്കത്തിനിടെ ലീലയെ ദിനകര്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. 16 തവണയാണ് കുത്തിയത്. ലീലയുടെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെ ദിനകര്‍ ആഞ്ഞുകുത്തി. നിലവിളി കേട്ട് ആളുകള്‍ കൂടിയെങ്കിലും കയ്യില്‍ കത്തിയുമായി നില്‍ക്കുന്ന ദിനകറിനെ കണ്ട് അടുത്തേക്ക് ചെല്ലാന്‍ മടിച്ചു. ഇതിനിടെ ലീല സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരണപ്പെട്ടു. ലീല മരിച്ചുവെന്ന് അറിഞ്ഞിട്ടും ദിനകര്‍ സ്ഥലം വിട്ട് പോകാന്‍ തയ്യാറായില്ല. പിടികൊടുക്കാന്‍ തന്നെ തീരുമാനിച്ചായിരുന്നു ദിനകര്‍ ഇവിടെ എത്തിയത്. ഒടുവില്‍ ദൃക്‌സാക്ഷികള്‍ അറിയിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തി, ദിനകറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദിനകറും ലീലയും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ജാതി വ്യത്യാസത്തെ തുടര്‍ന്ന് ലീലയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു. ഇതൊന്നും വകവയ്ക്കാതെ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്നും അവരുടെ തീരുമാനത്തെ മാനിക്കണമെന്നും ലീല ദിനകറിനെ അറിയിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം പ്രണയിച്ചിട്ട് വിവാഹക്കാര്യം പറഞ്ഞപ്പോള്‍ താഴ്ന്നജാതിയാണെന്ന് പറഞ്ഞ് ലീല തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്.

ദിനകര്‍ ലീലയുടെ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കുകയും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവരെ അഭിമുഖീകരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹക്കാര്യം പറഞ്ഞ് രണ്ട് പേരും വഴക്കായി. ഇതോടെ ദിനകര്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ലീലയെ ഒന്നിലധികം തവണ കുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം യാതൊരു വിഷമവും ഇല്ലാതെയായിരുന്നു ദിനകര്‍ പോലീസ് സ്റ്റേഷനില്‍ പെരുമാറിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക