തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പ്രവാസിയെ കാമുകിയും സഹോദരനും ചേർന്നു തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ കവർന്നു. കന്യാകുമാരി തക്കല സ്വദേശി മുഹിയുദ്ദീൻ അബ്ദുൽ ഖാദറിനെ (42) രണ്ടു ദിവസം ബന്ദിയാക്കി വച്ചു 15 ലക്ഷം രൂപയും സ്വർണവും തട്ടിയെടുക്കുകയായിരുന്നു.

കാമുകി ഉൾപ്പെടെ ആറു പ്രതികളും പിടിയിലായി. ചിറയിൻകീഴ് കിഴുവിലം സ്വദേശിനി ഇൻഷ അബ്ദുൾ വഹാബ് (33), സഹോദരൻ ഷഫീക്ക് (25), ചിറയിൻകീഴ് മുടപുരം കൊച്ചാലുംമൂട് സ്വദേശി രാജേഷ് (24), തട്ടത്തുമല സ്വദേശി ആഷിക്ക് (24), കിളിമാനൂർ പോങ്ങനാട് സ്വദേശി ഷിജാസ് (24), തട്ടത്തുമല സ്വദേശി അൻസിൽ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കൈക്കലാക്കാൻ സിനിമക്കഥയെ വെല്ലുന്ന തിരക്കഥയാണു പ്രതികൾ തയാറാക്കിയതെങ്കിലും ക്ലൈമാക്സ് പാളി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഹിയുദ്ദീൻ അബ്ദുൽ ഖാദറും ഇൻഷയും ഗൾഫിൽ വച്ച് അടുപ്പത്തിലായിരുന്നു. പിന്നീട് അകന്നു. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്തെത്തിയ മുഹിയുദ്ദീനെ കാത്ത് ഇൻഷയും സഹോദരനും വിമാനത്താവളത്തിലെത്തി. വീട്ടിലേക്കു പോകാമെന്നു പറഞ്ഞാണു കാറിൽ കയറ്റിയത്. അതിനുശേഷം ചിറയിൻകീഴ് മണനാക്കിലുള്ള കായലോര റിസോർട്ടിലെത്തിച്ചു. മുറിയിൽ കസേരയിൽ കെട്ടിയിട്ട ശേഷം 2 ദിവസം ആഹാരം കൊടുക്കാതെ വെള്ളം മാത്രമാണു കൊടുത്തത്. ഒരു കോടി രൂപയാണ് ഇൻഷ ആവശ്യപ്പെട്ടതെന്നു പൊലീസ് പറഞ്ഞു. ഒടുവിൽ 50 ലക്ഷം നൽകാമെന്നു മുഹിയുദ്ദീൻ സമ്മതിച്ചു.

അക്കൗണ്ടിലുണ്ടായിരുന്ന 11 ലക്ഷം രൂപ കൈമാറി. അതിനു ശേഷം സുഹൃത്തുക്കളോടു ചോദിച്ചു വാങ്ങാൻ സംഘം ആവശ്യപ്പെട്ടതിനെ തുടർന്നു പലരെയും മുഹിയുദ്ദീൻ വിളിച്ചപ്പോൾ ഒരാൾ സഹായിച്ചു. 4.70 ലക്ഷം രൂപ സുഹൃത്തും കൈമാറി. പണം നൽകിയത് ഇൻഷയുടെ അക്കൗണ്ടിലേക്കായിരുന്നു. മുഹിയുദ്ദീന്റെ കയ്യിലുണ്ടായിരുന്ന അഞ്ചു പവന്റെ സ്വർണമാലയും രണ്ടു മൊബൈൽ ഫോണുകളും ലാപ്ടോപ്പും ഇവർ കൈക്കലാക്കി.

തന്നെ മടക്കിവിട്ടാൽ ഗൾഫിൽ ചെന്നാലുടൻ 50 ലക്ഷം കൂടി നൽകാമെന്നു പറഞ്ഞതോടെ ഇൻഷയും സംഘവും അതു വിശ്വസിച്ചു. റവന്യു സ്റ്റാംപ് പതിച്ച പേപ്പറുകളിലും മുദ്രപ്പത്രങ്ങളിലും ഒപ്പിട്ടു വാങ്ങി. ഇൻഷ തന്നെ മടക്കയാത്രയ്ക്കു ടിക്കറ്റ് എടുത്തു വെള്ളിയാഴ്ച വൈകിട്ടു തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചു. ഉള്ളിൽ കയറിയയുടനെ പൊലീസിനോടു മുഹിയുദ്ദീൻ കാര്യങ്ങൾ അറിയിച്ചു. അവർ വലിയതുറ പൊലീസിനെ അറിയിച്ചു.

സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം ശംഖുമുഖം എസി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രി ഇൻഷയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോൾ സ്വർണം ഉൾപ്പെടെ കണ്ടെടുത്തു. ബാക്കി പ്രതികളെയും അറസ്റ്റ് ചെയ്തു. മർദനത്തിൽ കണ്ണിനു പരുക്കേറ്റ മുഹിയൂദ്ദീനെ തമിഴ്നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക