കാന്‍സര്‍ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ച്, സാമ്പത്തികതട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ ആലപ്പുഴ മാരാരിക്കുളം പൊലീസ് കേസെടുത്തു. മാരാരിക്കുളം സ്വദേശിയായ ശ്രീമോള്‍ എന്ന സുജിമോള്‍, ഇടതുസഹയാത്രികയും മാധ്യമപ്രവര്‍ത്തകയുമായ സുനിത ദേവദാസ്, ശ്രീമോളുടെ കൂട്ടാളി അനില്‍.ടി.വി എന്നിവര്‍ക്കെതിരെയാണ് വ‍ഞ്ചന, ഗൂഡോലോചന കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ നവാസ് ആണ് പരാതിക്കാരന്‍.

ഒന്നാംപ്രതിയായ ശ്രീമോള്‍ മൂന്നാം പ്രതിയായ അനിലിന്റെ സഹായത്തോെട സമൂഹമാധ്യമങ്ങളില്‍ താന്‍ കാന്‍സര്‍രോഗിയാണെന്ന് പ്രചരിപ്പിക്കുകയും രണ്ടാംപ്രതിയായ സുനിത ദേവദാസ് ഇക്കാര്യങ്ങള്‍ക്ക് വിശ്വാസ്യത നല്‍കുംവിധം ഫെയ്സ്ബുക്കില്‍ പ്രചാരണം നടത്തിയെന്നും എഫ്.ഐ.ആഫില്‍ പറയുന്നു. മൂന്നുലക്ഷത്തോളം രൂപ നേരിട്ടും പത്തുലക്ഷത്തോളം രൂപ അല്ലാതെയും സുമനസുകളില്‍നിന്ന് പിരിച്ചെടുത്തുവെന്നാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സോഷ്യൽ മീഡിയയിലെ ഒരു വനിതാ ഗ്രൂപ്പില്‍ അംഗമായ ശ്രീമോള്‍, കാൻസർ രോഗിയാണെനും സർജറിക്ക് പണമില്ലെന്നും പലരെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രോഗമുണ്ടെന്ന് വിശ്വസിപ്പിക്കാൻ ചില മെഡിക്കൽ റിപ്പോർട്ടുകളും നല്‍കി. ഇത് വിശ്വസിച്ചാണ് കാനഡയില്‍ താമസക്കാരിയായ സുനിത ദേവദാസ് അവരുടെ ഫെയ്സ്ബുക്ക് അകൗണ്ടിൽ അടിയന്തിര ചികിത്സക്ക് പണം ആവശ്യമുണ്ടെന്ന രീതിയിൽ പോസ്റ്റിട്ടത്.

പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കി ഒക്ടോബര്‍ 22 ന് പോസ്റ്റ് ചെയ്ത കാര്യങ്ങള്‍ അവര്‍ 27ാംതീയതി പിന്‍വലിച്ചിരുന്നു. ശ്രീമോള്‍ തന്നെ വഞ്ചിച്ചതാണെന്നും അവര്‍ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും സുനിത ദേവദാസ് അവകാശപെടുന്നു. മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി അയച്ചിട്ടും തന്റെ പരാതിയില്‍ കേസെടുക്കാതെ തനിക്കെതിരെ നല്‍കിയ പരാതിയില്‍ മാത്രമാണ് കേസെടുത്തതെന്നും അവര്‍ പറഞ്ഞു.

സുനിത ദേവദാസിന്റെ കുറിപ്പുകൾ

കേസിന് ആസ്പദമായ പോസ്റ്റ് :

ശ്രീമോൾ മാരാരി നമ്മളുടെയൊക്കെ സുഹൃത്താണു. ക്യാൻസർ ചികിത്സയിലാണു. ഉള്ളതെല്ലാം വിറ്റ് ഇത്രയും നാൾ മുന്നോട്ട് നീങ്ങി…ഇനി ചികിത്സ മുന്നോട്ട്‌ നീങ്ങാൻ നമ്മളുടെയൊക്കെ സഹായം ആവശ്യമുണ്ട്‌. സർജ്ജറി വേണം. ഒരു 100 രൂപ എങ്കിലും കഴിയുന്നവർ സഹായിക്കൂ..

തട്ടിപ്പാണെന്നറിഞ്ഞപ്പോള്‍ ചെയ്ത പോസ്റ്റ് :

ശ്രീമോൾ മാരാരിയുടെ ചികിത്സക്ക് വേണ്ടി നമ്മൾ പണം പിരിച്ചിരുന്നു.നിങ്ങളെല്ലാം സഹായിച്ചു. ഇപ്പോ ചികിത്സക്ക് അത്യാവശ്യത്തിനുള്ള പണം ആയിട്ടുണ്ട്. നമ്മൾ പിരിവ് തല്ക്കാലം നിര്ത്തുന്നു. പൈസയുടെ കണക്കും കാര്യങ്ങളും ഒക്കെ ശ്രീമോൾ ആശുപത്രിയിൽ നിന്നും വന്നതിനു ശേഷം വിശദമായി പോസ്റ്റ് ഇടാം (ബാങ്ക് സ്റ്റേറ്റ്മെന്റും ആശുപത്രി ബില്ലുകളും ഉൾപ്പെടെ). സഹായിച്ച എല്ലാവര്ക്കും നന്ദി ,സ്നേഹം ….

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക