പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ ക്യാമ്ബിനെത്തിയ പന്ത്രണ്ടുകാരി ശ്രേയയുടെ ദുരൂഹമരണം കൊലപാതകമാണെന്നും പ്രതിയായ വികാരിയെ രക്ഷിച്ചത് അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനായിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. സംഭവസമയത്ത് ക്രൈംബ്രാഞ്ച് ഐജിയായിരുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടേതാണ് വെളിപ്പെടുത്തല്‍. പ്രതി എത്ര ഉന്നതനാണെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടിയേരി വികാരിയെ സംരക്ഷിക്കുകയായിരുന്നു.

കൃപാ ഭവന്‍ ലഹരിമുക്ത കേന്ദ്രം ഡയറക്ടറും സണ്‍ഡേ സ്‌കൂള്‍ ക്യാമ്ബ് നടത്തിപ്പുകാരനുമായ ഫാ. മാത്തുക്കുട്ടി മുന്നാറ്റിന്‍മുഖമാണ് പ്രധാന പ്രതിയെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്നത്തെ ഡിജിപി ജേക്കബ് പുന്നൂസിനെ താന്‍ അറിയിച്ചിരുന്നു. എന്നാല്‍ തന്നെ ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റി മധ്യമേഖലാ ഐജിയായി നിയമിച്ച്‌ അന്വേഷണം അട്ടിമറിക്കുകയായിരുന്നു. കുട്ടികള്‍ കിടന്നിരുന്ന മുറിയുടെ വാതില്‍ മാത്തുക്കുട്ടി ബലമായി തള്ളിത്തുറന്നതിന്റെ വിരലടയാളം ലഭിച്ചിരുന്നു. ഇയാളാണ് പ്രതിയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് തെളിവുകളും ലഭിച്ചു. എന്നാല്‍ ഇവയൊക്കെ പിന്നീട് അപ്രത്യക്ഷമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിലെ സത്യാവസ്ഥ പുറത്തു വരണമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് തുടക്കം മുതല്‍ ശ്രേയയ്ക്ക് നീതി ലഭിക്കുന്നതിനായി നിയമയുദ്ധം തുടരുന്ന പൊതുപ്രവര്‍ത്തകന്‍ കളര്‍കോട് വേണുഗോപാലിനോടാണ് മുന്‍ ഡിജിപി സത്യം തുറന്നു പറഞ്ഞത്. മാത്തുക്കൂട്ടിയെ രക്ഷിക്കുന്നതിന് ഒരു ബിഷപ്പും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ശ്രേയയുടെ ചുണ്ടില്‍ കടിച്ച പാടുകളുണ്ടായിരുന്നു. ഒരാള്‍ ബലമായി കടിച്ച പാടുകളാണ് ഇതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. എന്നാല്‍ മൃതദേഹം കിടന്ന കുളത്തിലെ മീനുകള്‍ കടിച്ചതാകാമെന്നായിരുന്നു പ്രചാരണം. കുളം വറ്റിച്ച്‌ പരിശോധിച്ചപ്പോള്‍ ഒരു മീനിനെ പോലും ലഭിച്ചില്ലെന്നും ശ്രീലേഖ പറഞ്ഞു.

അശ്രദ്ധ കാരണമുള്ള അപകടമരണത്തിനാണ് സിബിഐ കേസ് എടുത്തിരിക്കുന്നത്. ഫാ. മാത്തുക്കുട്ടിയും, ക്യാമ്ബ് നടത്തിപ്പുകാരിയായിരുന്ന സിസ്റ്റര്‍ സ്‌നേഹ മറിയവുമാണ് ഒന്നും രണ്ടും പ്രതികള്‍. സിബിഐ ഇതു സംബന്ധിച്ച്‌ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രവും നല്കി. എന്നാല്‍ സിബിഐ റിപ്പോര്‍ട്ട് പ്രതികളെ സഹായിക്കുന്നതിനാണെന്നും യഥാര്‍ത്ഥത്തില്‍ നടന്നത് കൊലപാതകമാണെന്നും വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചു. തുടര്‍വാദം ഇന്ന് നടക്കാനിരിക്കെയാണ് മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നത്.

2010 ഒക്ടോബര്‍ 17നാണ് ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെയും സുജയുടെയുടെയും മകളും ഏഴാം ക്ലാസുകാരിയുമായ ശ്രേയ കൊല്ലപ്പെട്ടത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ളതാണ് ആലപ്പുഴ പക്കി ജങ്ഷന് സമീപമുള്ള അക്സപ്റ്റ് കൃപാഭവന്‍. സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്ബിനെത്തിയതായിരുന്നു ശ്രേയ. കൃപാ ഭവന്‍ വളപ്പില്‍ തന്നെയുള്ള കുളത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസില്‍ അറിയിക്കാതെ, ഫയര്‍ഫോഴ്സിനെ വരുത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടക്കത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തുണ്ടായിരുന്ന ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും പൊടുന്നനെ പിന്‍വാങ്ങിയതിലും ദുരൂഹതയുണ്ട്. ലോക്കല്‍ പോലീസും, ക്രൈംബ്രാഞ്ചും കേസ് അന്വേഷണം അട്ടിമറിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക