കോഴിക്കോട്: കൊയിലാണ്ടിയില്‍ അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം ടിപി വധക്കേസ് പ്രതി കൊടി സുനിയിലേക്ക്. രണ്ട് ദിവസം മുന്‍പാണ് അഫ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. ഇയാളുടെ ഫോണില്‍ നിന്നും കണ്ടെത്തിയ ശബ്ദരേഖ സുനിയുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്.

സ്വര്‍ണം കൊടുവള്ളി സംഘത്തിന്റെതാണെന്ന് അഷ്‌റഫ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഇവര്‍ക്ക് നല്‍കാനുള്ള സ്വര്‍ണവുമായി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ തന്നെ കണ്ണൂര്‍ സംഘം നാദാപുരം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണം തട്ടിയെടുത്തുവെന്നാണ് അഷ്‌റഫ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ അഷ്‌റഫ് കണ്ണൂര്‍ സംഘത്തിന് സ്വര്‍ണം നല്‍കി പണം വാങ്ങിയെന്നായിരുന്നു കൊടുവള്ളി സംഘം കരുതിയിരുന്നത്. ഇവരില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടായി. തുടര്‍ന്ന് കണ്ണൂര്‍ സംഘം അഷ്‌റഫിന് കൊടി സുനിയുടെ ശബ്ദരേഖ അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് സൂചന.

സ്വര്‍ണം തട്ടിയെടുത്തത് തന്റെ ആള്‍ക്കാരാണെന്നും അഷ്‌റഫിനെ ഉപദ്രവിക്കരുതെന്നുമാണ് കൊടി സുനിയുടെ ശബ്ദ സന്ദേശത്തില്‍ ഉള്ളത്. ഇത് താന്‍ കൊടുവള്ളി സംഘത്തിന് അയച്ചുകൊടുത്തെന്നാണ് അഷ്‌റഫ് പറയുന്നത്.ജയിലില്‍ കഴിയുന്ന കൊടി സുനി നേരത്തെയും ഇത്തരത്തിലുള്ള ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കൊയിലാണ്ടി പൊലീസാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. കൊടി സുനിയും അഷ്‌റഫും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം ഉണ്ടായേക്കും.അഞ്ചംഗ സംഘം വീട്ടിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്.ക്രൂരമായി മര്‍ദിച്ച ശേഷം പിറ്റേന്ന് വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

പുറത്തുവന്ന ശബ്ദ സന്ദേശം ഇങ്ങനെ:

‘ഞാനാ സുനിയാണേ, കൊടിയാ. കൊയിലാണ്ടിയിലെ അഷ്‌റഫിന്റെ കയ്യിലുള്ള സാധനമുണ്ടല്ലോ. അത് നമ്മുടെയൊരു കമ്ബനിയാ കൊണ്ടുപോയേ.ഇനി അതിന്റെ പുറകെ നടക്കണ്ട..കൊണ്ടുവന്ന ചെക്കന് അതൊന്നും അറിയില്ല.തത്കാലം ഇപ്പോള്‍ വേറെയാരോടും പറയാന്‍ നില്‍ക്കണ്ട. തപ്പുന്നുണ്ട്. പക്ഷെ നമ്മുടെ കമ്ബനിയാണ്. അതുകൊണ്ട് വെറെയൊന്നും ചെയ്യാന്‍ പറ്റത്തില്ല. കേട്ടോ.. ഓക്കെ.. അതുകൊണ്ട് ഇനിയതിന്റെ പുറകെ പോകാന്‍ നില്‍ക്കണ്ട. അറിയുന്ന ആളുകളോട് പറഞ്ഞു കൊടുത്തേക്ക് കാര്യങ്ങള്.’ കൊടുവള്ളി സംഘത്തിന് അയക്കാനായി അഷ്‌റഫിന് നല്‍കിയ ഈ ശബ്ദസന്ദേശമാണ് പുറത്തെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക