തിരുവനന്തപുരം : ഇടതു മുന്നണിയും കേരളാ കോണ്‍ഗ്രസ് മാണിയും തമ്മിലെ ബന്ധം വഷളാകുന്നു. കെ.എം. മാണിക്കെതിരായ ബാര്‍ക്കോഴ കേസ് അന്വേഷിച്ച വിജിലന്‍സ് മുന്‍ എസ്‌പി. ആര്‍. സുകേശനെ കെ.എസ്.ആര്‍.ടി.സി.യുടെ എക്‌സിക്യുട്ടീവ് ഡയറക്ടറായി (വിജിലന്‍സ്) നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജുവാണ് ഈ നീക്കത്തിന് പിന്നില്‍. രണ്ടരക്കൊല്ലത്തേക്കാണ് ആന്റണി രാജുവിനെ ഇടതു മുന്നണി മന്ത്രിയാക്കിയത്. എന്നാല്‍ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ആന്റണി രാജുവിന് സ്ഥാനം ഒഴിയേണ്ടി വരില്ലെന്ന സൂചനകളുണ്ട്.

ഇതിനിടെയാണ് സുകേശനെ കെ എസ് ആര്‍ ടി സിയിലേക്ക് എത്തിക്കാനുള്ള നീക്കം. ഐ.പി.എസ്. ഉദ്യോഗസ്ഥനായി സര്‍വീസില്‍നിന്ന് വിരമിച്ച ആര്‍. സുകേശനെ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സില്‍ ഉന്നതപദവിയില്‍ നിയമിക്കാനാണ് നീക്കം. അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മൂന്നുപേരുടെ ചുരുക്കപ്പട്ടികയില്‍നിന്നാണ് സുകേശനെ നിയമിക്കുന്നത്. ആര്‍. സുകേശനുവേണ്ടി വിജിലന്‍സ് ഓഫീസര്‍ തസ്തിക എക്‌സിക്യുട്ടീവ് ഡയറക്ടറായി ഉയര്‍ത്താനും നീക്കമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെതിരെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി എതിര്‍പ്പ് മുന്നണി നേതൃത്വത്തെ അറിയിക്കും എന്നാണ് സൂചന. വിഷയം വഷളായാൽ അവസരം മുതലെടുത്ത് ഇടതുമുന്നണി വിടാൻ പോലും സാധ്യതയുണ്ടെന്നും ചില കേരള കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് പ്രചരണം ഉയരുന്നുണ്ട്. വിഴിഞ്ഞം സമരം, ബഫർ സോൺ, വന്യമൃഗങ്ങളുടെ ആക്രമണം മുതലായ വിഷയങ്ങളിലും സർക്കാർ വിരുദ്ധ നിലപാടുമായി ജോസ് കെ മാണി പരസ്യമായി രംഗത്ത് വന്നിരുന്നു. മുന്നണി ബന്ധം ഉപേക്ഷിച്ച് പുറത്തുചാടാൻ ശക്തമായ കാരണങ്ങളാണ് കേരള കോൺഗ്രസ് തേടുന്നതെന്നും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായും ജോസ് പിന്നാമ്പുറ ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പാലാ നഗരസഭയിൽ ജോസ് കെ മാണി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പിടിവാശി ഉയർത്തിയതും മുന്നണി ഉപേക്ഷിക്കാനുള്ള സാധ്യതകൾക്ക് വേണ്ടിയാണെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് നഗരസഭയിൽ സിപിഎം ജോസിന് കീഴടങ്ങിയത്.

ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് മാണിയെയും പാര്‍ട്ടിയെയും ഏറ്റവും കൂടുതല്‍ അപഹാസ്യനാക്കിയ ഉദ്യോഗസ്ഥന് വിരമിച്ച ശേഷവും വലിയ പരിഗണന നല്‍കുന്നതാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചത്. ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായിട്ടും ഇത്തരം നീക്കങ്ങള്‍ തടയാന്‍ കഴിയാത്തത് മാണി ഗ്രൂപ്പിനുള്ളില്‍ നേതാക്കള്‍ക്ക് എതിരായ പ്രതിഷേധത്തിനും കാരണമായി. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണി നേരിട്ട് പ്രതിഷേധം അറിയിക്കുന്നത് എന്ന പ്രചരണമാണ് കേരള കോൺഗ്രസ് വൃത്തങ്ങൾ ഉയർത്തുന്നത്. കെ.എം. മാണിയെ ബാര്‍ക്കോഴയില്‍ പ്രതിരോധത്തിലാക്കിയത് സുകേശന്റെ അന്വേഷണ റിപ്പോര്‍ട്ടുകളാണ്. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായപ്പോള്‍ കെ.എം. മാണിയുടെ പാലായിലെ വീട്ടില്‍ റെയ്ഡ് നടത്താന്‍ സുകേശന്‍ നീക്കം നടത്തിയിരുന്നതായി കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു. മാണിയുടെ വസതിയിലേക്ക് പൊലീസിനെ നിയോഗിച്ച സുകേശനെതിരെ വിരമിച്ചശേഷം പോലും നടപടിയെടുക്കാന്‍ കഴിയാത്തവണ്ണം മാണി വിഭാഗം ദുര്‍ബലമായോ എന്ന ചോദ്യമാണ് കേരളാ കോണ്‍ഗ്രസ് അണികള്‍ ഉയര്‍ത്തുന്നത്.

ഗതാഗതവകുപ്പാണ് നിയമനം നടത്തുന്നതെങ്കിലും സുകേശന് പുനര്‍നിയമനം നല്‍കാനുള്ള തീരുമാനം സിപിഎമ്മിന്റെതാണ്. ബാർകോഴ കേസിൽ മാണിയെ പ്രതിരോധത്തിലാക്കിയ ഉദ്യോഗസ്ഥന് സിപിഎം വലിയ പരിഗണന നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിൻറെ ശുപാർശയിൽ അദ്ദേഹത്തിൻറെ വിരമിച്ച ശേഷം ഐപിഎസ് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ജോസ് എതിർപ്പ് അറിയിച്ചാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രി എടുക്കുന്ന നിലപാടായിരിക്കും നിര്‍ണായകം. 2018-ലാണ് സുകേശന് ഐ.പി.എസ്. നല്‍കിയത്. 2017 മെയ്‌ 31-ന് സര്‍വീസില്‍നിന്ന് വിരമിച്ചിരുന്നു. 2018-ല്‍ ഐ.പി.എസ്. ലഭിച്ചതിനെതുടര്‍ന്ന് സര്‍വീസില്‍ തിരികെയെത്തി.

ബാര്‍ കോഴക്കേസ് എങ്ങുമെത്താതെ അവസാനിച്ചെങ്കിലും പാര്‍ട്ടിക്ക് അതുണ്ടാക്കിയ മാനക്കേട് വളരെ വലുതാണെന്ന വിലയിരുത്തലിലാണ് മാണി ഗ്രൂപ്. ചാനല്‍ ചര്‍ച്ചകളില്‍ അന്ന് മാണിക്കെതിരെ നിലപാടെടുത്തിരുന്ന ആന്റണി രാജുവാണ് ഗതാഗത മന്ത്രിയെന്നതും അവരെ ചൊടിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് കേരളാ കോണ്‍ഗ്രസുകാരും സംശയിക്കുന്നു. കെ.എസ്.ആര്‍.ടി.സി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കേണ്ട കാര്യമെന്ത് എന്ന ചോദ്യവും അവര്‍ ഉയര്‍ത്തുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക