തിരുവനന്തപുരം: പത്തനാപുരം മണ്ഡലത്തില്‍ വികസനമെത്തുന്നില്ലെന്ന ഗണേശ് കുമാര്‍ എംഎല്‍എയുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്താനാപുരം മണ്ഡലത്തിന് സര്‍ക്കാര്‍ പണം നല്‍കിയിട്ടുണ്ട്. അതിന്റെ കണക്കുമുണ്ട്. വാര്‍ത്ത സൃഷ്ടിക്കുന്ന രീതിയിലല്ല കാര്യങ്ങള്‍ പറയേണ്ടതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എല്‍ഡിഎഫ് നിയമസഭാ കക്ഷി യോഗത്തില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. യോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുത്തില്ല.

മുന്നണിക്കകത്ത് പ്രശ്നങ്ങളുണ്ടാകും. അത് ഉന്നയിക്കേണ്ട രീതിയുണ്ട്. അത് പാലിക്കണം. സര്‍ക്കാര്‍ പദ്ധതികളും പണവും അനുവദിക്കാതെയാണോ പത്തനാപുരത്ത് വികസനം നടന്നതെന്നും അദ്ദേഹം ചോദിച്ചു. പത്താനപുരം മണ്ഡലത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പദ്ധതികളുടെ പട്ടികയും യോഗത്തില്‍ മുഖ്യമന്ത്രി വായിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന എല്‍ഡിഎഫ് നിയമസഭകക്ഷി യോഗത്തില്‍ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും എതിരെ ഗണേശ് കുമാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആയിരുന്നു വിമര്‍ശനം. എംഎല്‍എമാര്‍ക്കായി പ്രഖ്യാപിച്ച 15 കോടിയുടേയും 20 കോടിയുടേയും പദ്ധതിയില്‍ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ആയിട്ടില്ല. ഒന്നും നടക്കാത്ത സ്ഥിതിയാണ് നാട്ടിലുള്ളത്.

എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേശ് കുമാര്‍ തുറന്നു പറഞ്ഞിരുന്നു. ഭരണപക്ഷ എംഎല്‍എമാരെപ്പോലും സര്‍ക്കാര്‍ അവഗണിക്കുകയാണെന്നായിരുന്നു ഗണേശ് തുറന്നടിച്ചത്. .തുറന്നുപറയുന്നതിന്റെ പേരില്‍ നടപടി എടുക്കാനാണെങ്കില്‍ അതു ചെയ്‌തോളൂ എന്ന വെല്ലുവിളിയുമായി ഗണേശ് വേദി വിടുകയും ചെയ്തു.

കഴിഞ്ഞ യോഗത്തില്‍ മന്ത്രിമാര്‍ക്കെതിരെ ഗണേശ്‌കുമാര്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കാണ് മുഖ്യമന്ത്രി അക്കമിട്ട് മറുപടി നല്‍കിയത്. എന്നാല്‍ യോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുത്തിരുന്നില്ല. ഗണേശ് കുമാറിന്റെ പരസ്യപ്രതികരണത്തില്‍ അസംതൃപ്തനാണെന്ന് വ്യക്തമാക്കും വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കഴിഞ്ഞയാഴ്ച ചേര്‍ന്ന പാര്‍ലമെന്റ് പാര്‍ട്ടിയോഗത്തിലായിരുന്നു ഗണേശ് കുമാര്‍ മന്ത്രിമാര്‍ക്കെതിരെ തിരിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക