കേരളത്തിൽ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത തരത്തിലുള്ള ഒരു വിവാദമാണ് ഇപ്പോൾ പൊട്ടി പുറപ്പെട്ടിരിക്കുന്നത്. ഈ വിവാദത്തിന്റെ കേന്ദ്രബിന്ദു ആകട്ടെ കേരളം കണ്ട ജനപ്രിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ രോഗാവസ്ഥയുമാണ്. പ്രമുഖ ഓൺലൈൻ മാധ്യമങ്ങളെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയുടെ രോഗാവസ്ഥയ്ക്ക് മതിയായ ചികിത്സ നൽകുവാൻ കുടുംബാംഗങ്ങളിൽ ചിലർ വിസമ്മതിക്കുന്നു എന്ന തരത്തിലാണ് പ്രചരണങ്ങൾ. ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സഹധർമ്മിണി മറിയാമ്മ ഉമ്മനെയും മകൻ ചാണ്ടി ഉമ്മനെയുമാണ്. ഇവർ ഇരുവരും പ്രാർത്ഥനയിലും രോഗശാന്തിയിലും വിശ്വസിക്കുന്നത് കൊണ്ടാണ് ഉമ്മൻചാണ്ടിയെ ആധുനിക ചികിത്സയ്ക്ക് വിധേയർ ആക്കാത്തത് എന്ന നിലയിലാണ് ആക്ഷേപങ്ങൾ.

പിന്നിൽ തല്പരകക്ഷികൾ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ പ്രചാരണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ശക്തരായ തല്പരകക്ഷികൾ തന്നെയാണ്. കുടുംബത്തിനുള്ളിൽ നിന്ന് വരെയുള്ള ആളുകൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നുള്ളതും വ്യക്തമാണ്. ഈ ഉറപ്പിന്മേലാണ് വാർത്താമാധ്യമങ്ങൾ ഇത്ര രൂക്ഷമായ ആരോപണങ്ങൾ ഉന്നയിക്കുന്നതും തെളിവുകൾ എന്ന നിലയിൽ മെഡിക്കൽ റിപ്പോർട്ടുകൾ എടുത്തു കാട്ടുന്നതും. ഉമ്മൻചാണ്ടിയെ കൊണ്ട് ധാരാളം നേട്ടങ്ങൾ ഉണ്ടാക്കിയവരും ഇനിയും അത്തരം നേട്ടങ്ങൾ തുടരണം എന്ന് ആഗ്രഹിക്കുന്നവരും ആണ് ഇവർ. തുടരണം എന്ന് പറയുമ്പോൾ അത് ഉമ്മൻചാണ്ടിയിലൂടെ അല്ല മറിച്ച് അദ്ദേഹത്തിൻറെ രാഷ്ട്രീയ പിന്തുടർച്ചയിലൂടെയാണ്.

യാഥാർത്ഥ്യമെന്ത്?

ഉമ്മൻചാണ്ടിക്ക് 80 വയസ്സായി. കീമോതെറാപ്പിയും റേഡിയേഷനും പോലുള്ള കാഠിന്യമേറിയ ചികിത്സാ സമ്പ്രദായങ്ങൾ അദ്ദേഹത്തിൻറെ ശരീരം താങ്ങില്ല എന്നതാണ് വസ്തുത. പാരമ്പര്യ, ആൾട്ടർനേറ്റ് ചികിത്സ വിധികൾ അദ്ദേഹത്തിന്റെ ആയുസ്സും ആരോഗ്യവും, ദീർഘിപ്പിക്കും എങ്കിൽ ഒരു രോഗാവസ്ഥയിൽ മുടികൊഴിഞ്ഞും, ഓജസ്സു നഷ്ടപ്പെട്ടും കാലം കഴിച്ചു കൂട്ടുന്നതിനേക്കാൾ ജനമനസ്സുകളിലുള്ള ഉമ്മൻചാണ്ടിയായി കഴിയുന്നിടത്തോളം കാലം ജനങ്ങൾക്കിടയിൽ നിന്നുകൊണ്ടുതന്നെ ജീവിച്ചു മരിക്കാൻ തന്നെയാണ് അദ്ദേഹം ആഗ്രഹിക്കുക. ആ മനസ്സറിയുന്ന ഭാര്യയും മകനും അത്തരമൊരു തീരുമാനവുമായി മുന്നോട്ടു പോകുമ്പോൾ നേരത്തെ പറഞ്ഞ പിന്തുടർച്ചയുടെ ആനുകൂല്യങ്ങൾ കൈക്കലാക്കുവാൻ ചാണ്ടി ഉമ്മനെ മോശക്കാരൻ ആക്കി നടത്തുന്ന പ്രചാരണമാണ് ഇപ്പോൾ ചില മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്നത്.

ഭാരത് ജോഡോ യാത്രയിലൂടെ പരിണാമം പ്രാപിച്ച ചാണ്ടി ഉമ്മൻ എന്ന യുവ നേതാവ്.

ഭാരത് ജോഡോ യാത്രയിൽ നഗ്നപാദനായി മൂവായിരത്തിലധികം കിലോമീറ്ററുകൾ ആണ് ചാണ്ടി ഉമ്മൻ രാഹുൽ ഗാന്ധിക്കൊപ്പം നടന്നു നീങ്ങിയത്. ചികിത്സയ്ക്കായി ജർമനിയിലേക്ക് പോയപ്പോൾ ഉമ്മൻചാണ്ടിയെ അനുഗമിക്കാൻ മാത്രമാണ് അദ്ദേഹം യാത്രയിൽ നിന്ന് വിട്ടു നിന്നത്. കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയും ഈ യാത്രയിലൂടെ അദ്ദേഹത്തിന് നേടിയെടുക്കാനായി. വാക്കിലും നിലപാടുകളിലും പക്വത വന്ന ഒരു രാഷ്ട്രീയക്കാരനെ ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട ചർച്ചകളിൽ മാധ്യമങ്ങളിലൂടെ ലോകം കണ്ടു. ഉമ്മൻചാണ്ടിയുടെ തണലില്ലാതെ തന്നെ ആ യുവ നേതാവ് വളർന്നു പോകുമോ, അത്തരം ഒരു വളർച്ച ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെ തങ്ങളുടെ സ്വാധീന വലയത്തിൽ നിന്ന് അകറ്റുമോ എന്നെല്ലാമുള്ള ചില തൽപരകക്ഷികളുടെ ഭീതി തന്നെയാണ് അദ്ദേഹത്തിന് എതിരെ ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിൽ.

നിന്ദ്യവും നീചവുമായ വഞ്ചന

സ്വന്തം ഭർത്താവിനെ അന്ധവിശ്വാസങ്ങളുടെ പേരിൽ അല്ലെങ്കിൽ വിശ്വാസങ്ങളുടെ പേരിൽ മരണത്തിന് വിട്ടുകൊടുക്കുന്ന ഒരു ഭാര്യയായി മറിയാമ്മ ഉമ്മയെയും, അപ്പനെ ചികിത്സിക്കാൻ തയ്യാറാകാത്ത മകനായി ചാണ്ടി ഉമ്മയെയും ചിത്രീകരിക്കുന്നത് ഏറ്റവും നീചമായ നിലപാടാണ്. ഇതിനു പിന്നിൽ സദുദ്ദേശപരമായ ഒന്നുമില്ല. ഉമ്മൻചാണ്ടിയുടെ യഥാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ആരും ഈ പ്രചാരണത്തിന് പിന്നിൽ ഇല്ല. പക്ഷേ അങ്ങനെയൊക്കെ ആണെന്ന് വരുത്തിതീർത്ത് വിവാദങ്ങൾ ഉണ്ടാക്കി ആ ജന നേതാവിന് ജീവിതത്തിന്റെ സായം സന്ധ്യയിൽ ഹൃദയവേദന ഉണ്ടാക്കിയാൽ അത് കണ്ട് കയ്യുംകെട്ടി നോക്കി നിൽക്കുവാൻ യഥാർത്ഥ കോൺഗ്രസ് പ്രവർത്തകർക്ക് കഴിയും എന്നും തോന്നുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക