കൊച്ചി: പുതിയ നികുതി ഘടനയിലേയ്ക്കു നികുതിദായകരെ കൊണ്ടു വരുന്നതിനു പ്രേരിപ്പിക്കുന്ന മാറ്റങ്ങളാണ് ബജറ്റിൽ ആദായനികുതിയിൽ ധനമന്ത്രി നിർമല സീതാരാമൻ മുന്നോട്ടു വച്ചിരിക്കുന്നത്. പ്രധാനമായും 5 കാര്യങ്ങളാണ് ആദായ നികുതിയുമായി ബന്ധപ്പെട്ടു വ്യക്തമാക്കിയിട്ടുള്ളത്. നിലവിൽ അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവർക്കു നികുതി നൽകേണ്ടതില്ലായിരുന്നു. അതായത് ആദ്യ രണ്ടര ലക്ഷം വരെ നികുതി നൽകേണ്ട, അതിനു മുകളിൽ അഞ്ചുലക്ഷത്തിൽ താഴെയാണെങ്കിൽ റിബേറ്റ് അനുവദിച്ചു. ഇത് ഇനി അഞ്ചു ലക്ഷം രൂപ വരെ എന്നത് ഏഴു ലക്ഷം ആക്കി മാറ്റിയിട്ടുണ്ട്.

ഏഴു ലക്ഷം രൂപ വരെയുള്ളവർക്ക് നികുതി നൽകേണ്ടതില്ല എന്നാണ് വയ്പ്. പക്ഷേ ഇത് കഴിഞ്ഞ ബജറ്റിൽ നടപ്പാക്കിയ പുതിയ നികുതി ഘടന തിരഞ്ഞെടുത്തു മാറിയവർക്കു മാത്രമായിരിക്കും. പുതിയ നികുതി ഘടനയിൽ അല്ലാത്തവർക്ക് അഞ്ചു ലക്ഷം തന്നെയായിരിക്കും പരമാവധി ഒഴിവുണ്ടാകുക എന്നാണ് വ്യക്തമാകുന്നത്. അതുപോലെ അടിസ്ഥാന ഒഴിവു പരിധി രണ്ടര ലക്ഷമായിരുന്നത് മൂന്നു ലക്ഷമാക്കിയിട്ടുണ്ട്. അതായാത് 50,000 രൂപയ്ക്കു കൂടി നികുതി ഒഴിവാക്കി നൽകി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതിയ നികുതി ഘടനയിലേയ്ക്കു മാറുന്ന നികുതി ദായകർക്ക് ചാപ്റ്റർ 6എ പ്രകാരമുള്ള കിഴിവുകൾ ഒന്നും ഉണ്ടായിരിക്കില്ല. 80 സി, 80ഡി ഇങ്ങനെയുള്ള ഇളവുകൾ ഒന്നും പുതിയ ഘടന തിരഞ്ഞെടുക്കുന്നവർക്കു ബാധകമായിരിക്കില്ല.

ഇനി മുതൽ by default പുതിയ നികുതി ഘടന

ഇതുവരെ പുതിയ നികുതി ഘടനയിലേയ്ക്കു മാറണമെങ്കിൽ അതു പ്രത്യേകം തിര‍ഞ്ഞെടുക്കണമായിരുന്നെങ്കിൽ ഇനി സ്ഥിര സ്ഥിതി (by default) പുതിയ നികുതി ഘടനയായിരിക്കും എന്നതു ശ്രദ്ധേയമാണ്. പഴയ ഘടനയിൽ തന്നെ തുടരണമെങ്കിൽ നികുതിദായകൻ അതു പ്രത്യേകം തിരഞ്ഞെടുത്തു നൽകണം. അല്ലെങ്കിൽ പുതിയ ഘടനയിലേയ്ക്കു മാറിയതായി പരിഗണിക്കപ്പെടും. ആദായ നികുതിയിൽ ഇളവുകൾ ലഭിക്കുന്നതിനായി ദീർഘകാല പദ്ധതികൾ തിരഞ്ഞെടുത്തിട്ടുള്ളവർക്ക് അതിൽ തുടരാൻ അവസരമുണ്ടെങ്കിലും അക്കാര്യം നികുതി നൽകുന്ന സമയത്തു പ്രത്യേകം ഓർമിക്കണം എന്നർഥം.

സ്ലാബുകൾ ചുരുക്കി തുക വർധിപ്പിച്ചു

പുതിയ നികുതി ഘടനയിൽ വരുമ്പോൾ ഇതുവരെ ഓരോ രണ്ടര ലക്ഷം വച്ച് സ്ലാബുകൾ ഉണ്ടായിരുന്നത് പുതിയ ബജറ്റിൽ ചുരുക്കി‌. പുതിയ നികുതി ഘടനയിലുള്ളവർക്കു മാത്രമാണ് ഇതെന്നതു പ്രത്യേകം ഓർക്കണം. മൂന്നു ലക്ഷം വരെ നികുതി ഇല്ല, മൂന്നിനു മുകളിൽ ആറു ലക്ഷം വരെ അഞ്ചു ശതമാനം, ആറു മുതൽ ഒമ്പതു ലക്ഷം വരെ 10 ശതമാനം, 9 ലക്ഷത്തിനു മുകളിൽ 12 ലക്ഷം വരെ 15 ശതമാനം, 12 ലക്ഷത്തിനു മുകളിൽ 15 ലക്ഷം വരെ 20 ശതമാനം, 15 ലക്ഷത്തിനു മുകളിൽ 30 ശതമാനം ഇങ്ങനെ സ്ലാബുകളിലേയ്ക്കു മാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക