മാളികപ്പുറം സിനിമയ്ക്കെതിരെ വിമര്‍ശനാത്മകമായി റിവ്യു ഇട്ടതിന് യുട്യൂബറെ ഫോണിലൂടെ തെറി വിളിച്ച്‌ നടന്‍ ഉണ്ണി മുകുന്ദന്‍. സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണി മുകുന്ദന്‍ ഫോണിലൂടെ തെറി വിളിച്ചത്. യുട്യൂബറിന്റെ വീഡിയോയിലൂടെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു എന്നാരോപിച്ചുകൊണ്ടാണ് നടന്‍ ഫോണിലൂടെ തെറിവിളിച്ചത്. ഉണ്ണി മുകുന്ദന്‍ തന്നെ തെറിവിളിക്കുന്ന ഫോണ്‍ സംഭാഷണം യുട്യൂബര്‍ തന്റെ യുട്യൂബ് പേജിലൂടെയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പുറത്ത് വിട്ടു. വീഡിയോ ഇതിനോടകം വൈറലായി.

ഭക്തി വിറ്റാണ് മാളികപ്പുറം സിനിമ വിജയം നേടിയതെന്നും സിനിമയുടെ മറ്റ് മോശം വശങ്ങളെയും കുറിച്ചാണ് സീക്രെട്ട് ഏജന്റ് വീഡിയോ പങ്കുവച്ചത്. മാളികപ്പുറം സിനിമയെ കുറിച്ച്‌ ഇതുവരെ താന്‍ മൂന്ന് വീഡിയോ യുട്യൂബില്‍ പങ്കുവച്ചിട്ടുണ്ടെന്നും സായി വ്യക്തമാക്കി. എന്നാല്‍ ആ വീഡിയോയിലെ ഉള്ളടക്കം വ്യക്തിപരമായ ലക്ഷ്യത്തോടെയാണെന്നാരോപിച്ചുകൊണ്ടാണ് നടന്‍ ഉണ്ണി മുകുന്ദന്‍ യുട്യൂബറെ തെറി വിളിക്കുന്നത്. യുട്യൂബര്‍ തന്റെ മാതാപിതാക്കളെയും ചിത്രത്തില്‍ മാളികപ്പുറമായി അഭിനയിച്ച പെണ്‍കുട്ടിയെയും അവഹേളിക്കുന്നുണ്ടെന്ന് ഉണ്ണി മുകുന്ദന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സിനിമയെ മോശം ഭാഗത്തെ മനസ്സിലാക്കാന്‍ സാധിക്കാത്തതാണ് നടനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്ന് യുട്യൂബര്‍ തിരിച്ചടിച്ചു. ഭക്തി വിറ്റുകൊണ്ട് തന്നെയാണ് നടന്‍ സിനിമയെ പ്രചരിപ്പിക്കുന്നത്. സിനിമയെ പറ്റി ഒരാള്‍ക്ക് അഭിപ്രായം പറയാന്‍ പറ്റില്ല, പറഞ്ഞു കഴിഞ്ഞാല്‍ ഇങ്ങനെയാണ് പല നടന്മാരും പ്രതികരിക്കുന്നതെന്ന് നാട്ടുകാര്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ് താണ വീഡിയോ പുറത്ത് വിട്ടതെന്ന് സായി പറഞ്ഞു. തന്നെ നേരിട്ട് ഫോണില്‍ വിളിച്ച്‌ തെറി പറയാന്‍ ഉണ്ണി മുകുന്ദന് അവകാശമില്ലെന്നും അതുകൊണ്ടാണ് അതെ നാണയത്തില്‍ തന്നെ നടനോട് തിരിച്ചടിച്ചതെന്നും സീക്രെട്ട് ഏജന്റ് വ്യക്തമാക്കി.

അതേസമയം മാളികപ്പുറം ഇതിനോടകം തന്നെ 100 കോടി ക്ലബില്‍ ഇടം നേടിയെന്ന് നടന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളുടെ റിലീസ് ഇന്നുണ്ടാകും. കൂടാതെ ഫെബ്രുവരില്‍ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് മാളികപ്പുറത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒടിടി പ്ലെ എന്ന വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ടിന് ചെയ്തിരിക്കുന്നത്. നേരത്തെ ആമസോണ്‍ പ്രൈം വീഡിയോയ്ക്കാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തിന് ഡിജിറ്റല്‍ അവകാശം ലഭിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും മാളികപ്പുറത്തിന്റെ അണിയറ പ്രവര്‍ത്തകരോ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഡിസംബര്‍ 30 ന് തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മാളികപ്പുറം. ചിത്രത്തിന് വളരെ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. ‘കുഞ്ഞിക്കൂനന്‍’ തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ശശിശങ്കറിന്റെ മകന്‍ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘മാളികപ്പുറം’. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’. കല്യാണിയും ഉണ്ണിയും എന്ന എട്ടു വയസുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക