കൈക്കൂലി കേസില്‍ അറസ്റ്റിലായ രാജസ്ഥാനിലെ എ.എസ്.പി. ദിവ്യ മിത്തലിന് കോടതി ജാമ്യം നിഷേധിച്ചു. പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും എ.എസ്.പിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ അതീവ ഗൗരവമേറിയതാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് പ്രതിയുടെ ജാമ്യഹര്‍ജി കോടതി തള്ളിയത്.

നിരോധിത മരുന്നുകള്‍ പിടിച്ചെടുത്ത സംഭവത്തില്‍ എ.എസ്.പി. ദിവ്യ മിത്തല്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ്. രാജസ്ഥാന്‍ പോലീസിലെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പി (എസ്.ഒ.ജി)ലെ ഉദ്യോഗസ്ഥയാണ് ദിവ്യ. മരുന്നുകള്‍ പിടിച്ചെടുത്ത കേസില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്ബനിയെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനാണ് കൈക്കൂലി ചോദിച്ചതെന്നാണ് ആരോപണം. ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപണമുയര്‍ന്ന മറ്റൊരാളും ദിവ്യയ്‌ക്കൊപ്പം അറസ്റ്റിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി)യാണ് ദിവ്യയെയും ഇടനിലക്കാരനെയും പിടികൂടിയത്. എന്നാല്‍, എ.സി.ബി. കെട്ടിച്ചമച്ച കേസാണിതെന്നായിരുന്നു ദിവ്യയുടെ അഭിഭാഷകന്റെ വാദം. ആദ്യം രണ്ടുകോടി രൂപ കൈക്കൂലി ചോദിച്ചെന്ന് പറഞ്ഞ എ.സി.ബി. പിന്നീട് അമ്ബതുലക്ഷമെന്നാണ് പറഞ്ഞത്. മാത്രമല്ല, സി.ആര്‍.പി.സി. സെക്ഷന്‍ 41 പ്രകാരം ദിവ്യയ്ക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും എ.സി.ബി.യുടേത് കള്ളക്കഥയാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

അതേസമയം, ദിവ്യ മിത്തലിനെതിരേ ശക്തമായ തെളിവുകളുണ്ടെന്നാണ് എ.സി.ബിയുടെ പ്രതികരണം. നിരോധിത മരുന്നുകള്‍ പിടിച്ചെടുത്ത കേസില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനായാണ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്ബനിയില്‍നിന്ന് ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതനുസരിച്ച്‌ മൂന്ന് എഫ്.ഐ.ആറുകളില്‍ രണ്ടെണ്ണത്തില്‍നിന്ന് പ്രതിയുടെ പേര് ഒഴിവാക്കിയിട്ടുണ്ടെന്നും എ.സി.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദിവ്യയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കോളേജ് പഠനത്തിന് ശേഷം 2007-ലാണ് ദിവ്യ മിത്തല്‍ രാജസ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ പാസാകുന്നത്. എന്നാല്‍ ഇതിന്റെ ഫൈനല്‍ ഫലം പിന്നീട് സ്റ്റേ ചെയ്തു. ഒടുവില്‍ 2010-ലാണ് സ്റ്റേ നീങ്ങിയത്. അതേവര്‍ഷം തന്നെ ദിവ്യ മിത്തല്‍ രാജസ്ഥാന്‍ പോലീസ് സര്‍വീസില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക