ചെന്നൈ: നടന്‍ കമല്‍ഹാസന്‍ എംഎല്‍എ ആകുമോ. തമിഴ്‌നാട്ടിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിര്‍ണായക ചര്‍ച്ച ഇതാണ്. കമല്‍ഹാസന്‍ വരാനിരിക്കുന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കണം എന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ച്‌ മുന്നോട്ട് പോകുകയാണ് കമല്‍ഹാസന്‍.വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തില്‍ കമല്‍ഹാസന്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ഈറോഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് വളരെ നിര്‍ണായകമാകുകയാണ്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യത്തിലായിരുന്നു കോണ്‍ഗ്രസ്. ഇടതുപക്ഷവും മുസ്ലിം ലീഗും തമിഴ്‌നാട്ടിലെ ചില പ്രാദേശിക കക്ഷികളും ഈ സഖ്യത്തിലുണ്ടായിരുന്നു. ഈറോഡ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസിനാണ് അന്ന് അനുവദിച്ചത്. കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇവികെഎസ് ഇളങ്കോവന്റെ മകന്‍ തിരുമഹാന്‍ ഇവരാ ആണ് മല്‍സരിച്ചതും ജയിച്ചതും. അദ്ദേഹം അടുത്തിടെ മരിച്ചു. ഇതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫെബ്രുവരി 27നാണ് പോളിങ്. മാര്‍ച്ച്‌ രണ്ടിന് ഫലം അറിയാം. ഇതിനിടെയാണ് ഈറോഡ് ജില്ലാ എംഎന്‍എം കമ്മിറ്റി കമല്‍ഹാസന്‍ മല്‍സരിക്കണം എന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എംഎന്‍എം ജില്ലാ കമ്മിറ്റി നിരവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മൂന്ന് പ്രമേയങ്ങള്‍ പാസാക്കുകയും ചെയ്തു. അതിലൊന്നാണ് കമല്‍ഹാസന്‍ ഈറോഡ് മല്‍സരിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം. പാസാക്കിയ പ്രമേയങ്ങള്‍ കമല്‍ഹാസന് അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമാണ് എല്ലാ തീരുമാനങ്ങളും നിലവില്‍ വരിക.

ഈറോഡ് ഉപതിരഞ്ഞെടുപ്പ് തമിഴ്‌നാട്ടിലെ ഇടക്കാല തിരഞ്ഞെടുപ്പായിട്ടാണ് പരിഗണിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്റ്റാലിന്റെ ഭരണ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് ഫലം എന്നും പറയപ്പെടുന്നു. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് കമല്‍ഹാസന് വഴിമാറിക്കൊടുക്കുമോ എന്നാണ് അറിയേണ്ടത്. ഇളങ്കോവന്റെ കുടുംബം ഇക്കാര്യം സമ്മതിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക