തിരുവനന്തപുരം : പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ മരണമൊഴി അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ചിക്കു എന്ന് വിളിക്കുന്ന അമല്‍ജിത്താണ് (28) ആത്മഹത്യ ചെയ്‌തത്. പൊലീസ് തന്‍റെ മേല്‍ കള്ളക്കേസ് കെട്ടിവച്ച്‌ ജീവിതം നശിപ്പിച്ചു, അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച്‌ അറിയിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് അമല്‍ജിത്തിന്‍റെ ഫോണ്‍ കോള്‍ എത്തിയത്. തന്‍റെ കോള്‍ റെക്കോര്‍ഡ് ചെയ്യണമെന്ന് പറഞ്ഞാണ് അമല്‍ജിത്ത് സംസാരിക്കാന്‍ ആരംഭിച്ചത്. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറാണ് തന്‍റെ മരണത്തിന് ഉത്തരവാദിയെന്നും കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളില്‍ പൊലീസ് തന്നെ മാത്രം പ്രതിയാക്കി എന്നുമായിരുന്നു ആത്മഹത്യയ്ക്ക് മുമ്ബ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച്‌ അറിയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചെയ്യാത്ത കുറ്റത്തിന് താന്‍ 49 ദിവസം ജയില്‍ വാസം അനുഭവിച്ചെന്നും പൊലീസ് കാരണം 17 ദിവസം മാനസികരോഗാശുപത്രിയില്‍ കഴിഞ്ഞുവെന്നും യുവാവ് പറഞ്ഞു. താന്‍ മരിച്ചുപോയാലും കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി എടുക്കണമെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ഫോണ്‍ സംഭാഷണത്തിനിടയില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തന്‍റെ ജീവിതം നശിപ്പിച്ച ശേഷം, തനിക്ക് എതിരെ കള്ളക്കേസെടുത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും പരാതിക്കാരനും സുഖമായി ജീവിക്കുന്നുവെന്നും യുവാവ് ആരോപിച്ചു.

അമല്‍ജിത്ത് ഫോണ്‍ വിളിച്ചതിന് പിന്നാലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിഴിഞ്ഞം പൊലീസിന് സന്ദേശം കൈമാറിയെങ്കിലും ഇയാളുടെ കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് സംഘം വെങ്ങാനൂര്‍ മേഖലയിലെത്തി യുവാവിനെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ ആത്മഹത്യ ചെയ്‌തിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ് പൊലീസുമായി സംസാരിച്ച 8 മിനിറ്റ് വരുന്ന ഫോണ്‍ റെക്കോര്‍ഡിങ് ഇയാള്‍ സുഹൃത്തുക്കള്‍ക്ക് അയച്ച്‌ നല്‍കി. ഒടുവില്‍ പൊലീസ് വീട് കണ്ടെത്തിയപ്പോഴേക്കും യുവാവ് മരണത്തിന് കീഴടങ്ങിയിരുന്നു.

തനിക്ക് പരാതികളുമായി മുന്നോട്ട് പോകാന്‍ സാമ്ബത്തിക ശേഷി ഇല്ലെന്നും താന്‍ മരിച്ച്‌ കഴിഞ്ഞാല്‍ തന്‍റെ മൂന്ന് മക്കളുടെയും സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവരുടെ വിദ്യാഭ്യാസം, ഭക്ഷണം എന്നിവ സര്‍ക്കാര്‍ നോക്കണമെന്നും അറിയിച്ചാണ് യുവാവ് ഫോണ്‍ കട്ട് ചെയ്‌തത്. വിഴിഞ്ഞം പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഇന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റും. സംസ്ഥാനത്തെ പൊലീസുകാര്‍ക്കെതിരെ വ്യാപക നടപടികള്‍ തുടരുന്നതിനിടെയാണ് ഗുരുതരമായ ആരോപണമുന്നയിച്ചുകൊണ്ട് യുവാവ് ആത്മഹത്യ ചെയ്‌തത്. സംഭവത്തില്‍ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക