ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച്‌ 200-ഓളം ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനിടെ എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാന്‍ ആവശ്യപ്പെട്ട് സമരക്കാര്‍. പ്രതിഷേധത്തിന്റെ രണ്ടാം ദിവസത്തിന്റെ ഭാഗമായാണ് വൃന്ദ കാരാട്ട് ഡെല്‍ഹിയിലെ ജന്തര്‍ മന്തറിലെ സമരവേദിയിലെത്തിയത്.’ദയവായി ഇറങ്ങിപ്പോകൂ മാഡം. ഇതിനെ രാഷ്ട്രീയമാക്കരുതെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു. ഇത് കായികതാരങ്ങളുടെ പ്രതിഷേധമാണ്” ടോകിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് ബജ്രംഗ് പുനിയ പറഞ്ഞു.

ലൈംഗികാതിക്രമത്തിനും സ്ത്രീകളെ അപമാനിക്കുന്നതിനും എതിരായ പോരാട്ടത്തിലാണ്. അതിനാല്‍, സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടാന്‍ ഞങ്ങള്‍ ഇവിടെയുണ്ട് എന്ന് സംഭവത്തോട് പിന്നീട് വൃന്ദ കാരാട്ട് പ്രതികരിച്ചു. ഗുസ്തി താരങ്ങള്‍ ഇവിടെ വന്ന് സമരം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും ഏതു പാര്‍ടിയുടെ സര്‍ക്കാരായാലും സ്ത്രീകളുടെ പരാതിയില്‍ നടപടി ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അന്വേഷണം അവസാനിക്കുന്നതുവരെ കുറ്റാരോപിതനായ വ്യക്തിയെ മാറ്റി നിര്‍ത്തണമെന്നും അവര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍കാരിന്റെ ഭാഗത്തുനിന്നെത്തിയ ബിജെപി നേതാവും ഒളിംപ്യനുമായ ബബിത ഫോഗട് സമരക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞാനും ഗുസ്തി താരമായിരുന്നുവെന്ന് പറഞ്ഞ അവര്‍ ബിജെപി സര്‍കാര്‍ ഗുസ്തി താരങ്ങള്‍ക്കൊപ്പമാണെന്നും അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ന് തന്നെ നടപടിയെടുക്കുമെന്ന് ഉറപ്പാക്കും. ഞാനൊരു ഗുസ്തി താരവും സര്‍ക്കാരിന്റെ പ്രതിനിധിയുമായതിനാല്‍ മധ്യസ്ഥത വഹിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും ഇത്തരം സംഭവങ്ങള്‍ എന്റെ കരിയറിനിടയിലും കേട്ടിട്ടുണ്ടെന്നും ബബിത ഫോഗട് പറഞ്ഞു.

ആരോപണങ്ങള്‍ക്ക് 72 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാന്‍ ദേശീയ ഗുസ്തി ഫെഡറേഷനോട് (ഡബ്ല്യുഎഫ്‌ഐ) കായിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ് ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ഒളിംപ്യന്‍ വിനേഷ് ഫോഗട് ആരോപണങ്ങളുമായി പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്.ബജ്രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരുള്‍പ്പെടെ നിരവധി ഗുസ്തി താരങ്ങളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക