പാലാ നഗരസഭയിൽ ജോസ് കെ മാണിയുടെ പിടിവാശിക്ക് കീഴടങ്ങി സിപിഎം. പ്രാദേശിക ഘടകങ്ങൾ കർശന നിലപാട് കൈ കൊണ്ടിട്ടും ജോസ് കെ മാണി വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകാത്തതിനാൽ സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടത്തിന് പകരം സിപിഎം സ്വതന്ത്ര ജോസിൻ ബിനോയെ തങ്ങളുടെ പ്രതിനിധിയായി നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് നിശ്ചയിച്ചത്. അവസാന നിമിഷം വരെ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പത്തരയ്ക്ക് നടക്കേണ്ട തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ സിപിഎം പ്രഖ്യാപിച്ചത് ഒൻപത് മണിക്കാണ്.

സിപിഎം പ്രതിനിധി മുൻ തിരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് സിപിഎം സ്ഥാനാർഥിയോട് പരാജയപ്പെട്ട വ്യക്തിയാണ് ജോസിൻ ബിനോ. സിപിഎം കോട്ടയായ വാർഡിൽ പാർട്ടി ഘടകങ്ങളുടെ എതിർപ്പിനെ അവഗണിച്ച് ജോസ് കെ മാണിയുടെ നോമിനി ആയിട്ടാണ് ഇവർ കഴിഞ്ഞതവണ സ്ഥാനാർത്ഥിത്വം നേടിയത്. കണക്കിൽ സീറ്റ് എണ്ണം ഒപ്പിക്കാൻ സിപിഎം അക്കൗണ്ടിൽ പെടുത്തുകയായിരുന്നു എന്നതാണ് രാഷ്ട്രീയ യാഥാർഥ്യം. കാക്കക്കൂട്ടിൽ കുയിൽ മുട്ടയിടുന്നത് പോലെ കേരള കോൺഗ്രസ് നോമിനിയെ സിപിഎം കെയറോഫിൽ പാലാ നഗരസഭയുടെ അധ്യക്ഷ പദവിയിൽ എത്തിച്ചത് ജോസ് കെ മാണിയുടെ രാഷ്ട്രീയ വിജയമാണ്. എന്നിരുന്നാലും വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിൻറെ സമീപനം പാലാ അസംബ്ലി തിരഞ്ഞെടുപ്പ് കേരള കോൺഗ്രസിന് ബാലികേറാ മലയാക്കും എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ട മറ്റൊരു രാഷ്ട്രീയ യാഥാർത്ഥ്യമാണ്.

പിന്നിൽ വർഗീയതയും?

പാലാ നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി ക്രൈസ്തവ വിഭാഗത്തിൽ നിന്നല്ലാത്ത ഒരു അധ്യക്ഷൻ എത്തുന്ന സാഹചര്യം കൂടിയാണ് അവസാന നിമിഷം മാറിപ്പോയത്. അഡ്വ. ബിനു പുളിക്കകണ്ടം പ്രമുഖ നായർ കുടുംബത്തിലെ അംഗമാണ്. അദ്ദേഹത്തെ അംഗീകരിക്കാതിരുന്നതോട് കൂടി വീണ്ടും ഒരു ക്രൈസ്തവ സമുദായ അംഗം നഗരസഭ അധ്യക്ഷ പദവിയിലേക്ക് എത്തുന്നതിനു കൂടി ജോസ് കെ മാണി വഴിയൊരുക്കിയിരിക്കുന്നു എന്നും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വിലയിരുത്തപ്പെടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക