പാലായിൽ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം നിർദ്ദേശിച്ച അവരുടെ പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടത്തിലിനെയാണ്. എന്നാൽ ഒരു കാരണവശാലും ഇത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാട് ജോസ് കെ മാണി ആദ്യഘട്ടത്തിൽ എടുത്തു. എന്നാൽ തങ്ങളുടെ പ്രതിനിധിയെ നിശ്ചയിക്കുന്നതിൽ ഘടകകക്ഷി ഇടപെടൽ രാഷ്ട്രീയ മര്യാദയല്ല എന്ന നിലപാടാണ് സിപിഎം എടുത്തത്.

വിഷയത്തിൽ സിപിഎം പ്രാദേശിക നേതൃത്വം കടുത്ത നിലപാട് തുടർന്നതോടെ പാലായിലെ പ്രാദേശിക പ്രശ്നം മാത്രമാണെന്ന് നിലപാടിൽ ജോസ് കെ മാണിയും പരസ്യ പ്രതികരണം നടത്തി. സിപിഎം ആരെ നിശ്ചയിച്ചാലും അംഗീകരിക്കുമെന്ന് കേരള കോൺഗ്രസ് ജില്ലാ നേതാക്കളും വ്യക്തമാക്കി. എന്നാൽ ഇതിനു തൊട്ടു പിറകെ കേരള കോൺഗ്രസ് കേന്ദ്രങ്ങൾ പ്രമുഖ വാർത്താ ചാനലുകൾ വഴി ഒരു വീഡിയോ ദൃശ്യം പുറത്തുവിടുകയായിരുന്നു. സിപിഎം ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ അഡ്വ. ബിനു പുളിക്കകണ്ടം കേരള കോൺഗ്രസ് കൗൺസിലർ ബൈജു കൊല്ലംപറമ്പിലിനെ കൗൺസിൽ ഹാളിൽ വച്ച് മർദ്ദിക്കുന്ന രംഗങ്ങൾ ആണ് വീഡിയോയിൽ ഉണ്ടായിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുറത്തുവിട്ടത് അസംബ്ലി തെരഞ്ഞെടുപ്പ് കാലത്ത് കേരള കോൺഗ്രസ് തന്നെ മുക്കിയ വീഡിയോ

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് കാലത്ത് നഗരസഭ കൗൺസിൽ യോഗം ചേർന്ന സമയത്താണ് സിപിഎം കേരള കോൺഗ്രസ് കൗൺസിലർമാർ തമ്മിൽ കൗൺസിൽ ഹാളിനുള്ളിൽ കയ്യാങ്കളി ഉണ്ടായത്. ബിനു പുളിക്കകണ്ടവും, ബൈജു കൊല്ലംപറമ്പിലും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ബൈജുവിന്റെ പ്രകോപനപരമായ പരാമർശത്തിന് പിന്നാലെ ബിനു ബൈജുവിനെ മർദ്ദിക്കുകയും ആയിരുന്നു. അന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ പ്രകോപനപരമായി സംസാരിക്കുന്ന ബൈജുവിനെ താടിയിൽ തട്ടി ബിനു അകറ്റുന്നതും ബൈജു തൊട്ടുപിന്നാലെ ബിനുവിന്റെ കാരണത്തടിക്കുന്നതും ആയിരുന്നു. പിന്നീട് അമ്മേ, അമ്മേ എന്ന് നിലവിളിച്ച് ബൈജു വലിയ വായിൽ കരയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇതിനിടയ്ക്ക് തന്നെ കാരണത്തടിച്ച ബൈജുവിനെ ബിനു തല്ലി വീഴ്ത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിപിഎം കേരള കോൺഗ്രസ് നേതാക്കൾ പത്രസമ്മേളനം നടത്തി കയ്യാങ്കളി ഉണ്ടായിട്ടില്ല എന്നാണ് അന്ന് പറഞ്ഞത്. ജോസ് കെ മാണിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കാതിരിക്കാൻ കേരള കോൺഗ്രസ് കേന്ദ്രങ്ങൾ തന്നെ മുക്കിയ ദൃശ്യങ്ങളാണ് ഇപ്പോൾ രാഷ്ട്രീയ പകപോക്കലിനു വേണ്ടി അവർ തന്നെ പുറത്തു വിട്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക