സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോയത്‌ ആശ്വാസമായെങ്കിലും ജോസ്‌ കെ. മാണിക്കു പുതിയ കുരുക്കായി വിഴിഞ്ഞം വിവാദം. തുറമുഖവിരുദ്ധസമരത്തിന്റെ പേരില്‍ ബിഷപ്പിനും വൈദികര്‍ക്കുമെതിരേ കേസെടുത്തതാണു ഭരണമുന്നണിയില്‍പ്പെട്ട കേരളാ കോണ്‍ഗ്രസ്‌ (എം) നേതൃത്വത്തെ വെട്ടിലാക്കിയത്‌. സര്‍ക്കാര്‍ നടപടിക്കെതിരേ കത്തോലിക്കാ സഭയ്‌ക്കു പിന്നാലെ, ഇതര ക്രൈസ്‌തവ വിഭാഗങ്ങളും രംഗത്തുവന്നതോടെയാണു ജോസ്‌ വിമര്‍ശനമുന്നയിക്കാന്‍ നിര്‍ബന്ധിതനായത്‌.

സില്‍വര്‍ ലൈനിനെതിരേ ക്രൈസ്‌തവസഭകള്‍ രംഗത്തുവന്നപ്പോഴും വെട്ടിലായതു ജോസായിരുന്നു. സിൽവർ ലൈനിന് എതിരെ കോട്ടയം ജില്ലയിൽ അടക്കം പ്രതിഷേധം ശക്തമായപ്പോൾ ക്രൈസ്തവ സഭകൾ പ്രതിപക്ഷത്തിനോട് ചേർന്ന് നിന്നാണ് സമരമുഖത്ത് എത്തിയത്. കേരളാ കോണ്‍ഗ്രസുകളുടെ പ്രധാന വോട്ട് ബാങ്കുകളിൽ ചോർച്ച ഉണ്ടാകുമെന്ന തിരിച്ചറിവ് ജോസ് കെ മാണിക്കും കേരള കോൺഗ്രസുകൾക്കും പ്രതിസന്ധി ആകുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ മെല്ലപ്പോക്കിനെതിരേ കത്തോലിക്കാസഭ രംഗത്തുവന്നതോടെ ഇക്കാര്യത്തില്‍ ഒറ്റയ്‌ക്കു പോരാടാന്‍ കേരളാ കോണ്‍ഗ്രസ്‌ (എം) തീരുമാനിച്ചിരുന്നു. ബഫര്‍ സോണ്‍ വനമേഖലയ്‌ക്കുള്ളില്‍ത്തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട്‌ പാര്‍ട്ടി നേതൃത്വം കേന്ദ്ര ഉന്നതാധികാരസമിതിയെ സമീപിച്ചിരിക്കുകയാണ്‌. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പുനഃപരിശോധനാഹര്‍ജി നല്‍കിയെങ്കിലും ഉന്നതാധികാരസമിതിയെ സമീപിച്ചിട്ടില്ല.

ഇടതുമുന്നണിയിൽ തുടരുന്നത് കൊണ്ട് ഇങ്ങനെ നിരവധിയായ വിഷയങ്ങളിൽ തുടർച്ചയായി കേരള കോൺഗ്രസ് പ്രതിരോധത്തിൽ ആകുകയാണ്. സർക്കാരിന്റെ പ്രതിച്ഛായ ദിനംപ്രതി നഷ്ടപ്പെടുന്നതും കേരള കോൺഗ്രസിൻറെ പരമ്പരാഗത വോട്ട് ബാങ്കുകളിൽ കോൺഗ്രസ് കടന്നുകയറ്റം നടത്തുന്നതും രാഷ്ട്രീയ നിലനിൽപ്പിനെ ബാധിക്കും എന്ന് തിരിച്ചറിവ് ഉന്നത നേതൃത്വത്തിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നണിക്കുള്ളിൽ നിന്ന് ശക്തമായ എതിർ സ്വരങ്ങൾ പ്രകടിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന സ്ഥിതിയിലാണ് ഇപ്പോൾ ജോസ് കെ മാണി. ഉരിത്തിരിയുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ അനുകൂലമായാൽ മുന്നണി മാറ്റം തന്നെ ആലോചിച്ചു കൂടായ്കയില്ല എന്നും കേരള കോൺഗ്രസ് ഉന്നത വൃത്തങ്ങളിൽ സംസാരമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക